കോടികളിറക്കി ചൈന; കൊറോണ വൈറസ് സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു പിന്നാലെ രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നു കരകയറ്റാനും ശ്രമങ്ങളുമായി ചൈന

കൊറോണ വൈറസ് സൃഷ്ടിച്ച ആരോഗ്യ അടിയന്തരാവസ്ഥയ്ക്കു പിന്നാലെ രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥയില്‍ നിന്നു കരകയറ്റാനും ശ്രമങ്ങളുമായി ചൈന. ഹ്യുബെ പ്രവിശ്യയിലെ വുഹാന്‍ നഗരത്തിലുള്ള ചന്തയില്‍ പൊട്ടിപ്പുറപ്പെട്ട വൈറസ് ഇതിനോടകം 305 പേരുടെ ജീവനെടുത്തു. വൈറസിനെ ഫലപ്രദമായി തടയാന്‍ എല്ലാ നടപടിയും സ്വീകരിച്ചെന്ന ചൈനയുടെ വാക്കുകേട്ട് ആദ്യ ആഴ്ചകളില്‍ മടിച്ചു നിന്നെങ്കിലും ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയും നിര്‍ബന്ധിതരായി. അതിനിടെ ചൈനയ്ക്കു പുറത്ത് ഇതാദ്യമായി, ഫിലിപ്പീന്‍സില്‍, കൊറോണ മരണം റിപ്പോര്‍ട്ട് ചെയ്തതോടെ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലാണു രാജ്യം.
ഫിലിപ്പീന്‍സിലെത്തിയ ചൈനയില്‍ നിന്നുള്ള നാല്‍പത്തിനാലുകാരനാണു മരിച്ചത്. ഇതോടെ പല രാജ്യങ്ങളും ചൈനയില്‍ നിന്നുള്ളവര്‍ക്കു നേരെ വാതില്‍ കൊട്ടിയടയ്ക്കുകയാണ്. ഇന്തൊനീഷ്യയും വിയറ്റ്‌നാമും ഇറാനും ചൈനയിലേക്കും തിരികെയുമുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി. ഇറാഖ് ഇതിനോടകം ചൈനക്കാര്‍ക്കു പ്രവേശനം നിഷേധിച്ചുകഴിഞ്ഞു. ബംഗ്ലദേശും ഇന്ത്യയും ഉള്‍പ്പെടെ ചൈനയില്‍നിന്നുള്ള 'വരവിന്' ഭാഗികമായി തടയിടുകയാണ്. വൈറസ്ബാധ ഇപ്പോഴും സങ്കീര്‍ണവും ഗുരുതരവുമാണെന്ന് ഇന്നലെ ഹ്യുബെ വൈസ് ഗവര്‍ണര്‍ ഷിയാവോ ജുഹ്വ തന്നെ വ്യക്തമാക്കി.
ഡിസംബര്‍ ഒന്നിനും ജനുവരി 25നും ഇടയ്ക്ക് വുഹാനില്‍ മാത്രം ഏകദേശം 75,000 പേര്‍ക്ക് വൈറസ് ബാധയേറ്റിട്ടുണ്ടാകാമെന്ന ഗവേഷക റിപ്പോര്‍ട്ട് ഹോങ്കോങ് സര്‍വകലാശാല മെഡിക്കല്‍ വിഭാഗം പുറത്തുവിട്ടതും ആശങ്കയുളവാക്കുന്നു. വൈറസ് ഭീഷണി കാരണം, ചൈനീസ് വിദേശകാര്യമന്ത്രാലയത്തിന്റെ വാരാന്ത്യ വാര്‍ത്താസമ്മേളനം പോലും ഒഴിവാക്കി, പകരം മന്ത്രി ഓണ്‍ലൈനായിട്ടാണു മാധ്യമങ്ങളെ കണ്ടത്.
രാജ്യാന്തരതലത്തിലെ യാത്രാവിലക്കിനൊപ്പം ആഭ്യന്തര വിപണിയിലെ അടച്ചുപൂട്ടലുകളുമായതോടെയാണു സാമ്പത്തികനിലയ്ക്കു തട്ടുകേടേല്‍ക്കാതെ ഭദ്രമാക്കാനുള്ള ശ്രമം ചൈന ആരംഭിച്ചത്. രാജ്യത്ത് 14,380 പേര്‍ക്കാണ് ഇതിനോടകം കൊറോണ സ്ഥിരീകരിച്ചിരിക്കുന്നത്. ശനിയാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 3100 പേര്‍ക്ക്. രോഗികളുടെ എണ്ണത്തില്‍ ഇന്നേവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും വലിയ കുതിച്ചുകയറ്റമായിരുന്നു അത്. 24 രാജ്യങ്ങളിലായി ഇതിനോടകം 171 പേര്‍ക്കു രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെ മിക്ക രാജ്യങ്ങളും തങ്ങളുടെ പൗരന്മാരെ ചൈനയില്‍ നിന്നു തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ്. ചൈനയിലേക്കുള്ള യാത്ര ഇന്ത്യ വിലക്കിക്കഴിഞ്ഞു. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചെങ്കിലും ചൈനയിലേക്കു യാത്രാവിലക്കോ വ്യാപാരവിലക്കോ ആവശ്യമില്ലെന്നാണ് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha























