'കൊറോണ ബാധിച്ചാൽ മൃതദേഹത്തിനു ജീവൻവച്ചതു പോലെ' ; സോഷ്യൽ മീഡിയയിലെ പ്രചരണങ്ങൾക്കു മലേഷ്യയുടെ മറുപടി ; കൊറോണ ആരെയും സോംബിയാക്കില്ല

കൊറോണ ബാധിച്ചാൽ മൃതദേഹത്തിനു ജീവൻവച്ചതു പോലെയായിരിക്കും നിങ്ങളുടെ അവസ്ഥ..’ അതായതു സോംബിയെ പോലെ.ഇത് ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന ഒന്നാണ് . ഈ പ്രചരണങ്ങൾക്കു ഒടുവിൽ മലേഷ്യൻ സർക്കാരിന്റെ മറുപടി. കൊറോണ ആരെയും സോംബിയാക്കില്ല. രോഗം ബാധിച്ചാലും അതിൽ നിന്നു മുക്തി നേടാനും സാധിക്കും– മലേഷ്യൻ ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. രാജ്യത്തു കൊറോണ ബാധിച്ച് ഇതുവരെ ആരും മരിച്ചിട്ടില്ലെന്നും സർക്കാർ അറിയിച്ചു.
എട്ടു പേർക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെല്ലാവരും ചൈനയിൽ നിന്നെത്തിയവരാണ്. തദ്ദേശീയർക്ക് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കൊറോണ ബാധിച്ചു പലരും മരിച്ചതായും രോഗബാധയേൽക്കുന്നവരുടെ എണ്ണമേറുന്നതായും സമൂഹമാധ്യമങ്ങളിൽ പ്രചാരണമുണ്ടായിരുന്നു. വ്യജപ്രചാരണത്തിന് ആറു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ ഒരാൾ ഇരുപത്തിയെട്ടുകാരിയാണ്.
‘ആശയവിനിമയ സംവിധാനങ്ങൾ തെറ്റായി ഉപയോഗിച്ചതിനാണ്’ ഇവർക്കെതിരെ കേസെടുത്ത് ഇക്കഴിഞ്ഞ വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. കുറ്റം തെളിയിക്കപ്പെട്ടാൽ ഏകദേശം 8.7 ലക്ഷം രൂപ പിഴശിക്ഷയായി നൽകേണ്ടിവരും. ഒരു വർഷത്തെ തടവു ശിക്ഷയ്ക്കും സാധ്യതയുണ്ട്. ചിലപ്പോൾ രണ്ടും ഒരുമിച്ച് അനുഭവിക്കേണ്ടിയും വരും.
അതിനിടെ ചൈനയ്ക്കു പുറത്തുള്ള ആദ്യ കൊറോണ മരണം ഫിലിപ്പീൻസിൽ സ്ഥിരീകരിച്ചു. ഇതോടെ മരണസംഖ്യ 305ലേക്ക് ഉയർന്നു. ചൈനയിൽ നിന്നു വരുന്ന വിദേശികൾ ഉൾപ്പെടെ എല്ലാവർക്കും ഇറാഖ് പ്രവേശനം നിഷേധിച്ചു. ഇന്തൊനീഷ്യയും സമാനമായ നീക്കം നടത്തിയിട്ടുണ്ട്. ചൈനയിൽ 14 ദിവസം താമസിച്ചവർക്കാണ് പ്രവേശനവിലക്ക്. ഇന്തൊനീഷ്യയിൽ ഇതുവരെ കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ബുധനാഴ്ച മുതൽ ചൈനയിലേക്കും തിരികെയുമുള്ള എല്ലാ വിമാനസർവീസുകളും ഇന്തൊനീഷ്യ നിർത്തിവയ്ക്കും.
ചൈനീസ് പൗരന്മാർക്കും ചൈനയിൽ താമസിക്കുന്ന വിദേശികൾക്കുമുള്ള ഓൺലൈൻ വീസ സേവനം ഇന്ത്യയും താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. ചൈനയിൽ നിന്നെത്തുന്നവർക്ക് വീസ ഓൺ അറൈവൽ സേവനം ബംഗ്ലദേശ് റദ്ദാക്കി. രാജ്യത്തെ വിവിധ പദ്ധതികൾക്കു ചൈനയിൽ നിന്ന് ആളെയെത്തിക്കുന്നതും തൽക്കാലത്തേക്കു നിർത്തിവച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha























