മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് അന്തരിച്ചു

മുന്‍ ഈജിപ്ഷ്യന്‍ പ്രസിഡന്റ് ഹുസ്‌നി മുബാറക് (91) അന്തരിച്ചു. ഈജിപ്തിലെ നാലാമത്തെ പ്രസിഡന്റായ ഹുസ്‌നി മുബാറക്, രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. 1981 മുതല്‍ 2011 വരെ പ്രസിഡന്റായി തുടര്‍ന്നു.
ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്നു 2011-ല്‍ മുബാറക്ക് സ്ഥാനഭ്രഷ്ടനാക്ക പ്പെട്ടതോടെയാണ് മുപ്പതുവര്‍ഷത്തെ സ്വേച്ഛാധിപത്യത്തിന് അന്ത്യമായത്.
അഴിമതി മുതല്‍ കൊലപാതകം വരെയുള്ള കുറ്റങ്ങള്‍ ചുമത്തി 2012-ല്‍ വിചാരണക്കോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. സ്ഥാനഭ്രഷ്ടനായി രണ്ടു മാസങ്ങള്‍ക്കുശേഷം 2011 ഏപ്രിലിലാണു മുബാറക് അറസ്റ്റിലായത്. തുടര്‍ന്നു ജയിലിലും ദക്ഷിണ കയ്‌റോയിലെ സൈനിക ആശുപത്രിയിലുമമായി കനത്ത കാവലില്‍ കഴിയുകയായിരുന്നു.
മുബാറക്കിനെ 2011 ഓഗസ്റ്റില്‍ സ്ട്രെച്ചറില്‍ കിടത്തി, കൂട്ടിലടച്ച നിലയില്‍ കോടതിയിലെത്തിച്ചത് ഈജിപ്ത് ടിവി സംപ്രേഷണം ചെയ്തിരുന്നു. എന്നാല്‍, പുനര്‍വിചാരണയ്ക്ക് ഉത്തരവിട്ട അപ്പീല്‍ കോടതി രണ്ടുവര്‍ഷത്തിനു ശേഷം അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. പ്രക്ഷോഭകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഹുസ്‌നി മുബാറക് നിരപരാധിയാണെന്നു രാജ്യത്തെ പരമോന്നത കോടതി വിധിച്ചതോടെ 2017-ല്‍ അദ്ദേഹത്തെ വിട്ടയച്ചിരുന്നു.
സൈനിക അക്കാദമിയില്‍ ചേര്‍ന്നു ബിരുദം നേടിയശേഷം മുബാറക് വ്യോമസേനാ പൈലറ്റായി. ഇസ്രയേലുമായുള്ള യുദ്ധങ്ങളില്‍ നിര്‍ണായക നീക്കങ്ങള്‍ക്കു നേതൃത്വംനല്‍കിയ അദ്ദേഹം 1972-ല്‍ വ്യോമസേനാ കമാന്‍ഡറായി നിയമിക്കപ്പെട്ടു. പ്രസിഡന്റ് അന്‍വര്‍ സാദത്ത് 1975 ഏപിലില്‍ അദ്ദേഹത്തെ വൈസ് പ്രസിഡന്റാക്കി. 1981-ല്‍ സൈനിക പരേഡിനിടെ സാദത്ത് വധിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഈജിപ്തില്‍ മുബാറക് കാലഘട്ടം ആരംഭിക്കുന്നത്. 1928 മേയ് നാലിനായിരുന്നു മുബാറക്കിന്റെ ജനനം.
https://www.facebook.com/Malayalivartha