ചെറുവിമാനം അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു...വിമാനത്തിന്റെ ക്രാഷ് ലാൻഡിങ് സംഭവിച്ചത്
ഫ്ലോറിഡയിൽ ചെറുവിമാനം അടിയന്തര ലാൻഡിങ് നടത്താൻ ശ്രമിച്ചതിനെ തുടർന്നുണ്ടായ അപകടത്തില്‍ രണ്ടു പേർ മരിച്ചു. കോളിയർ കൗണ്ടിയിലെ പൈൻ റിഡ്ജ് റോഡിലാണ് (ദേശീയപാത) വിമാനത്തിന്റെ ക്രാഷ് ലാൻഡിങ് സംഭവിച്ചത്. വിമാനം റോഡിലൂടെ സഞ്ചരിക്കുകയായിരുന്ന കാറിലിടിച്ച ശേഷം സമീപമുള്ള മതിലിൽ ഇടിക്കുകയും സ്ഫോടനം ഉണ്ടാകുകയുമായിരുന്നു. വിമാനത്തിന്റെ ചിറകു കാറിലിടിച്ച ശേഷം സമീപമുള്ള മതിലിൽ ഇടിക്കുകയായിരുന്നുവെന്നു സംഭവസ്ഥലത്തു കൂടി സഞ്ചരിച്ച ബ്രിയാന വാക്കർ എന്ന യാത്രക്കാരി പറഞ്ഞു. ബ്രിയാന വാക്കറും സുഹൃത്തുമാണ് അപകടത്തിൽപ്പെട്ട കാറിന്റെ തൊട്ടുപിന്നാലെ സഞ്ചരിച്ചത്.
‘‘ഞങ്ങളുടെ മുന്നിലുള്ള കാറാണു കത്തിയത്. നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് രക്ഷപ്പെട്ടത്. ഞങ്ങളുടെ തലയ്ക്കു മുകളിലൂടെ സഞ്ചരിച്ച വിമാനം വലതു വശത്തുകൂടി തെന്നിമാറുകയായിരുന്നു. വലിയ ശബ്ദത്തോടെ ഒരു ഉഗ്ര സ്ഫോടനമാണ് പിന്നീടു കണ്ടത്. വിമാനത്തിന്റെ കഷണങ്ങൾ ദേശീയപാതയിൽ നിറഞ്ഞു. മരണത്തില്‍ നിന്നും രക്ഷപ്പെട്ടെങ്കിലും വിശ്വസിക്കാൻ കഴിയാത്ത ഒരു സിനിമ കഥപോലെയാണ് തോന്നുന്നത്.’’–ബ്രിയാന വാക്കർ പറഞ്ഞു.
ബൊംബാർഡിയർ ചലഞ്ചർ 600 ജെറ്റ് വിമാനമാണ് പ്രാദേശിക സമയം വെള്ളിയാഴ്ച വൈകിട്ട് മൂന്നരയോടെ അപകത്തിൽപ്പെട്ടത്. അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മൂന്നു പേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊളംബസിലെ ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലുള്ള വിമാനത്താവളത്തിൽ നിന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വിമാനം പറന്നുയർന്നത്. നേപ്പിൾസിലാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്. എന്നാൽ എൻജിൻ തകരാറിനെ തുടർന്ന് അടിയന്തര ലാൻഡിങ്ങിന് ശ്രമിക്കുകയായിരുന്നു.
ഫ്ലോറിഡയിലെ ഫോർട്ട് ലോഡർഡേൽ ആസ്ഥാനമായുള്ള ഹോപ്-എ-ജെറ്റ് വേൾഡ് വൈഡ് ചാർട്ടറാണു വിമാനം പ്രവർത്തിപ്പിച്ചത്. സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷനൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം നടത്തും. അന്വേഷണസംഘം സംഭവസ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പ്രാഥമിക റിപ്പോർട്ടു മുപ്പതു ദിവസത്തിനകം സമർപ്പിക്കും. അപകടം നടന്ന പാത അടച്ചതായും ഇതര റൂട്ടുകളിലൂടെ യാത്ര നടത്തണമെന്നുമാണ് അധികൃതരുടെ അറിയിപ്പ്.
https://www.facebook.com/Malayalivartha