യു.എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്

യു.എസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. പ്രസിഡന്റ് സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ഫോമുകളില്‍ ഒപ്പിട്ടതായി കമല എക്‌സില്‍ കുറിച്ചു. ' ഓരോ വോട്ടിനും കഠിനമായി പരിശ്രമിക്കും. നവംബറില്‍ ഞങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കും' - കമല കുറിച്ചു.
ആഗസ്റ്റ് ഏഴിന് ഡെമോക്രാറ്റിക് കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിയായി കമലയെ തിരഞ്ഞെടുക്കും. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെയയും അന്ന് പ്രഖ്യാപിക്കും. കമലയ്‌ക്കെതിരെ മത്സരിക്കാന്‍ നിലവില്‍ പാര്‍ട്ടിയില്‍ ആരും മുന്നോട്ടുവന്നിട്ടില്ല. ബില്‍ ക്ലിന്റന്‍, ബറാക്ക് ഒബാമ, നാന്‍സി പെലോസി തുടങ്ങിയ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ ലഭിച്ചതിനാല്‍ കമലയ്ക്ക് അനായാസം പാര്‍ട്ടിയുടെ ഔദ്യോഗിക നോമിനി പദവി ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ കമലാ ഹാരിസിന് കഴിഞ്ഞ ദിവസം മുന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മുന്‍ സ്പീക്കര്‍ നാന്‍സി പെലോസി അടക്കം മുന്‍നിര നേതാക്കള്‍ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടും ഒബാമ മൗനം തുടര്‍ന്നത് അഭ്യൂഹങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒബാമയുടെ പത്‌നി മിഷേലും കമലയ്ക്ക് പിന്തുണയറിയിച്ചു. കമലയുടെ ജയത്തിന് സാദ്ധ്യമായതെല്ലാം ചെയ്യുമെന്ന് ഇരുവരും പറഞ്ഞു.
പ്രസിഡന്റ് ജോ ബൈഡന്‍ സ്ഥാനാര്‍ത്ഥിത്വം ഉപേക്ഷിച്ചാല്‍ മിഷേലിനെ ആ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ഒരു വിഭാഗം ഡെമോക്രാറ്റുകള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് നവംബറില്‍ നടക്കാനിരിക്കെ പുതിയ ആളെ പരീക്ഷിക്കുന്നത് പ്രായോഗികമല്ലെന്ന് അഭിപ്രായമുയര്‍ന്നു.കമല സ്ഥാനാര്‍ത്ഥിയാകുന്നതിനോട് ഒബാമയ്ക്ക് താത്പര്യമില്ലെന്ന റിപ്പോര്‍ട്ടുകളും ഇതിനിടെ പുറത്തുവന്നിരുന്നു. എന്നാല്‍ അവസാന നിമിഷം എതിര്‍പ്പ് പ്രകടിപ്പിക്കുന്നത് പാര്‍ട്ടിയുടെ ജയസാദ്ധ്യതയെ ബാധിക്കുമെന്നതിനാല്‍ ഒബാമ തീരുമാനം മാറ്റിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























