ഖാൻ യൂനസിന് സമീപം അഭയാർഥികൾ താമസിക്കുന്ന സ്കൂളിന് നേരെ, ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു...ടെന്റുകൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്...

ഖാൻ യൂനസിന് സമീപം അഭയാർഥികൾ താമസിക്കുന്ന സ്കൂളിന് നേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. അബസാൻ ടൗണിൽ സ്കൂളിന് പുറത്ത് അഭയാർഥികൾ താമസിക്കുന്ന ടെന്റുകൾക്ക് നേരെയാണ് ഇസ്രായേൽ ആക്രമണമുണ്ടായത്. ഗസ്സ ഗവൺമെന്റ് മീഡിയ ഓഫീസാണ് അക്രമത്തിൽ 29 പേർ കൊല്ലപ്പെട്ടുവെന്ന് അറിയിച്ചത്.ഇത് നാലാം തവണയാണ് അഭയാർഥികൾ താമസിക്കുന്ന സ്കൂളിന് നേരെ ഇസ്രായേൽ ആക്രമണം നടത്തുന്നത്. നാല് ദിവസത്തിനിടെയാണ് നാല് ആക്രമണങ്ങളും ഇസ്രായേൽ നടത്തിയത്. നേരത്തെ ഖാൻ യൂനിസിലുള്ള ജനങ്ങളോട് ഒഴിഞ്ഞു പോകാൻ ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു. ഇത് പതിനായിരക്കണക്കിനാളുകളെ പലായനത്തിന് നിർബന്ധിതമാക്കിയിരുന്നു. ഖാൻ യൂനിസിലെ മൂന്ന് ആശുപത്രികളും ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.അതിനിടെ ഗസ്സ ജനതക്കുമേൽ ഇസ്രായേൽ പട്ടിണി അടിച്ചേൽപ്പിക്കുകയാണെന്ന വിമർശനവുമായി യു.എൻ മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തി.
പോഷകാഹാര കുറവും ഡി-ഹൈഡ്രേഷനും മൂലം നിരവധി കുട്ടികളാണ് ഓരോ ദിവസവും ഗസ്സയിൽ മരിച്ചു വീഴുന്നതെന്നും അവർ വ്യക്തമാക്കി.
അതേസമയം, ഗസ്സയിൽ വെടിനിർത്തലിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. ഖത്തറിന്റേയും ഈജിപ്തിന്റേയും മധ്യസ്ഥതയിലാണ് ചർച്ച. ഇതിന്റെ ഭാഗമായുള്ള യോഗങ്ങൾ ഇന്നും ഈജിപ്ത്തിൽ നടക്കും. ഇതുവരെ 38,243 പേരാണ് ഇസ്രായേൽ നടത്തിയആക്രമണങ്ങളിൽ ഗസ്സയിൽ കൊല്ലപ്പെട്ടത്. 88,243 പേർക്കാണ് ഇതുവരെ ഇസ്രായേൽ ആക്രമണങ്ങളിൽ പരിക്കേറ്റത്.ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങൾ മൂലമുള്ള ഗാസയിലെ യഥാർഥ മരണസംഖ്യ 1,86,000 കടന്നേക്കുമെന്ന് പഠനം. പ്രമുഖ ആരോഗ്യ ജേണലായ ലാൻസെറ്റാണ് പഠനം പ്രസിദ്ധീകരിച്ചത്. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ശേഷം ഇന്നുവരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ 38,000 പലസ്തീനികൾക്ക് ജീവൻ നഷ്ടമായെന്നാണ് ഗാസയിലെ ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക്.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും പുറത്തെടുക്കാത്ത മൃതദേഹങ്ങളുണ്ട്. ആക്രമണങ്ങളിൽ ആരോഗ്യസംവിധാനങ്ങൾ തകർക്കപ്പെട്ടതുമൂലവും ഭക്ഷണമില്ലാതെയും മറ്റുമുണ്ടായ പരോക്ഷമായ മരണങ്ങൾ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുന്നില്ലെന്ന് പഠനം പറയുന്നു. ആക്രമണങ്ങളിൽനിന്ന് നേരിട്ടുണ്ടാകുന്ന പ്രശ്‌നങ്ങളേക്കാൾ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് പരോക്ഷമായി ജനങ്ങൾക്കുണ്ടാകുന്നത്. അടുത്ത നിമിഷം ഗാസയ്ക്കുമേലുള്ള ആക്രമണങ്ങൾ അവസാനിപ്പിച്ചാൽപോലും ഇതുകാരണമുള്ള മരണങ്ങൾ വരുംവർഷങ്ങളിലും തുടർക്കഥയാകുമെന്നും പഠനം പറയുന്നു.'ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തിന്റെ 15 ഇരട്ടിയോളം പേർ ഇത്തരത്തിൽ പരോക്ഷമായി കൊല്ലപ്പെട്ടിട്ടുണ്ട്', ലാൻസെറ്റ് പഠനറിപ്പോർട്ട് പറയുന്നു.
കൺസർവേറ്റീവ് എസ്റ്റിമേറ്റ് (conservative estimate) എന്ന രീതിയിലൂടെയാണ് പഠനം യഥാർഥ മരണസംഖ്യ കണക്കാക്കിയത്.ഇതുപ്രകാരം ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുമ്പോൾ പരോക്ഷമായി നാലുപേർ മരിക്കുന്നു എന്നാണ് കണക്ക്. അത്തരത്തിൽ കണക്കാക്കുമ്പോൾ 1,86,000-ൽ ഏലേറെ മരണങ്ങൾ ഗാസയിൽ ഉണ്ടാകുക എന്നത് അസാധ്യമല്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഇസ്രായേലിന്റെ ആക്രമണം ആരംഭിക്കുന്നതിന് മുമ്പുള്ള ഗാസയിലെ ജനസംഖ്യയുടെ (23 ലക്ഷം) എട്ട് ശതമാനത്തോളമാണ് ഈ മരണസംഖ്യ.ഗാസയിലെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കപ്പെട്ടതാണ് മരണസംഖ്യ കൃത്യമായി രേഖപ്പെടുക്കാൻ പലസ്തീനിലെ അധികൃതർക്ക് സാധിക്കാത്തതിന് കാരണമെന്ന് പഠനം പറയുന്നു. അതേസമയം, പലസ്തീൻ അധികൃതർ ഗാസയിലെ മരണസംഖ്യ പെരുപ്പിച്ചുകാണിക്കുന്നുവെന്ന ഇസ്രായേലി ഇന്റലിജൻസ് സർവീസിന്റേയും യു.എന്നിന്റേയും ലോകാരോഗ്യ സംഘടനയുടേയും ആരോപണം ലാൻസെറ്റ് പഠനം തള്ളി.
https://www.facebook.com/Malayalivartha