ട്രംപിന് ചുരുട്ടി കൂട്ടേണ്ടി വരും... ട്രംപിന്റെ തീരുവ ഭീഷണിക്കെതിരെ കൈകോര്‍ക്കാന്‍ മോദി, പുടിന്‍, ഷി ജിന്‍ പിങ്, നിര്‍ണായകം ഷാങ്ഹായി ഉച്ചകോടി; 50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അസ്വസ്ഥരായി അമേരിക്ക

50% തീരുവയിലും ഇന്ത്യ കുലുങ്ങാത്തതില്‍ അമേരിക്ക അസ്വസ്ഥരാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉയര്‍ത്തുന്ന താരിഫ് ഭീഷണികളെ പരസ്യമായി വെല്ലുവിളിക്കുന്ന നിലയിലേക്ക് ഇന്ത്യ-റഷ്യ-ചൈന സഖ്യം വളരുമോയെന്ന് ലോകം ഉറ്റുനോക്കുന്നതിനിടയിലാണ് ഷാങ്ഹായി ഉച്ചകോടി എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡ്മീര്‍ പുടിന്‍, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ് എന്നിവര്‍ ഒത്തുകൂടുന്ന ഉച്ചകോടി ആയതിനാല്‍ തന്നെ അതീവ രാഷ്ട്രീയ പ്രാധാന്യമാണ് ഷാങ്ഹായി ഉച്ചകോടിക്കുള്ളത്.
അമേരിക്കന്‍ തീരുവ ഭീഷണി വലിയ നിലയില്‍ നേരിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും റഷ്യയും. ഏറ്റവും ഒടുവില്‍ ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് ഷാങ്ഹായി ഉച്ചകോടി എന്നതുകൊണ്ട് വിഷയം വലിയ തോതില്‍ ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്. ജാപ്പനീസ് സന്ദര്‍ശനം ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി പറഞ്ഞു. ഈ സന്ദര്‍ശനം ആഗോളപരമായ സഹകരണത്തിന് ഊന്നല്‍ നല്‍കുന്നതാണ്. ജപ്പാനിലേക്കും ചൈനയിലേക്കുമുള്ള സന്ദര്‍ശനങ്ങള്‍ ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുന്നതാണെന്നും മോദി പറഞ്ഞു. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്. ഇന്ത്യ - ചൈന അതിര്‍ത്തി പ്രശ്‌നങ്ങളും സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.
അധിക തീരുവയെ ചൊല്ലി ഇന്ത്യ - അമേരിക്ക ഭിന്നത രൂക്ഷമായിരിക്കെ നരേന്ദ്ര മോദിയുടെ ജപ്പാന്‍, ചൈന സന്ദര്‍ശനം തുടങ്ങി. രാത്രി എട്ട് മണിക്കാണ് പ്രധാനമന്ത്രി ജപ്പാനിലേക്ക് തിരിച്ചത്. രണ്ടു ദിവസം ജപ്പാനില്‍ നടത്തുന്ന ചര്‍ച്ചകളില്‍ വ്യാപാര രംഗത്തെ സഹകരണവും ഉയര്‍ന്നു വരും. ജപ്പാനിലേക്കുള്ള കയറ്റുമതി കൂട്ടുന്ന വിഷയവും ചര്‍ച്ചയാവും. ഇതിന് ശേഷം ജപ്പാനില്‍ നിന്നും പ്രധാനമന്ത്രി മോദി, ഷാങ്ഹായി സഹകരണ ഉച്ചകോടിക്കായി ഞായറാഴ്ച ചൈനയിലെത്തും. അമേരിക്കയുമായി താരിഫ് തര്‍ക്കം തീര്‍ക്കാന്‍ ഇന്ത്യ പ്രത്യേക ചര്‍ച്ചയൊന്നും ഇതുവരെയും നിശ്ചയിച്ചിട്ടില്ല. പക്ഷേ പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ചകളില്‍ വിഷയം ഉയര്‍ന്നുവരുമെന്ന് ഉറപ്പാണ്. ബ്രിക്‌സ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ എന്തു ചെയ്യണം എന്ന ആലോചന ഇന്ത്യയ്ക്കും റഷ്യയ്ക്കും ചൈനയ്ക്കുമിടയിലും നടക്കുമെന്നാണ് വിലയിരുത്തലുകള്‍.
