ഫ്രാങ്കോ മുളയ്ക്കലിനെ മഠത്തില്‍ രാത്രി തങ്ങാന്‍ അനുവദിക്കാത്തതിന്റെ പേരിലാണ് തനിക്കെതിരെ ബിഷപ്പ് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നതെന്ന് കന്യാസ്ത്രീ; കാരണം സുപ്പീരിയര്‍ ജനറലിന് അറിയാവുന്നതാണെന്നും അരോപണം

ജലന്ധര്‍ രൂപതാ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കുറവിലങ്ങാട് മഠത്തില്‍ രാത്രി തങ്ങാന്‍ അനുവദിക്കാത്തതിന്റെ പേരിലാണ് തനിക്കെതിരെ ആരോപണങ്ങള്‍ ബിഷപ്പ് ഉന്നയിച്ചിരുന്നതെന്ന് പീഡനത്തിനിരയായ കന്യാസ്ത്രീ. ബിഷപ്പിനെ രാത്രി മഠത്തില്‍ തങ്ങാന്‍ അനുവദിക്കാത്തതിന്റെ കാരണം സുപ്പീരിയര്‍ ജനറലിന് അറിയാവുന്നതാണ്. ബിഷപ്പുമായുള്ള പ്രശ്‌നങ്ങളുടെ സത്യാവസ്ഥ അറിയാമായിരുന്നിട്ടും ഒരു കന്യാസ്ത്രീ എന്ന നിലയിലുള്ള തന്റെ അന്തസ് സംരക്ഷിക്കാന്‍ സുപ്പീരിയര്‍ ശ്രമിച്ചില്ല. കുറവിലങ്ങാട് മഠത്തില്‍ വച്ച് തനിക്ക് മരുന്നുവാങ്ങുന്നതിനോ, വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ പണം നല്‍കുകയില്ലായിരുന്നുവെന്നും കന്യാസ്ത്രീ പറയുന്നു. 2017 ഡിസംബര്‍ 15ന് കന്യാസ്ത്രീ സുപ്പീരിയര്‍ ജനറലിന് നല്‍കിയ പരാതിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. പരാതിയുടെ പകര്‍പ്പ് മംഗളം ടെലിവിഷന് ലഭിച്ചു.
2014 മുതല്‍ 2016വരെയുള്ള കാലയളവിലാണ് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്ന് കന്യാസ്ത്രീ പരാതി നല്‍കിയിട്ടുള്ളത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണ്ടി സഭാ അധികൃതര്‍ക്ക് നേരത്തെ തന്നെ കന്യാസ്ത്രീ പരാതി നല്‍കിയിരുന്നു. തനിക്ക് എതിരെ നടന്ന പീഡനങ്ങള്‍ക്ക് ശേഷം ബിഷപ്പ് ഫ്രാങ്കോയെ കുറവിലങ്ങാട്ടെ മഠത്തില്‍ രാത്രി തങ്ങാന്‍ അനുവദിക്കില്ല എന്ന നിലപാട് കന്യാസ്ത്രീ സ്വീകരിച്ചിരുന്നു.
2017 ജനുവരി 24നും 25നും ബിഷപ്പ് ഫ്രാങ്കോ മഠത്തില്‍ രാത്രി തങ്ങുന്നത് താന്‍ എതിര്‍ത്തതിനാലാണ് തന്നെ കുറ്റാരോപിതയാക്കുന്നതെന്നാണ് കന്യാസ്ത്രീ സുപ്പീരിയര്‍ ജനറലിന് അയച്ച പരാതിയില്‍ പറയുന്നത്. ബിഷപ്പിനെ രാത്രിയില്‍ മഠത്തില്‍ തങ്ങാന്‍ അനുവദിക്കാത്തത് എന്തുകൊണ്ടാണെന്ന് സുപ്പീരിയര്‍ ജനറലിന് അറിയാവുന്നതാണ്. ബിഷപ്പ് ഫ്രാങ്കോയുമായി തനിക്കുള്ള പ്രശ്‌നങ്ങള്‍ സഭാ അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഒരു കന്യാസ്ത്രീയുടെ അന്തസ് സംരക്ഷിക്കുന്നതിനുള്ള ഒരു തീരുമാനവും സുപ്പീരിയറിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും കന്യാസ്ത്രീ പരാതിയില്‍ വ്യക്തമാക്കുന്നു.
2017 ഫെബ്രുവരി 9ന് മിഷണറീസ് ഓഫ് ജീസസിന്റെ കേരള ഇന്‍ ചാര്‍ജ് സ്ഥാനത്തുനിന്നും തന്നെ മാറ്റി. പിന്നീട് ഈ തീരുമാനത്തിന് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോയാണെന്ന് സുപ്പീരിയര്‍ തന്നെ പറഞ്ഞു. സ്ഥലം മാറ്റക്കാര്യത്തില്‍ ബിഷപ്പ് എന്തിനിടപെട്ടുവെന്നും കന്യാസ്ത്രീ ചോദിക്കുന്നു. 2017 നവംബര്‍ 30ന് തനിക്കും കുറച്ചു കന്യാസ്ത്രീകള്‍ക്കുമെതിരെ ജലന്ധര്‍ പോലീസിന് ബിഷപ്പ് ഫ്രാങ്കോ പരാതി നല്‍കി. തങ്ങള്‍ ബിഷപ്പിനെ ബ്ലാക്കമെയില്‍ ചെയ്യുന്നുവെന്നു ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഇക്കാര്യം കേരളത്തിലെ ഇന്‍ ചാര്‍ജ് മുഖേന താന്‍ അറിയിച്ചിരുന്നുവെന്നും കന്യാസ്ത്രീയുടെ പരാതിയിലുണ്ട്. തന്റെ ഈ പരാതികളൊക്കെ കണ്ടുകൊണ്ടാണ് ബിഷപ്പ് ഫ്രാങ്കോ തനിക്കെതിരെ ചില കള്ളപരാതികള്‍ നല്‍കിയതെന്നും കന്യാസ്ത്രീ ആരോപിക്കുന്നുണ്ട്. കന്യാസ്ത്രീക്കെതിരെ ഉയര്‍ന്ന പരാതികളൊക്കെ പരിഹരിച്ച ശേഷവും ബിഷപ്പ് ആ പരാതികള്‍ പുനപരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നത് തന്നോടുള്ള വിരോധം മൂലമാണെന്നും കന്യാസ്ത്രീ നല്‍കിയ പരാതിയിലുണ്ട്.
https://www.facebook.com/Malayalivartha
























