അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്

ആ കാഴ്ച ദൃശ്യവിരുന്നായി.... അതിരപ്പിള്ളിയും വാഴച്ചാലും ചാർപ്പയും നിറഞ്ഞൊഴുകിയപ്പോൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്കേറുന്നു. അവധി ദിവസങ്ങളായ കഴിഞ്ഞ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ഏറെ തിരക്കായിരുന്നു.
ജൂൺ മാസത്തിലെ മഴയുടെ കുറവ് പരിഹരിച്ച് ജൂലൈയിൽ വനമേഖലയിൽ മഴ കനത്തതോടെയാണ് വിനോദസഞ്ചാര മേഖല ഉണർന്നത്. ഇതോടെ പെരിങ്ങൽക്കുത്തിൽ നിന്ന് അധികജലം കവിഞ്ഞ് പുഴയിലേക്ക് എത്തി. വനമധ്യത്തിൽ നിന്ന് ഒഴുകിയെത്തുന്ന ചാർപ്പയടക്കമുള്ള തോടുകൾ സജീവമായി പുഴയിലേക്കെത്തി.
വളരെ ശുഷ്കമായ രീതിയിൽ ഒഴുകിയിരുന്ന ചാലക്കുടിപ്പുഴ തുടർന്ന് ജലസമൃദ്ധിയിലായി. കഴിഞ്ഞ രണ്ടു മൂന്നു ദിവസങ്ങളിൽ അതിരപ്പിള്ളി പാറക്കെട്ടുകൾ നിറഞ്ഞു കവിഞ്ഞാണ് ഒഴുകിയത്. എന്നാൽ ഇന്നലെ മഴ ഒഴിഞ്ഞു നിന്നതിനാൽ ഒഴുക്കിൽ നേരിയ കുറവ് ദൃശ്യമായിരുന്നു. ഈ അപൂർവ മനോഹര ദൃശ്യം പകർത്താനും ആസ്വദിക്കാനും സഞ്ചാരികൾക്ക് ഈ ദിവസങ്ങളിൽ സുവർണാവസരമായിരുന്നു.
https://www.facebook.com/Malayalivartha


























