ലാന്‍ഡിംഗിന് തൊട്ട് മുന്‍പായി ഒരു പക്ഷി ഇടിച്ചു അമേരിക്കന്‍ യുദ്ധവിമാനം തകര്‍ന്നു വീണു

ഒരു അമേരിക്കന്‍ യുദ്ധവിമാനം 'ലേക്ക് വര്‍ത്തിന്' സമീപമുള്ള ജനവാസ മേഖലയില്‍ തകര്‍ന്നു വീഴുന്ന വീഡിയോ അമേരിക്കന്‍ സൈന്യം ഈയിടയ്ക്കാണ് പുറത്തുവിട്ടത്. ലാന്‍ഡിംഗിന് തൊട്ട് മുന്‍പായി ഒരു പക്ഷി വിമാനത്തിലേയ്ക്ക് പറന്നടുക്കുന്നത് വീഡിയോയില്‍ കാണാം.
കഴിഞ്ഞ സെപ്തംബറില്‍ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. വീഡിയോയില്‍ കാണുന്ന ടി 45 സി ഗോഷ്വാക്ക് വിഭാഗത്തില്‍പ്പെടുന്ന ഫൈറ്റര്‍ ജെറ്റ് പരീശീലന പറക്കല്‍ നടത്തുന്നതിനിടയിലാണ് രണ്ടര കിലോയോളം മാത്രം ഭാരം വരുന്ന പക്ഷി വിമാനത്തിന്റെ സിംഗിള്‍ എഞ്ചിനിലേയ്ക്ക് ഇടിച്ച് കയറിയത്. ഫോര്‍ട്ട് വര്‍ത്തിലെ നേവിയുടെയും എയര്‍ഫോഴ്‌സിന്റെയും സംയുക്ത ബേസിലെ റണ്‍വേയ്ക്ക് സമീപം സെപ്തംബര്‍ 19 നാണ് അപകടമുണ്ടായത്. പക്ഷിയുമായി കൂട്ടിമുട്ടി നിമിഷങ്ങള്‍ക്കകം തന്നെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് താഴേയ്ക്ക് പതിക്കുകയും ഉടനെ തന്നെ അഗ്‌നിയ്ക്ക് ഇരയാകുകയും ചെയ്തു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായാണ് അമേരിക്കന്‍ നേവി പുറത്തുവിട്ട വിവരം.
വിമാനം തകരുന്നതിന് മുന്‍പ് അപകട മുന്നറിയിപ്പ് നല്‍കുന്ന പൈലറ്റിന്റെ ശബ്ദം അടങ്ങുന്നതാണ് വീഡിയോ ദൃശ്യം. തൊട്ടടുത്തുള്ള റണ്‍വേയിലേയ്ക്ക് വിമാനം തകരുന്നതിന് മുന്‍പ് ഇറക്കാന്‍ ശ്രമിക്കുകയാണെന്ന് പൈലറ്റ് പറയുന്നതും ഉച്ചത്തില്‍ മുഴങ്ങുന്ന അലാറവും വീഡിയോയില്‍ കേള്‍ക്കാം.
അപകടസമയത്ത് ഇന്‍സ്ട്രക്ടറും വിദ്യാര്‍ത്ഥിയുമടക്കം രണ്ട് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം താഴേയ്ക്ക് പതിക്കുന്നതിന് മുന്‍പ് തന്നെ ഇവര്‍ ഇജക്ട് ചെയ്ത് രക്ഷപ്പെടുകയായിരുന്നു.
അപകടത്തില്‍ മൂന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അതില്‍ ക്രിസ് സെല്ലറും അദ്ദേഹത്തിന്റെ ഒമ്പത് വയസ്സുകാരിയായ മകളും തങ്ങളുടെ സമീപത്ത് പതിച്ച ജെറ്റ് എഞ്ചിനില്‍ നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മിസൈലുകള്‍ അടക്കമുള്ള ശത്രുസാന്നിധ്യം തിരിച്ചറിഞ്ഞ് തകര്‍ക്കാന്‍ ശേഷിയുള്‌ല, കോടിക്കണക്കിന് ഡോളര്‍ വിലയുള്ള യുദ്ധവിമാനത്തെ ഒരു ചെറിയ പക്ഷി അഗ്‌നിഗോളമാക്കി മാറ്റിയ വീഡിയോ ദൃശ്യം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.
https://www.facebook.com/Malayalivartha