അതേസമയം അമേരിക്ക ചുമത്തിയ അധിക തീരുവ സാഹചര്യം കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലേക്കുള്ള കയറ്റുമതി കൂട്ടാനുള്ള തന്ത്രങ്ങളാണ് ഇന്ത്യ ആലോചിക്കുന്നത്. പ്രതിസന്ധി മറികടക്കാന്‍ വ്യവസായികളുമായി വാണിജ്യ മന്ത്രാലയം കൂടിയാലോചനകള്‍ തുടരുകയാണ്. അമേരിക്കയില്‍ നിന്നും മാറി കൂടുതല്‍ രാജ്യങ്ങളിലേക്ക് കയറ്റുമതി സാധ്യത വര്‍ധിപ്പിക്കുക എന്ന നിര്‍ദ്ദേശമാണ് വ്യവസായികളും പ്രധാനമായും മുന്നോട്ട് വച്ചത്. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. നാല്‍പ്പത് രാജ്യങ്ങളിലേക്കെങ്കിലും ഇന്ത്യയുടെ കയറ്റുമതി നടത്താനുള്ള സാധ്യതകളാണ് സര്‍ക്കാര്‍ തേടുന്നത്. യൂറോപ്യന്‍ യൂണിയനുമായുള്ള വ്യാപാര കരാര്‍ ഒക്ടോബറോടുകൂടി യാഥാര്‍ത്ഥ്യമാക്കാനുള്ള നീക്കവും ഇന്ത്യയുടെ ഭാഗത്ത് നിന്നും സജീവമാക്കിയിട്ടുണ്ട്.
25 ശതമാനം പിഴ തീരുവയടക്കം മൊത്തം 50 ശതമാനം തീരുവയാണ് ഇന്ത്യക്കെതിരെ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയത്. റഷ്യ - യുക്രൈന്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തിലും ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് റഷ്യയുടെ സാമ്പത്തിക നേട്ടത്തിന് വേണ്ടിയാണെന്നും ഇത് അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പിഴ തീരുവ നടപടിയെന്നാണ് ട്രംപ് ആദ്യം വിശദീകരിച്ചത്. എന്നാല്‍ അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ച ഇന്ത്യ അനാവശ്യമായി നീട്ടിയതും നടപടിക്ക് കാരണമായെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റ് ചൂണ്ടിക്കാട്ടി. മെയ് മാസത്തില്‍ ഒപ്പിടുമെന്ന് പ്രതീക്ഷിച്ച കരാറാണ് ഇത്രയും നീണ്ടതെന്നും യു എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബസന്റ് കുറ്റപ്പെടുത്തി.
തീരുവയിലെ അഭിപ്രായ ഭിന്നത മുറുകവേ യുക്രൈന്‍ യുദ്ധം മോദിയുടെ യുദ്ധമെന്ന ഗുരുതര ആരോപണം ഉന്നയിച്ച് അമേരിക്ക. ഡോണള്‍ഡ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് പീറ്റര്‍ നവാറോ ആണ് മോദിയാണ് യുദ്ധം നടത്തുന്നതെന്ന വിചിത്ര ആരോപണം ഉന്നയിച്ചത്. ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ നിലവില്‍ വന്നതിന് ശേഷം ഇന്ത്യ - യു എസ് ബന്ധം കൂടുതല്‍ ഉലയുന്നു എന്ന് സൂചിപ്പിക്കുന്ന പ്രസ്താവനയാണ് ട്രംപിന്റെ വാണിജ്യ ഉപദേഷ്ടാവ് നടത്തിയിരിക്കുന്നത്. റഷ്യ യുദ്ധം ചെയ്യുന്നത് പ്രധാനമായും ഇന്ത്യയില്‍ നിന്ന് കിട്ടുന്ന പണം കൊണ്ടാണ്. അതിനാല്‍ യുക്രൈനിലെ നാശനഷ്ടത്തിന്റെ ഉത്തരവാദിത്തം ഇന്ത്യയ്ക്കാണ്. ഇത് മോദിയുടെ യുദ്ധമാണെന്നും ഒരു അഭിമുഖത്തില്‍ പീറ്റര്‍ നവാറോ പറഞ്ഞു.
