ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിൽ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ട്:- മകള്‍ സുരക്ഷിതയാണെന്ന് കമ്പനി അധികൃതര്‍ അറിയിച്ചതായി പിതാവ്...

ഇറാന്‍ കീഴ്പ്പെടുത്തിയ കപ്പലിലുള്ള പൗരന്‍മാരെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി നൽകിയതിന് പിന്നാലെ, ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലില്‍ മലയാളി യുവതിയും ഉള്ളതായി റിപ്പോർട്ടുകൾ. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ട്രൈനിങ്ങിന്‍റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്‍റസ. മകളുടെ കാര്യത്തില്‍ വലിയ ആശങ്കയിലാണെന്ന് അച്ഛന്‍ ബിജു എബ്രഹാം മാധ്യമങ്ങളോട് പ്രതികരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി സംസാരിച്ചത്. കമ്പനി അധികൃതര്‍ ബന്ധപ്പെട്ട് മകള്‍ സുരക്ഷിതയാണെന്ന് അറിയിച്ചതായും അച്ഛന്‍ പറഞ്ഞു.
വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രി അമിര്‍ അബ്ദുല്ലഹെയ്‌നുമായി നടത്തിയ ഫോണ്‍ സംഭാഷണത്തെ തുടര്‍ന്നാണ് കപ്പലിലുള്ള പൗരന്‍മാരെ കാണാന്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് അനുമതി ലഭിച്ചത്. നാല് മലയാളികളടക്കം 17 ഇന്ത്യക്കാരാണ് എംഎസ്‌സി ഏരീസ് ചരക്കുകപ്പലിലുള്ളത്. കപ്പലിലെ ഇന്ത്യക്കാരടക്കമുള്ള ജീവനക്കാരുടെ മോചനത്തിന് വഴിയൊരുങ്ങുന്നതെയാണ് സൂചന.
ഇറാനുമായി ഉറ്റ സൗഹൃദമുള്ള ഇന്ത്യ കപ്പല്‍ പിടിച്ചെടുത്ത അന്ന് തന്നെ നയതന്ത്ര മാര്‍ഗങ്ങള്‍ വഴി ഇറാനുമായി ബന്ധപ്പെട്ടിരുന്നു. പിന്നാലെയാണ് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ ഇറാന്‍ വിദേശകാര്യമന്ത്രിയുമായി ഫോണ്‍ സംഭാഷണം നടത്തിയത്. ഉടന്‍ തന്നെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് പൗരന്‍മാരെ കാണാന്‍ വഴിയൊരുങ്ങും. ആകെ 25 ജീവനക്കാരുള്ള എംഎസ്‌സി ഏരീസ് ചരക്കുകപ്പലില്‍ 17 പേരും ഇന്ത്യക്കാരാണ്.
https://www.facebook.com/Malayalivartha