കാനഡയില്‍ കാട്ടുതീ പടര്‍ന്നതോടെ അമേരിക്കയിലും അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു
കാനഡയില്‍ കാട്ടുതീ പടര്‍ന്നതോടെ അമേരിക്കയിലും അന്തരീക്ഷ മലിനീകരണം രൂക്ഷം. കാട്ടു തീ അണക്കുന്നതിനായി അറുനൂറിലേറെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ യു.എസ്. കാനഡയിലേക്ക് അയച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. പല നഗരങ്ങളിലും പുക പടര്‍ന്ന് അന്തരീക്ഷമാകെ ഓറഞ്ച് നിറമായിട്ടുണ്ട്.യു.എസിലെ വിവിധ നഗരങ്ങളില്‍ കനത്ത പുക പടരുകയാണ്. വായു മലിനീകരണതോത് ഏറ്റവും മോശമായ നിലയിലാണ്. ജനങ്ങള്‍ അനാവശ്യമായി പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുമ്പോള്‍ എന്‍95 മാസ്‌ക് ധരിക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.
ന്യൂയോര്‍ക്കിലേയും വടക്കുകിഴക്ക് പ്രദേശങ്ങളിലേയും അന്തരീക്ഷം കറുത്തുതുടങ്ങി എന്ന് റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു. ഈ പ്രദേശങ്ങളില്‍ വസിക്കുന്നവരില്‍ പലര്‍ക്കും ശ്വാസ സംബന്ധിയായ പ്രശ്‌നങ്ങളും നേരിടുന്നുണ്ടെന്നാണ് വിവരം. വായു മലിനീകരണത്തിന്റെ പശ്ചാത്തലത്തില്‍ പല വിമാനങ്ങളും വൈകുന്നുണ്ട്. ചില വിമാനങ്ങള്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മന്‍ഹാട്ടനിലെ പല സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ജീവനക്കാരുടേയും ഉപയോക്താക്കളുടേയും ആരോഗ്യം കണക്കിലെടുത്ത് ന്യൂയോര്‍ക്കിലെ പല റെസ്‌റ്റൊറന്റുകളും കഫെകളും പുറത്തുള്ള ഭക്ഷണ ശാലകള്‍ അടച്ചു. വേനലവധിക്കാലം ആയതു കൊണ്ട് തന്നെ അവധി ആഘോഷിക്കാന്‍ നിരവധി പേരാണ് ന്യൂയോര്‍ക്കില്‍ എത്തുന്നത്. എന്നാല്‍ കാനഡയിലെ കാട്ടു തീ കാരണം നഗരത്തില്‍ പുക പടര്‍ന്നു പിടിക്കുന്നത് വ്യാപാരികളേയും ആശങ്കയിലാഴ്ത്തുന്നുണ്ട്. പലരും നേരത്തെ നിശ്ചയിച്ചിരിക്കുന്ന പുറത്തുള്ള പരിപാടികള്‍ ഒഴിവാക്കിത്തുടങ്ങിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ചരിത്രത്തിലെ ഏറ്റവും മോശം തീപിടിത്തമാണ് ഇത്തവണത്തേത് എന്നാണ് റിപ്പോര്‍ട്ട്.
പുക പടരുന്നതിന്റെ പശ്ചാത്തലത്തില്‍ പലയിടങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സില്‍ 500ല്‍ 484 ആണ് ന്യൂയോര്‍ക്കിലെ വായു മലിനീകരണതോത്. നഗരത്തില്‍ തുറന്ന വേദികളില്‍ നടത്തുന്ന പരിപാടികള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഫിലാഡല്‍ഫിയയിലെ വായുമലിനീകരണ തോത് ബുധനാഴ്ച രാത്രിയോടെ 429ലെത്തിയതാണ് റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha