ക്രൈസ്റ്റ്ചര്‍ച്ചിലെ മസ്ജിദുകളില്‍ ഭീകരാക്രമണം നടത്തിയ ബ്രന്റന് ടെറാന്റിന് പരോള്‍ രഹിത ജീവപര്യന്തം തടവ്
ന്യൂസീലന്‍ഡിലെ 2 മസ്ജിദുകളില്‍ ഭീകരാക്രമണം നടത്തിയ ഓസ്ട്രേലിയക്കാരനായ ബ്രന്റന് ടെറാന്റിന് പരോള്‍ രഹിത ജീവപര്യന്തം തടവ്. 51 പേരുടെ മരണത്തിനിടയാക്കിയ വെടിവയ്പ് നടത്തിയ ടെറാന്റ് (29) ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കണം. രാജ്യത്തെ പരമാവധി ശിക്ഷയാണ് നല്‍കിയത്.
2019 മാര്‍ച്ച് 15-ന് വെള്ളിയാഴ്ച നമസ്കാരത്തിനിടെയാണ് ക്രൈസ്റ്റ്ചര്‍ച്ചിലുള്ള അല്‍ നൂര്‍, ലിന്‍വുഡ് എന്നീ മസ്ജിദുകളില്‍ ആക്രമണം നടന്നത്. സംഭവത്തില്‍ മലയാളി അടക്കം 5 ഇന്ത്യക്കാരും കൊല്ലപ്പെട്ടിരുന്നു. കൊച്ചി മാടവന തിരുവള്ളൂര്‍ പൊന്നാത്ത് അബ്ദുല്‍ നാസറിന്റെ ഭാര്യ അന്‍സി (25), മഹബൂബ് ഖോക്കര്‍, റമീസ് വോറ, ആസിഫ് വോറ, ഉസൈര്‍ ഖാദിര്‍ എന്നിവരാണു മരിച്ച ഇന്ത്യക്കാര്‍.
3 ദിവസം നീണ്ട വിധിപ്രഖ്യാപന നടപടികള്‍ വീക്ഷിക്കാന്‍ ആക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട 90 പേരും കുടുംബാംഗങ്ങളും എത്തിയിരുന്നു.
ജീവിതകാലം മുഴുവന്‍ തടവില്‍ കിടന്നാലും പൊറുക്കാന്‍ കഴിയാത്തത്ര ക്രൂരതയാണ് ബ്രന്റന് ചെയ്തതെന്ന് ശിക്ഷ വിധിച്ച ജഡ്ജി കാമറണ്‍ മന്റര്‍ പറഞ്ഞു. ആരോടും പ്രതി കരുണ കാട്ടിയില്ലെന്ന് 3 വയസ്സുള്ള കുഞ്ഞിനെ നെറ്റിയില്‍ വെടിവച്ചുകൊന്നതു സൂചിപ്പിച്ച് ജഡ്ജി പറഞ്ഞു.
'ആ മനുഷ്യന് ഇനി സൂര്യപ്രകാശം കാണില്ലെന്നത് ആശ്വാസകരമാണെ'ന്നാണ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്ഡേന് പ്രതികരിച്ചത്. 2017ല്‍ ന്യൂസീലന്‍ഡില്‍ വന്ന ടെറാന്റ് ആയുധങ്ങള്‍ വാങ്ങുകയും വെടിവയ്ക്കാന്‍ പരിശീലനം നേടുകയും ചെയ്തതായി കോടതി കണ്ടെത്തി. പള്ളികള്‍ക്കു മുകളില്‍ ഡ്രോണ്‍ പറത്തി വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.
കൊലയാളി സ്വന്തം തീവ്രനിലപാടുകള്‍ വിശദീകരിച്ചുള്ള നയരേഖ ആക്രമണത്തിനു മുന്‍പ് പ്രധാനമന്ത്രി ഉള്‍പ്പെടെ 30 പേര്‍ക്ക് ഇമെയില്‍ ചെയ്തിരുന്നു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തെ തുടര്‍ന്ന് വിവിധ തരം തോക്കുകള്‍ നിരോധിക്കുന്ന നിയമം ന്യൂസീലന്‍ഡ് കൊണ്ടുവന്നു.
https://www.facebook.com/Malayalivartha