ജനുവരിയിലെ നദി ഒരുങ്ങി, ഒളിംപിക്‌സിന് ഇന്ന് ദീപം തെളിയും

റിയോ ഡെ ജനീറോയിലെ പ്രസിദ്ധമായ മാറക്കാന സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച രാത്രി എട്ടിന് (ഇന്ത്യന്‍ സമയം ശനിയാഴ്ച പുലര്‍ച്ചെ 4.30) വര്‍ണം വാരിച്ചൊരിയുന്ന ആഘോഷരാവില്‍ ലോകത്തെ ഏറ്റവും വലിയ കായികമാമാങ്കത്തിന് ദീപം തെളിയും.
കിഴക്കും തെക്കും അറ്റ്‌ലാന്റിക് സമുദ്രം, നഗരം ചുറ്റി കോട്ടപണിത് മലനിരകള്‍, പിന്നെ നീല ജലാശയങ്ങളും- റിയോ അക്ഷരാര്‍ഥത്തില്‍ പ്രകൃതിയുടെ മടിത്തട്ടില്‍ തന്നെയാണ്. ഇപ്പോഴിതാ ലോക കായിക മേളക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ നഗരത്തിന്റെ മുഖച്ഛായ ഒന്നുകൂടി മിനുക്കിയിരിക്കുന്നു.
ഈ ഒളിമ്പിക്‌സിലെ ഏറ്റവും കടുത്ത പോരാളികള്‍ ബ്രസീലാണ്. അത്രയധികം പരീക്ഷണങ്ങളും കഠിനപരിശീലനവും താണ്ടിയാണ് അവര്‍ ഒളിമ്പിക്‌സ് നടത്തുന്നത്. അവസാന മണിക്കൂറിലും ഒരുക്കങ്ങള്‍ തുടരുകയാണ്. മഹാമേള നടക്കാന്‍ പോകുന്നതിന്റെ പ്രത്യക്ഷ സാക്ഷ്യം സുരക്ഷാ സൈനികരുടെയും പൊലീസിന്റെയും നിറഞ്ഞ സാന്നിധ്യമാണ്.
പ്രകൃതി നിറഞ്ഞുതുടിക്കുന്ന നഗരത്തിലെ ബീച്ചുകളും കൊര്‍കോവാഡേ മലക്കുമുകളില്‍ കൈ വിടര്‍ത്തി നില്‍ക്കുന്ന യേശു ക്രിസ്തുവിന്റെ കൂറ്റന്‍ പ്രതിമയും ഷുഗര്‍ലോഫ് മലയില്‍ 1300 അടി ഉയരത്തിലുള്ള കേബ്ള്‍ കാര്‍ സര്‍വിസും റിയോ കാര്‍ണിവല്‍ പരേഡ് നടക്കുന്ന സാംബഡ്രോമും ലോകത്തെ ഏറ്റവും വലിയ ഫുട്ബാള്‍ സ്റ്റേഡിയമായ ചരിത്രമുറങ്ങുന്ന മാറക്കാനയുമെല്ലാമാണ് സഞ്ചാരികളെ ആകര്‍ഷിക്കാന്‍ റിയോയുടെ കൈവശമുള്ളത്.
തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഇതാദ്യമായി നടക്കുന്ന ഒളിമ്പിക്‌സില്‍ 206 രാജ്യങ്ങളില്‍നിന്നുള്ള 10,500 ലേറെ താരങ്ങളാണ് മാറ്റുരക്കുക. 28 കളികളിലെ 42 ഇനങ്ങളില്‍ 306 സ്വര്‍ണമെഡലുകളാണ് ലോക വിജയികളെ കാത്തിരിക്കുന്നത്. ശനിയാഴ്ച മുതല്‍ മിക്ക കളിക്കളങ്ങളും സജീവമാകും. ഓരോ കായികതാരത്തിന്റെയും ആത്യന്തിക ജീവിതലക്ഷ്യമായ ഒളിമ്പിക് മെഡലിനായി തീപാറുന്ന കൊടുംപോരാട്ടങ്ങളായിരിക്കും പിന്നെയങ്ങോട്ട്.
ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് അഭയാര്‍ഥികളുടെ ആശയായി 10 കായികതാരങ്ങള്‍ ഇതാദ്യമായി മത്സരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. വിജയപീഠം കയറാന്‍ ഇന്ത്യയിലെ 118 അംഗസംഘം റിയോയില്‍ എത്തിക്കഴിഞ്ഞു. കഴിഞ്ഞതവണയേക്കാള്‍ 36 പേര്‍ അധികം. ഗുസ്തിക്കാരന്‍ നര്‍സിങ് യാദവും ഷോട്ട്പുട്ട് ഏറുകാരന്‍ ഇന്ദര്‍ജീത് സിങ്ങും ഓട്ടക്കാരന്‍ ധരംബീര്‍ സിങ്ങും ഉത്തേജക മരുന്നടിച്ചതിന് പിടിക്കപ്പെട്ട നാണക്കേടുമായി എത്തുന്ന ഇന്ത്യയെ രാജ്യത്തിന്റെ ഏക വ്യക്തിഗത സ്വര്‍ണമെഡലുകാരന്‍ അഭിനവ് ബിന്ദ്രയാണ് നയിക്കുന്നത്. നര്‍സിങ് ഒടുവില്‍ കുറ്റവിമുക്തനായിട്ടുണ്ട്.
https://www.facebook.com/Malayalivartha



























