പതിമൂന്ന് വർഷമായി 24,000ൽ അധികം കത്തുകൾ വിതരണം ചെയ്യാതെ വീട്ടിൽ സൂക്ഷിച്ച മുൻ പോസ്റ്റുമാൻ അറസ്റ്റിൽ; വിതരണം ചെയ്യാതിരുന്നത് ഇത്രയധികം സാധനങ്ങൾ നൽകാനുള്ള ബുദ്ധിമുട്ടുകൊണ്ട്

അനേകം വർഷമായി കത്തുകൾ വിതരണം ചെയ്യാതെ വീട്ടിൽ സൂക്ഷിച്ച മുൻ പോസ്റ്റ്മാൻ അറസ്റ്റിൽ. 13 വർഷമായി വിതരണം ചെയ്യാത്ത കത്തുകളായിരുന്നു ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തത്. ജപ്പാനിലെ കനഗാവയിലാണ് സംഭവം നടന്നത്. അറസ്റ്റിലായ പോസ്റ്റുമാന് കോടതിയിൽ വിചാരണ നേരിടേണ്ടി വരും. കുറ്റം തെളിയിക്കപ്പെട്ടാൽ, മൂന്ന് ലക്ഷം രൂപ പിഴയും മൂന്ന് വർഷം തടവും ശിക്ഷയായി വിധിക്കും. 2003 മുതൽ 61കാരനായ പോസ്റ്റുമാൻ ആവശ്യക്കാർക്ക് പോസ്റ്റ് ഉരുപ്പടികൾ കൈമാറിയിരുന്നില്ല എന്ന്പോലീസ് വെളിപ്പെടുത്തുന്നു. ഇത്രയധികം സാധനങ്ങൾ വിതരണം ചെയ്യുന്നത് ബുദ്ധിമുട്ടായത് കൊണ്ടാണ് താൻ ഇതെല്ലാം വീട്ടിൽ സൂക്ഷിച്ചതെന്ന് ഇയാൾ കുറ്റസമ്മതം നടത്തി.
യോകോഹാമയിലെ ഒരു പോസ്റ്റോഫീസ് ബ്രാഞ്ചിന്റെ ഡെലിവറി ഹെഡ് ആയിരുന്നു പിടിയിലായ പോസ്റ്റുമാൻ. ഇയാളുടെ കനഗാവയിലെ അപ്പാർട്മെന്റിൽ നിന്നാണ് ആവശ്യക്കാർക്ക് എത്തിക്കേണ്ട കത്തുകൾ ഉൾപ്പടെ 24,000 ഉരുപ്പടികൾ കണ്ടെത്തിയത്. ജപ്പാനിലെ തപാൽവകുപ്പ് നടത്തിയ ഇന്റേണൽ ഓഡിറ്റിനിടെ തകരാറുണ്ടെന്ന് സംശയമുണ്ടായതിനെ തുടർന്ന് അധികൃതർ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടിരുന്നു. എന്നാൽ ഇതിനു ശേഷം 2017 ഫെബ്രുവരി മുതൽ 2018 നവംബർ വരെ ആയിരത്തിലധികം തപാൽ ഉരുപ്പടികൾ ഓഫീസിൽ നിന്നും കാണാതായതായി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ മുൻ പോസ്റ്റുമാന്‍റെ അപ്പാർട്ട്മെന്‍റിൽ നിന്ന് സാധനങ്ങൾ കണ്ടെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha