ബീഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് ... പരസ്യ പ്രചാരണം അവസാനിച്ചു... വോട്ടർമാർക്ക് വാഗ്ദാനങ്ങളുമായി ഇരുപക്ഷവും... നാളെ വോട്ടെടുപ്പ്

എൻ.ഡി.എയും മഹാസഖ്യവും മുതിർന്ന നേതാക്കളുമായി മാരത്തോൺ റാലികളും പ്രചാരണ പരിപാടികളും നടത്തി.
ബീഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പ് നടക്കുന്ന 121 സീറ്റുകളിൽ പരസ്യ പ്രചാരണം അവസാനിച്ചു. എൻ.ഡി.എയും മഹാസഖ്യവും മുതിർന്ന നേതാക്കളുമായി മാരത്തോൺ റാലികളും പ്രചാരണ പരിപാടികളും നടത്തി. വോട്ടർമാർക്ക് ഇരുപക്ഷവും വാരിക്കോരി വാഗ്‌ദാനങ്ങൾ നൽകിയിരിക്കുകയാണ്.
ഒന്നാം ഘട്ടത്തിന്റെ പരസ്യ പ്രചാരണം അവസാനിച്ച ദിവസം എൻ.ഡി.എയ്‌ക്കു വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് റാലികളിലും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് അഞ്ച് പൊതുയോഗങ്ങളിലും ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ ഒരു റാലിയിലും മുഖ്യമന്ത്രി നിതീഷ് കുമാർ ഏതാനും യോഗങ്ങളിലും പങ്കെടുക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തെ വനിതാ ബി.ജെ.പി പ്രവർത്തകരുമായി വെർച്വലായി സംവദിച്ചു. അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത, മുൻ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി എന്നിവരെയും ബി.ജെ.പി ഇറക്കി.
മഹാസഖ്യത്തിനായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഒൗറംഗാബാദിലും വസീർഗഞ്ചിലും റാലികളിൽ പങ്കെടുക്കുകയും ചെയ്തു. റാലികളും പത്രസമ്മേളനവുമായി ആർ.ജെ.ഡിയുടെ തേജസ്വി യാദവിന് തിരക്കു പിടിച്ച ദിവസമായിരുന്നു.എല്ലാ സ്ത്രീകളുടെയും വോട്ടുകൾ എൻ.ഡി.എയ്ക്ക് ഉറപ്പാക്കണമെന്ന് പ്രധാനമന്ത്രി മോദി വനിതാ പ്രവർത്തകരുമായുള്ള സംവാദത്തിൽ ആവശ്യപ്പെട്ടു.
മഹാസഖ്യം അധികാരത്തിൽ വന്നാൽ ജനുവരി 14ന് മകരസക്രാന്തി ദിനം സ്‌ത്രീകൾക്ക് 30,000 രൂപ അക്കൗണ്ടിൽ നേരിട്ട് നൽകും. താങ്ങുവിലയ്‌ക്ക് പുറമേ, കർഷകർക്ക് നെൽകൃഷിക്ക് ക്വിന്റലിന് 300 രൂപ ബോണസും ഗോതമ്പിന് ക്വിന്റലിന് 400 രൂപ ബോണസും നൽകുന്നതാണ്.
"
https://www.facebook.com/Malayalivartha

























