സംസ്ഥാനത്തെ എല്ലാ സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വിവരങ്ങള്‍ സസൂക്ഷ്മമായി പരിശോധനയ്‌ക്കൊരുങ്ങുന്നു

സംസ്ഥാനത്തെ മുഴുവന്‍ സാമൂഹിക സുരക്ഷ പെന്‍ഷന്‍ ഗുണഭോക്താക്കളുടെയും വിവരങ്ങള്‍ സൂക്ഷ്മ പരിശോധന നടത്തും. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ മഹിള പ്രധാന്‍, എസ്.എ.എസ് ഏജന്റുമാര്‍ വീടുകളിലെത്തി പരിശോധിക്കും. മരിച്ചവരുടെയും പുനര്‍ വിവാഹം നടത്തിയവരുടെയും പേരില്‍ പെന്‍ഷന്‍ വാങ്ങുന്നുണ്ടോ എന്നാണ് പരിശോധിക്കുക. ഇതിനായി ഇവര്‍ക്ക് 4ജി കണക്ഷനോടുകൂടി ടാബുകള്‍ നല്‍കും.
വിരലടയാളവും ആധാര്‍ വിവരങ്ങളും പരിശോധിച്ച് പെന്‍ഷന്‍ വാങ്ങുന്ന വ്യക്തി തന്നെയാണ് എന്ന് ഉറപ്പാക്കലാണ് ലക്ഷ്യം. വിരലടയാളവും കണ്ണിലെ കൃഷ്ണമണിവെച്ച് ആധാര്‍ സാധൂകരണവുമാണ് സൂക്ഷ്മ പരിശോധനയിലൂടെ ഉദ്ദേശിക്കുന്നത്. 42.14 ലക്ഷം പേരാണ് സാമൂഹിക സുരക്ഷ പെന്‍ഷന്‍ വാങ്ങുന്നത്. 3.4 ലക്ഷം അപേക്ഷകള്‍ പുതുതായുണ്ട്.
മരിക്കുകയോ പുനര്‍വിവാഹം നടത്തുകയോ ചെയ്തവര്‍ക്കും ബാങ്ക് അക്കൗണ്ടുവഴി പെന്‍ഷന്‍ എത്തുന്നു എന്ന ഒറ്റപ്പെട്ട പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന. ആദ്യം തിരുവനന്തപുരം ജില്ലയിലെ കരകുളം പഞ്ചായത്തില്‍ നടത്തും. മഹിള പ്രധാന്‍, എസ്.എ.എസ് ഏജന്റുമാര്‍ക്ക് പരിശോധനക്കായി 10,331 ടാബുകളാണ് ഇന്റര്‍നെറ്റ് കണക്ഷനോടുകൂടി നല്‍കേണ്ടത്. ഇതിനായി സംസ്ഥാന ഐ.ടി മിഷന്‍ 2650 ടാബുകള്‍ വാങ്ങാന്‍ നടപടിയായി.7691 ടാബുകള്‍ ഇനിയും വേണം.
മഹിള പ്രധാന്‍, എസ്.എ.എസ് ഏജന്റുമാരുെട പട്ടിക ദേശീയ സമ്പാദ്യപദ്ധതി ഡയറക്ടറാണ് നല്‍കുക. ബ്ലോക്ക് തലത്തില്‍ ബ്ലോക്ക് സെക്രട്ടറി, മുനിസിപ്പല്‍, കോര്‍പറേഷന്‍ തലത്തില്‍ എന്‍.എസ്.ഡി അസിസ്റ്റന്റ് ഡയറക്ടറോ ഡെപ്യൂട്ടി ഡയറക്ടറോ മേല്‍നോട്ടം വഹിക്കും. പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് മാനദണ്ഡങ്ങളില്‍ മാറ്റമുണ്ടാകില്ല.
https://www.facebook.com/Malayalivartha

























