വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും ഗര്‍ഭച്ഛിദ്രം നടത്തിയെന്നും ആരോപിച്ച് മൊറോക്കോയില്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് ജയില്‍വാസം
മൊറോക്കോയിലെ അക്ബര്‍ അല്‍-യും പത്രത്തിലെ മാധ്യമ പ്രവര്‍ത്തക ഹജര്‍ റസൂനിക്കും പ്രതിശ്രുത വരനായ അല്‍ അമീനും വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്നും ഗര്‍ഭച്ഛിദ്രം നടത്തിയെന്നും ആരോപിച്ച് ഒരു വര്‍ഷത്തേക്ക് തടവുശിക്ഷ ലഭിച്ചു. എന്നാല്‍ തടവ് ശിക്ഷക്കെതിരെ പ്രതിഷേധവുമായി നിരവധി പേര് രംഗത്തെത്തി. ചെയ്യാത്ത കുറ്റത്തിനാണ് തന്നെ ശിക്ഷിച്ചതെന്നും രക്തസ്രാവവുമായി ബന്ധപ്പെട്ടാണ് ഗൈനക്കോളജിസ്റ്റിനെ കണ്ടതെന്നും റസൂനി പറയുന്നു.
ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് സൃഹൃത്തിന്റെ വീട്ടില്‍ വെച്ചാണ് എന്ന ആരോപണത്തെയും ഹജര്‍ റസൂനി നിഷേധിച്ചു. പ്രതിശ്രുത വരന് യാത്ര പോയ സമയത്ത് വളര്‍ത്തു നായയെ പരിപാലിക്കാനാണ് ആ വീട്ടില്‍ പോയതെന്നും ഹജര്‍ വ്യക്തമാക്കി. ഹജറിനെ ചികില്‍സിച്ച ഗൈനക്കോളജിസ്റ്റിനെയും രണ്ട് വര്‍ഷത്തേക്ക് ശിക്ഷിച്ചിട്ടുണ്ട്.
ഹജറിന്റെ അറസ്റ്റിനെതിരെ ആക്ടിവിസ്റ്റുകള്‍ രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാറിനെ വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ സര്‍ക്കാര്‍ പകപോക്കുകയാണെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. മൊറോക്കോ നിയമപ്രകാരം വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും ഗര്‍ഭച്ഛിദ്രവും ക്രിമിനല്‍ കുറ്റമാണ്.
https://www.facebook.com/Malayalivartha