റഷ്യന്‍ പ്രസിഡന്റ് പുടിന്റെ യുദ്ധമല്ലേ എന്ന ചോദ്യം ഉയര്‍ന്നെങ്കിലും അല്ല മോദിയുടെ യുദ്ധം എന്ന് വൈറ്റ് ഹൗസ് സാമ്പത്തിക ഉപദേഷ്ടാവ് ആവര്‍ത്തിച്ചു. 50 ശതമാനം തീരുവ വന്നിട്ടും ഇന്ത്യ കുലുങ്ങാത്തതിനാല്‍ ട്രംപ് ഭരണകൂടം അസ്വസ്ഥരാകുന്നു എന്നാണ് ഇത് നല്‍കുന്ന സൂചന. അമേരിക്ക തീരുവ ഉയര്‍ത്തിയ സാഹചര്യം നേരിടാന്‍ കൂടുതല്‍ രാജ്യങ്ങളിലേക്കുളള കയറ്റുമതി ഉയര്‍ത്താനുള്ള വഴികള്‍ ഇന്ത്യ തേടുകയാണ്. ഇക്കാര്യം ജപ്പാന്‍ - ചൈന സന്ദര്‍ശനങ്ങള്‍ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച ചെയ്യും. ഞായറാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങുമായി നടത്തുന്ന ചര്‍ച്ചയില്‍ ബ്രിക്‌സ് രാജ്യങ്ങള്‍ക്കിടയിലെ സഹകരണം ശക്തമക്കുന്നതും ചര്‍ച്ചയാകും.
അതേസമയം മാര്‍ച്ച് മാസത്തില്‍ പ്രസിഡന്റ് ഷി ജിന്‍ പിങ് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് കത്ത് എഴുതിയിരുന്നു എന്ന വാര്‍ത്ത ചൈന ഇതിനിടെ സ്ഥിരീകരിച്ചു. വാര്‍ത്താ ഏജന്‍സിയായ ബ്‌ളൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് ഇന്ന് ചൈന സ്ഥിരീകരിച്ചത്. അമേരിക്കന്‍ തീരുവയെ എതിര്‍ത്തുകൊണ്ടാണ് കത്ത് നല്‍കിയതെന്ന വാദം ചൈന അംഗീകരിച്ചിട്ടില്ല. പകരം ഇന്ത്യ - ചൈന ബന്ധം മെച്ചപ്പെടുത്തണം എന്ന് നിര്‍ദ്ദേശമാണ് കത്തില്‍ പ്രധാനമായും നിര്‍ദ്ദേശിച്ചിരുന്നതെന്നാണ് ഇന്ത്യയിലെ ചൈനീസ് അംബാസഡര്‍ ഷു ഫയ്‌ഹോംഗ് വിശദീകരിച്ചത്. പരസ്പര വിശ്വാസം വളര്‍ത്തണം എന്നും ഷി നിര്‍ദ്ദേശിച്ചെന്നും ചൈനീസ് അംബാസഡര്‍ വിവരിച്ചു. എന്നാല്‍ താരിഫ് അടക്കമുള്ള വിഷയങ്ങള്‍ കത്തിലില്ലായിരുന്നു എന്നാണ് ചൈനീസ് അംബാസഡര്‍ നല്‍കുന്ന സന്ദേശം.
അതിനിടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി മാത്രമല്ല പകരം തീരുവ ഏര്‍പ്പെടുത്താന്‍ കാരണമെന്ന് അമേരിക്കന്‍ ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് വെളിപ്പെടുത്തിയിരുന്നു. മേയില്‍ യാഥാര്‍ത്ഥ്യമാകും എന്ന് കരുതിയ വ്യാപാര കരാര്‍ ഇന്ത്യ ഇത്രയും നീട്ടിക്കൊണ്ടു പോയത് അധിക തീരുവ പ്രഖ്യാപിക്കാന്‍ പ്രേരിപ്പിച്ചെന്നും സ്‌കോട്ട് ബെസെന്റ് വ്യക്തമാക്കി. ഇന്ത്യക്ക് മാത്രം പിഴ പ്രഖ്യാപിച്ചതില്‍ അമേരിക്കയിലും അമര്‍ഷം പ്രകടമാകുമ്പോഴാണ് യുക്രൈന്‍ യുദ്ധം മോദി നടത്തുന്നു എന്ന ന്യായീകരണം നല്‍കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കമെന്ന് വ്യക്തമാണ്. ഇതിനിടെ ഇന്ത്യയ്ക്ക് അമേരിക്ക തീരുവ ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ പകരം തീരുവ പ്രഖ്യാപിച്ച് തിരിച്ചടിക്കണമെന്ന് അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടു.
യുക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യയുടെ ശക്തമായ വ്യോമാക്രമണത്തില്‍ നാല് കുട്ടികളുള്‍പ്പെടെ 17 പേര്‍ കൊല്ലപ്പെട്ടതില്‍ അതിശക്ത വിമര്‍ശനം. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കവെ നടത്തിയ ആക്രമണത്തില്‍ റഷ്യക്കെതിരെ വിവിധ ലോക രാജ്യങ്ങള്‍ വിമര്‍ശനം കടുപ്പിച്ച് രംഗത്തെത്തി. നയതന്ത്ര ചര്‍ച്ചകള്‍ക്ക് പകരം റഷ്യ മിസൈലുകള്‍ തെരഞ്ഞെടുത്തുവെന്ന വിമര്‍ശനവുമായി യുക്രൈന്‍ പ്രസിഡന്റ് വ്‌ലോഡിമിര്‍ സെലന്‍സ്‌കിയാണ് ആദ്യം രംഗത്തെത്തിയത്. പിന്നാലെ അമേരിക്ക, യു കെ, ഫ്രാന്‍സ് രാജ്യങ്ങളടക്കം റഷ്യക്കെതിരെ വിമര്‍ശനം ഉന്നയിച്ചു.
സമാധാന ശ്രമങ്ങള്‍ക്ക് പുടിന്‍ തുരങ്കം വയ്ക്കുകയാണെന്നാണ് യു കെ പ്രധാനമന്ത്രി കെയര്‍ സ്റ്റാമര്‍ കുറ്റപ്പെടുത്തിയത്. യു കെയിലെ റഷ്യന്‍ അംബാസഡറെ വിദേശകാര്യ മന്ത്രാലയത്തിലേക്ക് വിളിച്ചുവരുത്തി പ്രതിഷേധം അറിയിക്കുമെന്നും യു കെ പ്രധാനമന്ത്രി വ്യക്തമാക്കി. സമാധാനം പുലരാന്‍ റഷ്യക്ക് താത്പര്യമില്ലെന്നാണ് അമേരിക്ക വിമര്‍ശിച്ചത്. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെ നടത്തിയ ആക്രമണം ശരിയായില്ലെന്നതടക്കമുള്ള വിമര്‍ശനങ്ങളാണ് ഫ്രാന്‍സ് മുന്നോട്ട് വച്ചത്.
