സ്വന്തം ഭാര്യയെ കുറിച്ച് പറയുമ്പോള്‍ 'ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തത് ഓര്‍മിപ്പിക്കല്ലേ' എന്ന് തമാശക്കെങ്കിലും പറഞ്ഞ് നെറ്റി ചുളിയുന്ന ഭര്‍ത്താക്കന്മാര്‍ ഈ കുറിപ്പു വായിക്കുന്നത് നല്ലതാണ്; ഒരുപാട് ചിന്തിപ്പിക്കുന്ന ഒരു യുവാവ് പങ്കുവച്ച കുറുപ്പ് വൈറലാകുന്നു

സ്വന്തം ഭാര്യയെ കുറിച്ച് സംസാരിക്കുമ്പോള്‍ ഇഷ്ടക്കേട് കൊണ്ട് മുഖം ചുളിയുന്ന ഭര്‍ത്താക്കന്മാരെ നമ്മള്‍ കണ്ടിട്ടുണ്ടാകും. ഒരുകാലത്ത് ദേവതയെ പോലെ ജീവിതത്തിലേക്ക് കടന്നുവന്നവള്‍ എന്നുമുതലാണ് നിങ്ങളുടെ ശത്രുവായി മാറിയതെന്ന് ചിന്തിച്ചിട്ടുണ്ടോ? ഇത് സംബന്ധിച്ച് ജയന്‍ കാര്‍ത്തികേയന്‍ എന്ന യുവാവ് പങ്കുവച്ച ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുന്ന കുറിപ്പ് സൈബര്‍ ലോകത്ത് ഏറെ ചര്‍ച്ചകള്‍ക്ക് വഴി വയ്ക്കുന്നുണ്ട്. എന്നാല്‍ കുറിപ്പ് എഴുതിയത് ആരാണെന്ന് ഇതില്‍ പരാമര്‍ശിച്ചിട്ടില്ല.
ജയന്‍ കാര്‍ത്തികേയന്‍ പങ്കുവച്ച ആ കുറിപ്പ് വായിക്കാം;
സ്വന്തം ഭാര്യയെ കുറിച്ച് ആരെങ്കിലും എപ്പോഴെങ്കിലും ചോദിച്ചാല്‍ 'ഓര്‍ക്കാന്‍ ഇഷ്ടമില്ലാത്തത് ഓര്‍മിപ്പിക്കല്ലേ' എന്ന് തമാശക്കെങ്കിലും പറയാത്ത ഒരു വിവാഹിതനും ഉണ്ടാകില്ല. എന്നാല്‍ ഒരു 20-25 വയസ്സായിരുന്ന കാലഘട്ടം നിങ്ങള്‍ക്കും ഉണ്ടായിരുന്നില്ലേ? സൗന്ദര്യമുള്ള പെണ്‍കുട്ടികളെ കാണുമ്പോള്‍ അറിയാതെയെങ്കിലും ഇവള്‍ എന്റെ ആയിരുന്നെങ്കിലെന്ന് നിങ്ങളും ആഗ്രഹിച്ചിട്ടില്ലേ ? വിവാഹിതരെ കണ്ട് അസൂയപ്പെട്ടിട്ടില്ലേ? വിവാഹം വേഗം നടത്താന്‍ വീട്ടുകാരുമായി യുദ്ധം ചെയ്തവരും കുറച്ചെങ്കിലും ഇല്ലേ? പഠനം പൂര്‍ത്തിയാക്കി ഒരു ജോലി നേടി കുടുംബ ഭാരങ്ങള്‍ ഇറക്കി വച്ച് എത്രയും വേഗം കൂട്ടിനൊരു പെണ്ണിനെ കണ്ടുപിടിക്കാന്‍ ആഗ്രഹിച്ചിരുന്നൊരു കാലം നിങ്ങള്‍ക്കും ഉണ്ടായിട്ടില്ലേ? അന്നെല്ലാം വിവാഹത്തെ കുറിച്ചും ഭാവിവധുവിനെ കുറിച്ചും ഉള്ള സങ്കല്‍പ്പങ്ങളെകുറിച്ച് ആരെങ്കിലും ചോദിച്ചാല്‍ നൂറു നാവ് നിങ്ങള്‍ക്കും ഉണ്ടായിരുന്നില്ലേ? സ്വന്തം സ്വഭാവശുദ്ധിയെ പറ്റി ചിന്തിക്കുന്നതിനു മുന്‍പ് 'അവള്‍' സല്‍സ്വഭാവിയും സമൂഹം നിഷ്‌കര്‍ഷിക്കുന്ന 'അടക്കവും ഒതുക്കവും' ഉള്ളവളും ആയിരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലേ??? തനിക്കിണങ്ങുന്ന