വിഷബാധയേറ്റ് അബോധാവസ്ഥയിലായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നി ബര്‍ലിന്‍ ആശുപത്രിയില്‍
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനായ റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി നവല്‍നിയെ (44) വിദഗ്ധ ചികിത്സയ്ക്കായി ജര്‍മനിയിലെത്തിച്ചു. വിഷബാധയേറ്റ് അബോധാവസ്ഥയിലായ അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു. സൈബീരിയയിലെ ഓംസ്ക് നഗരത്തിലെ ആശുപത്രിയില്‍നിന്നു വിമാന ആംബുലന്‍സിലാണു ബര്‍ലിനിലെ ഷാറിറ്റി ആശുപത്രിയില്‍ എത്തിച്ചത്.
വിമാനത്താവളത്തില്‍ അദ്ദേഹം കുടിച്ച ചായയില്‍ വിഷം കലര്ന്നിരുന്നുവെന്നാണു കരുതുന്നത്. മോസ്കോയിലേക്കുള്ള വിമാനയാത്രയ്ക്കിടെ വ്യാഴാഴ്ചയാണ് കുഴഞ്ഞുവീണത്. പരിശോധനകള്‍ പൂര്‍ത്തിയാക്കിയ ശേഷമേ എന്തെങ്കിലും പറയാനാവൂ എന്ന് ബര്‍ലിന്‍ ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.
അത്യാധുനിക സൗകര്യങ്ങളുള്ള വിമാന ആംബുലന്‍സില്‍ ജര്‍മനിയില്‍നിന്നുള്ള വിദഗ്ധര്‍ ഡോക്ടര്‍മാരുടെ സംഘം വെള്ളിയാഴ്ച ഓംസ്കിലെത്തിയാണ് നവല്‍നിയെ കൊണ്ടുപോയത്. യാത്ര ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല നവല്നിയെന്നാണ് ഓംസ്ക് ആശുപത്രി അധികൃതര്‍ ആദ്യം പറഞ്ഞതെങ്കിലും പിന്നീടു നിലപാടു മാറ്റി. നവല്‍നിക്കു വിദേശ ചികിത്സ തടയാന്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നു റഷ്യന്‍ സര്‍ക്കാര്‍ വക്താവ് പ്രതികരിച്ചു.
ഫ്രാന്‍സും ജര്‍മനിയും നവല്‍നിക്കും കുടുംബത്തിനും എല്ലാ സഹായവും വാഗ്ദാനം ചെയ്ത് രംഗത്തെത്തിയിരുന്നു. 2018-ലെ തിരഞ്ഞെടുപ്പില്‍ പുടിനെതിരെ രംഗത്തിറങ്ങിയ നവല്‍നിക്കു തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക് വന്നതിനെത്തുടര്‍ന്നു പ്രാദേശികതലത്തില്‍ അഴിമതിവിരുദ്ധ സമരങ്ങള്‍ക്കു പിന്തുണ നല്കി വരികയായിരുന്നു.
https://www.facebook.com/Malayalivartha