കാബൂളിലെ ഗുരുദ്വാരയില്‍ നടന്ന സ്ഫോടനത്തിലെ ചാവേറുകളില്‍ മലയാളി ഭീകരനില്ലെന്ന് ഡി.എന്‍.എ. ഫലം
ഇക്കഴിഞ്ഞ മാര്‍ച്ച് 25-ന് കാബൂളിലെ ഗുരുദ്വാരയില്‍ ചാവേര്‍ സ്ഫോടനം നടത്തിയ മൂന്നംഗ സംഘത്തില്‍ കാസര്‍ഗോട്ടു നിന്നുള്ള മലയാളിയില്ലെന്നു സൂചന. ചാവേറുകളില്‍ ഇന്ത്യക്കാരില്ലെന്ന് ഡി.എന്‍.എ. പരിശോധനയിലാണ് കണ്ടെത്തിയത്.
അഫ്ഗാന് രഹസ്യാന്വേഷണ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ചാവേറുകളിലൊരാള്‍ കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് മുഹസീന്‍(അബു ഖാലിദ് അല്‍ ഹിന്ദി )ആണെന്നായിരുന്നു. ഗുരുദ്വാരയിലെ സ്ഫോടനത്തില്‍ ഒരു ഇന്ത്യന്‍ പൗരന് ഉള്‍പ്പെടെ 25 പേരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തില്‍ ഇന്ത്യക്കാരന് പങ്കെടുത്തെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് എന്‍.ഐ.എയും കേസെടുത്തിരുന്നു. ഇതേത്തുടര്‍ന്നു ഡി.എന്‍.എ. ഫലം അഫ്ഗാന് ഏജന്‍സികള്‍ ഇന്ത്യക്കു കൈമാറുകയായിരുന്നു.
2016-ലാണ് ഐ.എസില്‍ ചേരാനായി മുഹമ്മദ് മുഹസീന്‍ ഇന്ത്യവിട്ടത്. ആക്രമണത്തിനു പിന്നില്‍ അഫ്ഗാനിലെ ഹഖാനി ഗ്രൂപ്പാകാം പ്രവര്‍ത്തിച്ചതെന്നാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.
https://www.facebook.com/Malayalivartha