ഒരു പെണ്‍കുട്ടിയെ സ്വന്തമായോ വീട്ടുകാരിലൂടെയോ കണ്ടെത്തിയ ഒരു കാലം ഓര്‍ക്കുന്നുണ്ടോ? അവളുടെ പൂര്‍ണ അവകാശം വിവാഹത്തിന് മുന്‍പേ വിവാഹനിശ്ചയമെന്ന പേരില്‍ വാങ്ങി സൂക്ഷിച്ചതോര്‍മ്മയുണ്ടോ? അന്ന് മുതല്‍ പുറത്തിറങ്ങാന്‍ പോലും നിങ്ങളുടെ അനുവാദം അവള്‍ ചോദിക്കുമ്പോള്‍ അറിയാതെയെങ്കിലും ഉള്ളാല്‍ സന്തോഷിക്കാതിരുന്നിട്ടുണ്ടോ? ഒടുവിലവള്‍ സ്വന്തമായ ദിവസം എന്തൊക്കെയോ നേടിയെന്ന് ചിന്തിക്കാതിരുന്നിട്ടുണ്ടോ? ഇതെല്ലാം ചെയ്ത നിങ്ങള്‍ തന്നെയല്ലേ അവിവാഹിതരോട് 'അയ്യോ... പോയി കുഴിയില്‍ചാടല്ലേ... ഞാനോ പെട്ടു... ഇനി നീയും കൂടി തല വയ്ക്കല്ലേ...'എന്ന് പറയുന്നത്? വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അവളെ കൂടെ കൊണ്ട് നടക്കാന്‍ നിങ്ങള്‍ മടിക്കുന്നു... നിന്നെ ഇപ്പൊ കണ്ടാല്‍ എന്റെ അമ്മയാണെന്നേ പറയൂ എന്ന് പരാതി പറയുന്നു... കൂടുതല്‍ സുന്ദരികളായ സ്ത്രീകളെ വച്ച് അവരെ താരതമ്യം ചെയ്യുന്നു... ഓര്‍ത്തിട്ടുണ്ടോ നിങ്ങള്‍? വിവാഹദിവസം തന്റെ മകളാണോ എന്ന സംശയിക്കത്തക്ക വിധമുണ്ടായിരുന്ന അവള്‍ എങ്ങനെ ഇങ്ങനെ മാറി? അവള്‍ അത് വരെ ഉണ്ടായിരുന്ന സകല സ്വാതന്ത്ര്യവും ഇഷ്ടാനിഷ്ടങ്ങളും ആഗ്രഹങ്ങളും മാറ്റിവച്ചാണ് നിങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്നത്... നിങ്ങള്‍ സമൂഹത്തില്‍ വലിയവനായിരിക്കാന്‍ അവള്‍ അവളുടെ സ്വപനങ്ങള്‍ ത്യജിച്ച് നിങ്ങളുടെ സ്വപ്നങ്ങള്‍ക്കു വെള്ളമൊഴിച്ചു കൂടെ നിന്നു... നിങ്ങള്‍ക്കും നിങ്ങളുടെ സുഹൃത്തക്കള്‍ക്കും ബന്ധുക്കള്‍ക്കും വച്ച് വിളമ്പി... നിങ്ങളുടെ തലമുറ നിലനിര്‍ത്താന്‍ കുഞ്ഞുങ്ങളെ പെറ്റുപോറ്റി...അവരെ പഠിപ്പിച്ചു...അവരുടെ തെറ്റുകള്‍ തിരുത്തി കൂടെ നിന്നു... എന്നിട്ടും ആ കുഞ്ഞുങ്ങളുടെ നേട്ടങ്ങളില്‍ സമൂഹം നിങ്ങളെ മാത്രം പുകഴ്ത്തുന്നത് കേട്ട് തൃപ്തിയടഞ്ഞു... അവകാശങ്ങളെക്കാള്‍ കടമകള്‍ക്കു പ്രാധാന്യം കൊടുത്തു... എന്നെങ്കിലും അറിയാതെയെങ്കിലും എന്തെങ്കിലും ആഗ്രഹിച്ചാല്‍, അവകാശപ്പെട്ടാല്‍, തന്നിഷ്ടക്കാരിയായി... ആഡംബരക്കാരിയായി... നിങ്ങള്‍ക്ക് വേണ്ടിയുള്ള ഈ തിരക്ക് പിടിച്ച ഓട്ടത്തിനിടയില്‍ അവള്‍ അവളെ തന്നെ തന്നെ നഷ്ടപ്പെടുത്തി... എന്താണ് അവള്‍ ചെയ്ത