സ്വവര്‍ഗാനുരാഗിയായ തനിക്ക് ലൈംഗികസ്വത്വത്തിന്റെയും വംശീയതയുടെയും പേരില്‍ പീഡനങ്ങൾ നേരിടേണ്ടി വന്നു; ശാരീരിക മർദനവും.. ടെസ്‌ലയ്ക്കെതിരെ ഗുരുതര വംശീയ ആരോപണങ്ങൾ ഉന്നയിച്ച് മുൻ ജീവനക്കാരി

ലോകത്തിലെ തന്നെ ഏറ്റവും പ്രമുഖ ഇലക്‌ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ലക്കെതിരെ ഗുരുതരമായ വംശീയ ആരോപണങ്ങൾ ഉന്നയിച്ച് മുന്‍ ജീവനക്കാരി. ടെസ്‌ലയിലെ വെളുത്ത വര്‍ഗക്കാരനായ സഹപ്രവര്‍ത്തകന്‍ വംശീയമായി അധിക്ഷേപിച്ചതായും ശാരീരികമായി മര്‍ദിച്ചതായും കറുത്ത വര്‍ഗക്കാരിയായ കെയ്ലന്‍ ബാര്‍കര്‍ പറയുന്നു. എന്നാല്‍ ഈ സംഭവം ചൂണ്ടിക്കാട്ടി ടെസ്‌ലയിലെ തന്റെ സൂപ്പർവൈസര്‍മാരോട് പരാതിപ്പെട്ടെങ്കിലും വിഷയം ഉന്നയിച്ച് ആഴ്ചകള്‍ക്കു ശേഷം തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതായും ബാര്‍കര്‍ ആരോപിക്കുന്നു. സ്വവര്‍ഗാനുരാഗിയായ തനിക്ക് ലൈംഗികസ്വത്വത്തിന്റെയും വംശീയതയുടെയും പേരില്‍ നേരിടേണ്ടി വന്ന പീഡനങ്ങളെക്കുറിച്ച് കെയ്ലന്‍ ടെസ്‌ലക്കെതിരെ പരാതിപ്പെട്ടിരിക്കുകയാണ്.
അതേസമയം വംശീയ അധിക്ഷേപത്തിന്റെ പേരില്‍ നേരത്തെയും ടെസ്‌ല നിരവധി വിമര്‍ശനങ്ങള്‍ നേരിട്ടിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലെല്ലാം ആരോപണങ്ങള്‍ നിഷേധിച്ച ടെസ്‌ല ഈ പ്രശ്‌നത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. മുൻപും ടെസ്‌ലയിലെ തൊഴിലാളികൾ വംശീയ അധിക്ഷേപം ഉന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ഫോര്‍ഡ്, ജെനറല്‍ മോടോഴ്‌സ് പോലുള്ള മറ്റ് വലിയ ഓട്ടൊമോട്ടീവ് ബ്രാന്‍ഡുകളില്‍ നിന്ന് വ്യത്യസ്തമായി ടെസ്‌ലയിലെ തൊഴില്‍ സാഹചര്യം മോശമാണെന്നും ആരോപണം ഉയര്‍ന്നിരുന്നു.
ടെസ്‌ലയിലെ ജീവനക്കാർക്ക് മാത്രം ഔപചാരികമായ യൂണിയനുകളില്ലാത്തതും വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ടാണ് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ മുന്‍നിര ഇലക്ട്രിക് വാഹന നിർമ്മാതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ടെസ്‌ലയെ ഉൾപ്പെടുത്താഞ്ഞത് എന്ന ആക്ഷേപവും ഉയർന്നിരുന്നു.
https://www.facebook.com/Malayalivartha






















