വെടിനിറുത്തൽ ചർച്ചകൾക്കായി ഹമാസിന്റെ ഉന്നത നേതാക്കൾ കയ്റോയിൽ, തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ കരാർ അംഗീകരിക്കാൻ തയാറെന്ന് ഹമാസ്, ഗാസയിൽ ജീവനോടെയുള്ള ബന്ദികളുടെ വിവരങ്ങൾ കൈമാറാൻ ഹമാസ് തയാറാകാത്തതിൽ ഇടഞ്ഞ് ഇസ്രയേൽ

ഗാസയിൽ ആക്രമണം തുടരുകയാണ് ഇസ്രയേൽ. അതിനിടെ വെടിനിറുത്തൽ ചർച്ചകൾക്കായി ഹമാസിന്റെ ഉന്നത നേതാക്കൾ ഇന്നലെ ഈജിപ്റ്റിന്റെ തലസ്ഥാനമായ കയ്റോയിലെത്തി. റംസാൻ മാസാരംഭത്തിന് മുമ്പ് ആറാഴ്ച നീളുന്ന വെടിനിറുത്തൽ പ്രാബല്യത്തിൽ വന്നേക്കുമെന്നാണ് മദ്ധ്യസ്ഥ ചർച്ചകളിൽ ഉൾപ്പെട്ട യു.എസ് ഉദ്യോഗസ്ഥർ പറയുന്നത്. വെടിനിറുത്തൽ കരാറിന് ഇസ്രയേൽ അംഗീകാരം നൽകിയിട്ടുണ്ട്. ഹമാസ് ഇതുവരെ അന്തിമ പ്രതികരണം നടത്തിയിട്ടില്ല.
ഇസ്രയേൽ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചാൽ 24 മുതൽ 48 മണിക്കൂറിനുള്ളിൽ വെടിനിറുത്തൽ കരാർ അംഗീകരിക്കാൻ തയാറാണെന്ന് ഹമാസ് അംഗങ്ങൾ പറയുന്നു. എന്നാൽ ഗാസയിൽ ജീവനോടെയുള്ള ബന്ദികളുടെ വിവരങ്ങൾ കൈമാറാൻ ഹമാസ് തയാറാകാത്തത് ഇസ്രയേലിനെ പ്രകോപിപ്പിക്കുന്നുണ്ട്. പാരീസിലും ഖത്തറിലും നടന്ന ചർച്ചകളുടെ തുടർ നീക്കം എന്ന നിലയിൽ ഹമാസ്, ഇസ്രായേൽ സംഘങ്ങളുമായുള്ള കൈറോയിലെ ചർച്ച.
കൈറോയിലേക്ക് സംഘത്തെ അയക്കുന്നതു സംബന്ധിച്ച് ഇസ്രായേലിനുള്ളിൽ ആദ്യം അവ്യക്തത നിലനിന്നിരുന്നു. വിട്ടയക്കുന്ന ബന്ദികളുടെ കാര്യത്തിൽ ഹമാസിന്‍റെ നിലപാട് അറിഞ്ഞുമാത്രം സംഘത്തെ അയച്ചാൽ മതിയെന്ന് യുദ്ധകാര്യ മന്ത്രിസഭ തീരുമാനമെന്ന് ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. എന്നാൽ ബന്ദികളുടെ കാര്യത്തിൽ ഹമാസ് ഇടഞ്ഞുനിൽക്കെ, വെടിനിറുത്തൽ കരാറിന് ഇസ്രയേൽ അംഗീകാരം നൽകിയെന്നാണ് പുതിയ വിവരം. ഇസ്രയേലിന്റെ ആവശ്യം അംഗീകരിച്ചതിനാലാണോ ഈ നീക്കമെന്ന് വ്യക്തമല്ല. എന്നാൽ ഹമാസിന്റെ എല്ലാം ആവശ്യങ്ങളും ഇസ്രയേൽ അംഗീക്കാൻ സാധ്യത ഒട്ടുംതന്നെയില്ല.
കുറച്ചു ദിവസങ്ങൾക്കുള്ളിൽ ഗാസ സിറ്റിയിലെ കമാൽ അദ്വാൻ ആശുപത്രിയിൽ പോഷകാഹാരക്കുറവും നിർജ്ജലീകരണവും മൂലം മരിച്ചത് 15 കുട്ടികൾ ആണ്. തീവ്രപരിചരണ വിഭാഗത്തിലുള്ള 6 കുട്ടികളുടെ നില ഗുരുതരമാണ്. ആവശ്യമായ വൈദ്യുതിയോ ഓക്സിജനോ ഇവിടെ ലഭ്യമല്ല. അടിയന്തര മരുന്നുകളും കിട്ടാനില്ലെന്ന് ഹമാസ് പറയുന്നു. പോഷകാഹാരക്കുറവും വയറിളക്കവുമായി ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന ആറുകുട്ടികളുടെ ജീവൻ അപകടത്തിലാണെന്ന് മന്ത്രാലയവക്താവ് അഷ്‌റഫ് അൽ ഖിദ്‌റ പറഞ്ഞു.
ജനറേറ്ററിന്റെ പ്രവർത്തനവും ഓക്സിജൻ വിതരണവും നിലച്ചതിനാൽ ചികിത്സയും അവതാളത്തിലാണ്. ആഹാരമില്ലാതെ വലയുന്ന ഗാസക്കാർക്ക് ശനിയാഴ്ച യു.എസ്. സൈന്യം വിമാനങ്ങളിൽനിന്ന് മുപ്പതിനായിരത്തോളം ഭക്ഷണപ്പൊതികൾ ഇട്ടുകൊടുത്തിരുന്നു.മധ്യ ഗാസയിൽ സഹായവിതരണ ട്രക്കിന് ചുറ്റും കൂടിയവർക്ക് നേരെ ഇസ്രയേൽ സേന നടത്തിയ വെടിവയ്പിൽ 9 പേർ കൊല്ലപ്പെട്ടു.
24 മണിക്കൂറിനിടെ ഇസ്രയേൽ ആക്രമണങ്ങളിൽ 90 പേർ കൊല്ലപ്പെട്ടെന്ന് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 30,410 പലസ്തീൻകാർ കൊല്ലപ്പെട്ടു. 71,700 പേർക്കു പരുക്കേറ്റു. ഗാസ സംഘർഷം ആരംഭിച്ചതിനുശേഷം അധിനിവേശ വെസ്റ്റ്ബാങ്കിൽ ഇതുവരെ 7,340 പലസ്തീൻകാരെ ഇസ്രയേൽ അറസ്റ്റ് ചെയ്തു തടവിലാക്കി.
https://www.facebook.com/Malayalivartha