തെറ്റ്? നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുക്കാന്‍ സ്വന്തം ശരീരത്തില്‍ ആരും ആഗ്രഹിക്കാത്ത മാറ്റങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചതോ??? മരണ വേദന അനുഭവിച്ചതോ ??? ഇതിനിടയില്‍ സ്വന്തം സൗന്ദര്യത്തിന് യാതൊരു പ്രാധാന്യവും അവള്‍ കണ്ടില്ല... അത് കൊണ്ട് തന്നെയല്ലേ അവള്‍ ഇന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന സൗന്ദര്യം ഇല്ലാത്തവളായി പോയത്? ഇത്രയും കാലം അവള്‍ തന്റെ ജീവിതത്തിന്റെ ഭാഗമായി കൊണ്ട് നടന്ന അവളുടെ അച്ഛന്റെയോ അമ്മയുടേയോ പേര് നിഷ്‌കരുണം എടുത്ത് മാറ്റി നിങ്ങളുടെ പേര് ചേര്‍ത്ത് എവിടെയും അവതരിപ്പിക്കാന്‍ മടിച്ചു നിന്നിട്ടുണ്ടോ? അവള്‍ പെറ്റു വളര്‍ത്തുന്ന നിങ്ങളുടെ കുഞ്ഞുങ്ങളുടെ പേരിനു പിന്നിലെങ്കിലും തനിക്കൊപ്പം അവളുടെ പേരും വേണമെന്നു ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിങ്ങള്‍ നിങ്ങളുടെ തലമുറകളിലൂടെ വീണ്ടും ജീവിക്കുമ്പോള്‍ ഓരോ 'അവളും' 'അവളുടെ' കുടുംബത്തില്‍ തന്നെ അവസാനിക്കുകയാണ്. ഇതൊന്നും ആലോചിക്കാത്ത നിങ്ങള്‍ക്ക് അവളെ ചോദ്യം ചെയ്യാന്‍ എന്തവകാശമുണ്ട്? ഓര്‍ക്കുക... അവളൊരു വ്യക്തിയാണ്. ഒരു വസ്തുവല്ല... ഭാര്യയെ മറ്റുള്ളവരുടെ മുന്നില്‍ കുറ്റം പറയുന്നതും വിലയിടിച്ചു കാണിക്കുന്നതും കേമത്തം ആണെന്ന അലിഖിത നിയമത്തില്‍ അടിയുറച്ചു വിശ്വസിക്കുന്ന വിവാഹിതര്‍ ഈ കാലഘട്ടത്തിന്റെ മാത്രം സൃഷ്ടിയല്ല. സ്ത്രീകള്‍ ഉമ്മറത്ത് വന്ന് അഭിപ്രായങ്ങള്‍ പറഞ്ഞു കൂടാ എന്ന പണ്ടത്തെ നിയമവും അവളിലെ ബുദ്ധിയും തീരുമാനമെടുക്കാനുള്ള കഴിവും അകത്തളത്തില്‍ തുരുമ്പു പിടിച്ചവസാനിക്കണം എന്ന ഉദ്ദേശത്തോടു കൂടി തന്നെയാണ്. കാരണം 'അയാള്‍'ക്കറിയാം 'അവള്‍' നിസ്സാരയല്ല... പലതിലും തന്നെക്കാള്‍ മികച്ചവള്‍ ആണവള്‍. അങ്ങനെയുള്ളവളെ മറ്റുള്ളവര്‍ക്ക് മുന്നില്‍ പുകഴ്ത്തുക കൂടി ചെയ്താല്‍ തന്റെ വില കുറഞ്ഞു പോകുമോ എന്ന വിലകുറഞ്ഞ അല്പത്തരമാണ് അതിനു പിന്നിലെന്ന സത്യം നിങ്ങള്‍ എന്ന് തിരിച്ചറിയുന്നുവോ അന്നവള്‍ക്ക് ചിറക് മുളക്കും... നിങ്ങളുടെ ജീവിതത്തിന് നിറം നല്‍കാനെത്തിയ ഒരു മാലാഖയെ പോലെ തോന്നിപ്പിക്കൂ.......
https://www.facebook.com/Malayalivartha
























