ആമസോണ്‍ മഴക്കാടുകള്‍ക്കു കാവല്‍ നിന്ന ആദിവാസി യുവാവിനെ വനം കൊള്ളക്കാര്‍ വെടിവച്ചുകൊന്നു
വനം കൊള്ളക്കാരുടെ അതിക്രമങ്ങളില്‍ നിന്നും കാടിനേയും വനവിഭവങ്ങളേയും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരായ ഗാര്‍ഡിയന്‍സ് ഓഫ് ദ ഫോറസ്റ്റ് സംഘത്തില്‍ ഉള്‍പ്പെട്ട, ആമസോണിന്റെ കാവല്‍ക്കാരനായ ഒരു യുവാവിനെ വനംകൊള്ളക്കാര്‍ വെടിവച്ചുകൊന്നു.
ബ്രസീലിലെ ആമസോണ്‍ മഴക്കാടുകള്‍ക്കു കാവല്‍ നില്ക്കുന്ന ആദിവാസി വിഭാഗത്തിലെ യുവാവിനെയാണ് സംഘം ആക്രമിച്ചത്. ഗുവാജജാറ ഗോത്രവിഭാഗ പോരാളിയായ പൗലോ പൗലിനോ ഗുവാജജാറയാണു (26) തലയ്ക്കു വെടിയേറ്റു കൊല്ലപ്പെട്ടത്.
അരാരിബോയ വനത്തില്‍ അതിക്രമിച്ചുകടക്കുന്ന മരംവെട്ടുകാരും വേട്ടക്കാരും ഉള്‍പ്പെട്ട കൊള്ളസംഘങ്ങളെ ചെറുക്കാന്‍ ജീവിതം സമര്‍പ്പിച്ച ആദിവാസി പോരാളികളുടെ നേതാവായിരുന്നു. ഗോത്ര നേതാവ് ലേര്‍സിയോ ഗുവാജജാറയ്ക്കും വെടിവയ്പില്‍ പരുക്കേറ്റു. ജൈര്‍ ബോല്‍സെനാരോ ബ്രസീല്‍ പ്രസിഡന്റായി അധികാരമേറ്റതിനുശേഷം കാട്ടുകൊളളക്കാരുടെ ആക്രമണം വര്‍ധിച്ചതായാണു കണക്കുകള്‍.
ആമസോണ്‍ മഴക്കാടുകളെ സംരക്ഷിക്കുന്നതില്‍ അദ്ദേഹത്തിന്റെ അനാസ്ഥ അടുത്തിടെയുണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. 2012-ല്‍ രൂപം കൊണ്ട ആമസോണ്‍ ഗോത്രവര്‍ഗക്കാരായ കാവല്‍സംഘത്തില്‍ 120 പോരാളികളാണുള്ളത്. കാടിനെയും ഗോത്രവിഭാഗക്കാരെയും സംരക്ഷിക്കുകയാണു ലക്ഷ്യം.
https://www.facebook.com/Malayalivartha