മദ്യലഹരിയില്‍ നടുറോഡില്‍ സ്ത്രീകളുടെ പരാക്രമം; കണ്ണംകരയില്‍ ഇത് നിത്യ സംഭവമെന്ന് നാട്ടുകാര്‍

പത്തനംതിട്ട കണ്ണംകരയില്‍ മദ്യപിച്ച് ഇതരസംസ്ഥാനക്കാരായ സ്ത്രീകള്‍ നടുറോഡില്‍ തമ്മില്‍ത്തല്ലി. ഇന്നലെ രാത്രി പത്തനംതിട്ട കണ്ണംകരയിലായിരുന്നു നാട്ടുകാരെയും പൊലീസിനെയും വട്ടംകറക്കി സംഘര്‍ഷം അരങ്ങേറിയത്. മദ്യലഹരിയിലായ സ്ത്രീകള്‍ പരസ്പരം ആക്രമിക്കുകയും റോഡ് ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു.
സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാതെ വന്നതോടെ നാട്ടുകാര്‍ വിവരം പത്തനംതിട്ട പൊലീസില്‍ അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സ്ത്രീകളെ അറസ്റ്റ് ചെയ്ത് നീക്കി. കണ്ണംകര മേഖലയില്‍ ലഹരി ഉപയോഗവും തുടര്‍ന്നുള്ള സംഘര്‍ഷങ്ങളും നിത്യസംഭവമായി മാറുകയാണ്. പലപ്പോഴും ഇടപെടാന്‍ ഭയമാണെന്നും പൊലീസിന്റെ കര്‍ശനമായ നിരീക്ഷണം ഭാഗത്ത് വേണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം. അവധി ദിവസങ്ങളില്‍ പ്രത്യേക പട്രോളിംഗ് വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
സിപിഎം ജില്ലാ കമ്മിറ്റി ഓഫീസ് ഉള്‍പ്പെടെ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ പ്രധാന മേഖലയായ കണ്ണംകരയിലാണ് സംഭവം നടന്നത്. ഇതരസംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇവിടെ അവധി ദിവസങ്ങളില്‍ മദ്യപിച്ചുള്ള അടിപിടി പതിവാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുന്‍പ് പുരുഷന്മാര്‍ക്കിടയിലായിരുന്നു സംഘര്‍ഷമെങ്കില്‍ ഇപ്പോള്‍ സ്ത്രീകളും സമാനമായ രീതിയില്‍ പ്രശ്‌നമുണ്ടാക്കുന്നത് പ്രദേശവാസികളെ ആശങ്കയിലാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha
























