ആര്‍ജ്ജിത പ്രതിരോധശേഷി: മനോസില്‍ കോവിഡ് ബാധിതരുടെ എണ്ണം കുറയുന്നു
ബ്രസീലിലെ മനോസില്‍ കാര്യമായ നിയന്ത്രണങ്ങളോ ലോക്ക്ഡൗണോ ഇല്ലാതിരുന്നിട്ടുകൂടി കോവിഡ് ബാധിതരുടെ എണ്ണം കുറഞ്ഞു. കോവിഡ് മരണങ്ങളും ആശുപത്രി കേസുകളും പാടേ കുറഞ്ഞു.
മഴക്കാടുകള്‍ക്ക് മധ്യത്തിലുള്ള മനോസില്‍ തുടക്കത്തില്‍ ഭീകരതോതിലായിരുന്നു കോവിഡ് ബാധ. ബുള്‍ഡോസറുകള്‍ കൊണ്ടു കൂട്ടക്കുഴിമാടം തീര്‍ക്കുന്നതിന്റെയും നൂറുകണക്കിനു മൃതദേഹങ്ങള്‍ ട്രക്കുകളില്‍ അടുക്കി വയ്ക്കുന്നതിന്റെയും ചിത്രങ്ങളാണ് അവിടെനിന്ന് പുറത്തുവന്നതും. അന്നത്തെ സാഹചര്യത്തെ 'ഹൊറര്‍ സിനിമപോലെ' എന്നാണ് അവിടുത്തെ മേയര്‍ തന്നെ വിശേഷിപ്പിച്ചത്.
ഏഷ്യയിലെയും യൂറോപ്പിലെയും മറ്റു രാജ്യങ്ങള്‍ ചെയ്തതുപോലെ പരിപൂര്‍ണ അടച്ചുപൂട്ടല്‍ എന്നിട്ടും ഇവിടെയുണ്ടായില്ല. കര്‍ശനമായ സാമൂഹിക അകലം പാലിക്കലോ മാസ്ക് ധാരണമോ ഒന്നുമില്ലായിരുന്നു. സമ്പദ്വ്യവ്സഥ തകര്ന്നുപോകുമെന്നു ചൂണ്ടിക്കാട്ടി ബ്രസീലിയന്‍ പ്രസിഡന്റ് തന്നെ ഇത്തരം നിയന്ത്രണങ്ങള്‍ക്ക് എതിരായിരുന്നു. അടച്ചുപൂട്ടലിനെയടക്കം പ്രസിഡന്റ് എതിര്‍ത്തു. തുടക്കത്തില്‍ രാജ്യം അതിനു വലിയ വില നല്‍കേണ്ടിവന്നു. 3,300 പേരാണ് മനോസില്‍ മരിച്ചത്.
ഹേര്‍ഡ് ഇമ്യൂണിറ്റി (ആര്‍ജ്ജിത പ്രതിരോധശേഷി) കൈവരിച്ചതാകാം രോഗബാധിതരുടെ എണ്ണം കുറയാന്‍ കാരണമെന്നാണ് വിദഗ്ധരുടെ പക്ഷം. എഴുപതു ശതമാനം പേര്‍ക്കും രോഗം വന്നുപോയാലാണ് ആര്‍ജ്ജിത പ്രതിരോധശേഷി കൈവരുക എന്നാണ് അനുമാനങ്ങള്‍.
https://www.facebook.com/Malayalivartha