അതേസമയം റഷ്യയുടെ ആക്രമണത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് യുക്രൈന്‍ സൈന്യം നടത്തിയത്. തലസ്ഥാനമായ കീവടക്കം പതിമൂന്ന് സ്ഥലങ്ങള്‍ റഷ്യ ലക്ഷ്യം വെച്ചുവെന്നാണ് യുക്രൈന്‍ സൈന്യം ആരോപിച്ചത്. കീവിലെ യൂറോപ്യന്‍ യൂണിയന്‍ ഡെലിഗേഷന്‍ ഓഫീസിനും ബ്രിട്ടീഷ് കൗണ്‍സില്‍ ഓഫീസിനും ആക്രമണത്തില്‍ കേടുപാട് പറ്റിയെന്നും യുക്രൈന്‍ സൈന്യം വിവരിച്ചു.
അതേസമയം സമാധാനം പുലരുമെന്ന പ്രതീക്ഷയോടെ ലോകം ഉറ്റുനോക്കിയ റഷ്യ - യുക്രൈന്‍ ചര്‍ച്ച നിലവില്‍ അനിശ്ചിതത്വത്തിലാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനും തമ്മില്‍ നടന്ന അലാസ്‌ക ഉച്ചകോടിയുടെ തുടര്‍ച്ചയായുള്ള ചര്‍ച്ചയാണ് പ്രതിസന്ധിയിലായിരിക്കുന്നത്. റഷ്യ - യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനായി പുടിനും യുക്രൈന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ സെലന്‍സ്‌കിയും തമ്മില്‍ നടത്താമെന്ന് ധാരണയെത്തിയിരുന്ന ചര്‍ച്ച തത്കാലം നടക്കില്ലെന്ന് റഷ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അങ്ങനെ ഒരു ചര്‍ച്ച ഇപ്പോള്‍ തീരുമാനിച്ചിട്ടില്ലെന്നാണ് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് കഴിഞ്ഞ ദിവസം അറിയിച്ചത്. എന്‍ ബി സി ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ലാവ്റോവ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അതിനുള്ള തീരുമാനം എടുത്തിട്ടില്ലെന്നും ലാവ്റോവ് വ്യക്തമാക്കിയിരുന്നു. നേര്‍ക്കുനേര്‍ യോഗത്തിനുള്ള അജന്‍ഡ ഇപ്പോഴില്ലെന്നും അതിനാല്‍ ചര്‍ച്ചകള്‍ മാറ്റിവെക്കാനാണ് റഷ്യയുടെ തീരുമാനമെന്നും ലാവ്റോവ് വിവരിച്ചു. വിശദമായ അജന്‍ഡ തയാറാകുമ്പോള്‍ മാത്രമേ ചര്‍ച്ചകള്‍ പരിഗണിക്കാനാകൂ എന്നാണ് റഷ്യയുടെ നിലപാട്.
നേരത്തെ യുറോപ്പിലെ ഏതെങ്കിലും നിഷ്പക്ഷ വേദിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനുമായി യുദ്ധം അവസാനിപ്പിക്കാനുളള ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളഡിമീര്‍ സെലന്‍സ്‌കി വ്യക്തമാക്കിയിരുന്നു. ചര്‍ച്ചയില്‍ പുടിന്‍ നേരിട്ട് പങ്കെടുക്കുമോ എന്ന് ഉറപ്പ് നല്‍കാതെയുള്ള പ്രതികരണങ്ങളായിരുന്നു ആദ്യം മുതലേ റഷ്യയുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുള്ളത്. പ്രതിനിധി തല ചര്‍ച്ചകള്‍ മതിയെന്ന നിലപാടിലാണ് റഷ്യയെന്നാണ് വ്യക്തമാകുന്നത്. അലാസ്‌ക ഉച്ചകോടിക്ക് ശേഷം ട്രംപും വൈറ്റ് ഹൗസും നടത്തിയ പ്രസ്താവനകള്‍ക്ക് വിരുദ്ധമാണ് റഷ്യയുടെ പുതിയ നിലപാട്. യുക്രൈന്‍ - റഷ്യ യുദ്ധം അതിശക്തമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പിന്മാറ്റമെന്നാണ് സൂചന.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് മേല്‍ 50% തീരുവ ഉള്‍പ്പെടെയുള്ള കനത്ത താരിഫുകള്‍ ചുമത്താനുള്ളതിന്റെ കാരണം വ്യാപാര - സാമ്പത്തിക നിലപാടുകള്‍ക്കപ്പുറമുള്ള ഒരു വലിയ തന്ത്രത്തിന്റെ ഭാഗമാണെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. താരിഫുകള്‍ വ്യാപാരത്തിനുള്ള ഉപകരണമായി മാത്രമല്ല, രാഷ്ട്രീയവും സാമ്പത്തികവുമായി സമ്മര്‍ദ്ദം ചെലുത്തുന്നതിനുള്ള മാര്‍ഗ്ഗമായി കൂടിയാണ് ഉപയോഗിക്കപ്പെടുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
വ്യാപാരക്കമ്മി മറ്റ് രാജ്യങ്ങള്‍ അമേരിക്കയെ ചൂഷണം ചെയ്യുന്നതിന്റെ തെളിവാണെന്ന് ട്രംപ് വിശ്വസിക്കുന്നതായി രഘുറാം രാജന്‍ പറഞ്ഞു. താരിഫ് ചുമത്തുന്നതിലൂടെ വ്യാപാര രംഗത്ത് തുല്യ അവസരം ഉറപ്പാക്കാന്‍ കഴിയുമെന്ന് ട്രംപ് വിശ്വസിക്കുന്നു ട്രംപിന്റെ ഈ നിലപാടിന് 1980-കള്‍ മുതല്‍ക്കേയുള്ള ചരിത്രമുണ്ടെന്നും, അക്കാലത്ത് അദ്ദേഹം ജപ്പാനെ വിമര്‍ശിച്ചിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. താരിഫ് അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് ബാധ്യതയായി മാറില്ലെന്നും, പുറത്തുനിന്നുള്ളവര്‍ക്ക് ചുമത്തുന്ന നികുതിയായി ഇത് കണക്കാക്കപ്പെടുന്നു എന്നും രഘുറാം രാജന്‍ അഭിപ്രായപ്പെട്ടു. ഇതിലൂടെ ലഭിക്കുന്ന വരുമാനം ട്രംപ് പ്രഖ്യാപിച്ച നികുതിയിളവുകള്‍ നികത്താന്‍ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സൈനിക ശക്തി ഉപയോഗിക്കാന്‍ ആഗ്രഹിക്കാത്ത സന്ദര്‍ഭങ്ങളില്‍ ഒരു ബലപ്രയോഗത്തിനുള്ള മാര്‍ഗമായി അമേരിക്ക താരിഫുകള്‍ ഉപയോഗിക്കുന്നു ഇതിന്റെ ആത്യന്തിക ഫലം മറ്റ് രാജ്യങ്ങള്‍ കഷ്ടപ്പെടുക എന്നതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
തുടക്കത്തില്‍ ഇന്ത്യയെയും മറ്റ് ഏഷ്യന്‍ രാജ്യങ്ങളെയും ഒരേ താരിഫ് വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഏകദേശം 20% താരിഫ് ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. മോദി-ട്രംപ് ബന്ധം കൂടുതല്‍ മെച്ചപ്പെട്ട ഫലം നല്‍കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു, എന്നാല്‍ അത് സംഭവിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. മറ്റേതൊരു ഏഷ്യന്‍ രാജ്യങ്ങളെക്കാളും ഉയര്‍ന്ന താരിഫാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. തുര്‍ക്കി, ചൈന, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ രാജ്യങ്ങള്‍ റഷ്യയുമായി ഊര്‍ജ്ജ വ്യാപാരം തുടര്‍ന്നപ്പോഴും അവര്‍ക്ക് സമാനമായ ശിക്ഷാനടപടികള്‍ നേരിടേണ്ടി വന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ''ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധം തകര്‍ന്നിരിക്കുന്നു'' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
"
https://www.facebook.com/Malayalivartha