രാവിലെ എഴുന്നേറ്റ് ജോഗിങ്ങിനുവേണ്ടി നടന്നത് ക്യാനഡയിൽ; ചെന്നുനിന്നത് യു.എസില്‍... ഒടുവിൽ ഫ്രാൻസ് സ്വദേശിനിക്ക് രണ്ടാഴ്ചത്തെ ജയിൽവാസം

പ്രഭാത സവാരിക്കിടെ അബദ്ധത്തില്‍ കനേഡിയന്‍ അതിര്‍ത്തി കടന്നു യു.എസിലെത്തിയ യുവതി ജയിലിലായി. ഫ്രാന്‍സ് സ്വദേശിനിയായ സിഡെല്ല റോമന്‍ (19) ആണു രണ്ടാഴ്‌ച ജയിലില്‍ കഴിഞ്ഞത്. കാനഡയുടെ പടിഞ്ഞാറന്‍ പ്രവിശ്യയായ ബ്രിട്ടീഷ് കൊളംബിയയിലെ വൈറ്റ് റോക്കിനു സമീപം കഴിഞ്ഞ മാസം 21 നായിരുന്നു സംഭവം.
ബ്രിട്ടീഷ് കൊളംബിയയില്‍ താമസിക്കുന്ന മാതാവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു സിഡെല്ല. യു.എസ്-കാനഡ അതിര്‍ത്തി സംബന്ധിച്ച് യുവതിക്ക് കാര്യമായ ധാരണയില്ലായിരുന്നു. പതിവ് പ്രഭാത സവാരിക്കിറങ്ങിയ അവര്‍, അതിര്‍ത്തി കടന്ന് ഒരു കിലോമീറ്ററോളം യു.എസ്. പ്രദേശത്ത് പ്രവേശിച്ചിരുന്നു. യു.എസ്. ബോഡര്‍ പെട്രോള്‍ ഉദ്യോഗസ്‌ഥരായ രണ്ടു പേര്‍ ഇതിനിടെ സിഡെല്ലയെ സമീപിച്ച് രേഖകള്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് താന്‍ യു.എസില്‍ പ്രവേശിച്ചതായി യുവതിക്ക് ബോധ്യമാകുന്നത്.
പ്രഭാത സവാരിക്ക് ഇറങ്ങിയതാണെന്നും ഔദ്യോഗിക രേഖകള്‍ കൈവശമില്ലെന്നും അറിയിച്ചെങ്കിലും യു.എസ്. ഉദ്യോഗസ്‌ഥര്‍ വഴങ്ങിയില്ല. തുടര്‍ന്നു കസ്‌റ്റഡിയിലെടുത്ത സിഡെല്ലയെ, 140 കിലോമീറ്റര്‍ അകെല ടാക്കോമയിലെ ജയിലിലേക്കു മാറ്റി. ഈ മാസം അഞ്ചിനാണ് യുവതിയെ കാനഡയിലേക്കു മടക്കിയയച്ചത്. യു.എസ്.-കാനഡ അതിര്‍ത്തിയില്‍ ഇത്തരം സംഭവങ്ങള്‍ അത്യപൂര്‍വമാണ്. എന്നാല്‍, യു.എസിന്റെയോ കാനഡയുടെയോ പൗരത്വമുള്ളയാളല്ലാത്തതിനാലാണ് സിഡെല്ലയുടെ പ്രശ്‌നം ഗുരുതരമായതെന്നു യു.എസ്. വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























