ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി ബ്രിട്ടനിലെ ഓക്‌സ്ഫണ്ട് യൂണിവേഴ്‌സിറ്റി

ലോകത്തെ ഏറ്റവും മികച്ച യൂണിവേഴ്‌സിറ്റി എന്ന പദവി തുടര്‍ച്ചയായി നാലാം തവണയും ബ്രിട്ടനിലെ ഓക്‌സ്ഫണ്ട് യൂണിവേഴ്‌സിറ്റി സ്വന്തമാക്കി. എന്നാല്‍ ആദ്യ 300 യുണിവേഴ്‌സിറ്റികളുടെ പട്ടികയില്‍ പോലും ഇന്ത്യ ഇടം നേടിയിട്ടില്ല. ടൈംസ് ഹയര്‍ എജുക്കേഷന്‍ പുറത്തുവിട്ട വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്‌സില്‍ ഇത്തവണയും യൂറോപ്യന്‍, നോര്‍ത്ത് അമേരിക്കന്‍ യൂണിവേഴ്‌സിറ്റികള്‍ക്കു തന്നെയാണ് മേധാവിത്വം പുലര്‍ത്തിയിരിക്കുന്നത്.
ഇന്ത്യന്‍ യൂണിവേഴ്‌സിറ്റികളില്‍ ഇതുവരെ മുന്‍പന്തിയിലായിരുന്ന ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സസ് 50 സ്ഥാനം പിന്നിലേക്കുപോയി. ഇപ്പോള്‍ 301-350 റാങ്കുകള്‍ക്കിടെയാണ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സിന്റെ സ്ഥാനം. ഇതിനു തൊട്ടുപിന്നിലുണ്ടായിരുന്ന ഐഐടി റോപര്‍, ഐഐടി ഇന്‍ഡോര്‍ എന്നീ സ്ഥാപനങ്ങള്‍ ഏറെ പിന്നിലേക്കുപോയി. മുംബൈ, ഡല്‍ഹി, ഖരഗ്പൂര്‍ ഐഐടികള്‍ 400നും 500 നുമിടയിലെ റാങ്കുകളിലാണ്.
ലോകത്തെ 1,300ലേറെ യൂണിവേഴ്‌സിറ്റികളുടെ 13 സൂചകങ്ങള്‍ വിലയിരുത്തിയാണു പട്ടിക തയ്യാറാക്കിയത്. അധ്യാപനത്തിലെ മികവ്, ഗവേഷണം, വരുമാനം, അന്താരാഷ്ട്ര പ്രതിഛായ എന്നിവയാണ് സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുന്നത്. കഴിഞ്ഞ തവണ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കാംബ്രിജ് യൂണിവേഴ്‌സിറ്റിയെ പിന്തള്ളി കാലിഫോണിയ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി ഇക്കുറി രണ്ടാമതെത്തി. യുകെയ്ക്കും നോര്‍ത്ത് അമേരിക്കയ്ക്കും പുറത്ത് ആദ്യ ഇരുപതില്‍ ഇടംപിടിച്ച ഏക രാജ്യം സ്വിറ്റ്‌സര്‍ലന്റ് ആണ്. ഇടിഎച്ച് സൂറിച്ച് ആണ് 13ാം സ്ഥാനത്തേക്ക് കയറി ഈ നേട്ടം സ്വന്തമാക്കിയത്.
ആദ്യ 200ല്‍ പകുതിയോളവും യൂറോപ്പില്‍ നിന്നാണ്. ഏറ്റവും കൂടുതല്‍ മികച്ച യൂണിവേഴ്‌സിറ്റികള്‍ ഉള്ളത് അമേരിക്കയിലാണ്. ആദ്യ 200ല്‍ 60 എണ്ണം അമേരിക്കയില്‍ നിന്നുള്ളവയാണ്.യൂറോപ്പിന്റെ മേധാവിത്വം തുടരുന്നുവെങ്കിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളില്‍ നിന്ന് കാര്യമായ വെല്ലുവിളി ഉയരുന്നുണ്ടെന്ന് ടൈംസ് ഹയര്‍ എജുക്കേഷന്‍ റാങ്കിങ് എഡിറ്റര്‍ എല്ലി ബോത്ത്‌വെല്‍ പറഞ്ഞു.
ഇത്തവണ ആദ്യമായി ബംഗ്ലാദേശ്, ബ്രൂണോ, ക്യൂബ, മാള്‍ട്ട, മോണ്ടിനെഗ്രോ, പ്യൂര്‍ട്ടോ റിക്കോ, വിയറ്റ്‌നാം എന്നീ ഏഴ് രാജ്യങ്ങളെക്കൂടി പരിശോധനാ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇറാന്‍ ഇക്കാര്യത്തില്‍ കാര്യമായ മുന്നേറ്റം നടത്തി. ഇറാനില്‍ നിന്നുള്ള 40 യൂണിവേഴ്‌സിറ്റികള്‍ പട്ടികയില്‍ ഇടംനേടി.മിഡില്‍ ഈസ്റ്റില്‍ നിന്ന് ആദ്യ 200ല്‍ എത്തിയ ഏക രാജ്യം ഇസ്രായേല്‍ മാത്രമാണ്. തെല്‍ അവീവ് യൂണിവേഴ്‌സിറ്റി 189ാം സ്ഥാനം നേടി.
https://www.facebook.com/Malayalivartha