ഗാസയിലുടനീളമുള്ള ഫലസ്തീനികള്‍ക്ക് നേരെ ആക്രമണം നടത്തി ഇസ്രായേൽ:- ഖാന്‍ യൂനുസ് നഗരം വളഞ്ഞ് യുദ്ധം:- 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങിയത് 73 പേര്‍...

ഗാസയിലെ യുദ്ധം മൂന്നാം മാസത്തിലേക്ക് കടക്കുമ്പോള്‍ ഗാസയിലുടനീളമുള്ള ഫലസ്തീനികള്‍ക്ക് നേരെ നിരന്തരമായി ഇസ്രായേല്‍ ആക്രമണം അഴിച്ച് വിടുകയാണ്. ഹമാസിനെ തകര്‍ക്കാനെന്ന പേരില്‍ കര-വ്യോമ മാര്‍ഗം ഖാന്‍ യൂനുസ് നഗരം വളഞ്ഞ് ഭയാനകമായ യുദ്ധമുറകള്‍ പുറത്തെടുക്കുകയാണ്. ആക്രമണത്തില്‍ പരിക്കേറ്റ് അല്‍ അഖ്‌സ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട 73 പേര്‍ 24 മണിക്കൂറിനിടെ മരണത്തിന് കീഴടങ്ങി. ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് ശക്തമായ ചെറുത്തുനില്‍പ് നടത്തുന്നതിനാല്‍ രക്തരൂഷിത പോരാട്ടമാണ് ഗാസയില്‍ നടക്കുന്നത്. 7,112 കുട്ടികളും 4,885 സ്ത്രീകളുമടക്കം ഗാസയിലെ ആകെ മരണം 16,248 ആയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 43,616 പേര്‍ക്ക് പരിക്കേറ്റു.
വടക്കന്‍ ഗാസയില്‍ ജബലിയ അഭയാര്‍ഥി ക്യാമ്പിലെ സ്‌കൂളില്‍ മാരകമായ ഫോസ്ഫറസ് ബോംബുകളടക്കം പ്രയോഗിച്ച് ചൊവ്വാഴ്ച രാത്രി തുടങ്ങിയ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ കൊല്ലപ്പെട്ടു. വൈറ്റ് ഫോസ്ഫറസ് അന്തരീക്ഷ വായുവുമായി സമ്പര്‍ക്കമുണ്ടായാലുടന്‍ വളരെയധികം പ്രകാശത്തോടെ പെട്ടെന്ന് കത്തും. അമേരിക്കയടക്കം വിവിധ രാജ്യങ്ങളുടെ സൈന്യങ്ങള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കുന്നുണ്ട്. രാത്രിയില്‍ ആക്രമിക്കാനുള്ള ലക്ഷ്യങ്ങള്‍ക്ക് സമീപം പ്രകാശം പരത്താനും ശത്രുക്കള്‍ക്ക് നാശനഷ്ടമുണ്ടാക്കാനുമടക്കം ഇത് ഉപയോഗിക്കുന്നുണ്ട്.
രാസപ്രവര്‍ത്തനത്തിനിടയില്‍ തീവ്രമായ ചൂടും കട്ടിയുള്ള പുകയും ശക്തമായ പ്രകാശവുമാണ് ഉണ്ടാകുന്നത്. പ്രത്യേക സാഹചര്യങ്ങളില്‍ പുക പരത്തി പ്രതിരോധ കവചം തീര്‍ക്കാനും വിവിധ സേനകള്‍ വൈറ്റ് ഫോസ്ഫറസ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ പതിക്കുന്ന പ്രദേശങ്ങളില്‍ ശക്തമായ തീപ്പിടിത്തം ഉണ്ടാകാറുണ്ട്.
ഒരു തവണ കത്തിയാല്‍ തീ കെടുത്താന്‍ ബുദ്ധിമുട്ടാണ്. മനുഷ്യ ശരീരത്തിലും വസ്ത്രങ്ങളിലുമടക്കം തീകത്താന്‍ ഇടയാക്കും. ആഴത്തിലുള്ള പൊള്ളലുമുണ്ടാക്കും. എന്നാല്‍ സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം അതീവ അപകടകരമാണ് വൈറ്റ് ഫോസ്ഫറസ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അരക്കുപോലുള്ള വസ്തുവാണ് വെള്ള ഫോസ്ഫറസ്.
ഇതിന്റെയും റബ്ബറിന്റെയും മിശ്രിതമാണ് ആയുധത്തില്‍ ഉപയോഗിക്കുന്നത്. വിഷമയമാണത്. വായുവുമായി സമ്പര്‍ക്കമുണ്ടായാല്‍ സ്വയം കത്തും. ഏതാണ്ട് 815 ഡിഗ്രി സെല്‍ഷ്യസ് ചൂടുണ്ടാക്കും. കനത്ത വെള്ള പുക ഉയരും. കെടുത്തുക തന്നെ പ്രയാസമാണ്. അരക്ക് പോലായതിനാല്‍ തൊലിയിലും വസ്ത്രങ്ങളിലും പറ്റിപ്പിടിക്കും. എല്ലുകള്‍ വരെയെത്തുന്ന മാരകമായ പൊള്ളലുണ്ടാക്കും. ''തൊലിയില്‍ പറ്റുകയോ ശ്വസിക്കുകയോ വിഴുങ്ങുകയോ ചെയ്താല്‍ ഗുരുതരമായ പരിക്കിന് കാരണമാവുകയോ, മരണത്തിന് ഇടയാക്കുകയോ ചെയ്യുമെന്ന് മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വ്യക്തമാക്കുന്നു.
ഗാസ സിറ്റിയിലെ അല്‍ നഫഖ് തെരുവിലും നുസൈറാത് അഭയാര്‍ഥി ക്യാമ്പിലും നാലു വീടുകള്‍ക്ക് ബോംബിട്ട് 19 പേരെ കൊലപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്. 24 മണിക്കൂറിനിടെ 250 ഇടത്ത് ബോംബിട്ടതായി സൈന്യം അറിയിച്ചു. ഖാന്‍ യൂനുസ് അടക്കമുള്ള മേഖലകളില്‍നിന്ന് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ നേരത്തേ സൈന്യം ആവശ്യപ്പെട്ടിരുന്നു.
കൈയില്‍ കിട്ടിയതുമെടുത്ത് വീടുവിട്ടവര്‍ ഈജിപ്തിനോട് ചേര്‍ന്ന റഫ അതിര്‍ത്തിയില്‍ തെരുവില്‍ കഴിയുകയാണ്. ഖാന്‍ യൂനുസിനു സമീപം ഇസ്രായേല്‍ സൈനികരുടെ ക്യാമ്പില്‍ ഒളിയാക്രമണം നടത്തിയതായും 10 പേരെ കൊലപ്പെടുത്തിയതായും അല്‍ഖസ്സാം ബ്രിഗേഡ് അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha