ഫിലിപ്പീൻസിൽ വീശിയടിച്ച കൽമേഗി ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു.....

ഫിലിപ്പീൻസിൽ വീശിയടിച്ച കൽമേഗി ചുഴലിക്കാറ്റിൽ മരണസംഖ്യ ഉയരുന്നു. ഇതുവരെ 59 പേർ മരിച്ചതായാണ് വിവരം. 66 പേർ മരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിട്ടുണ്ട്. ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളിലെല്ലാം രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് സൂചനകൾ. 13 പേരെ കാണാതായതായി ദുരന്തനിവാരണ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
മധ്യ ഫിലിപ്പീൻസിൽ നാശം വിതച്ച കൽമേഗി ചുഴലിക്കാറ്റ് ദക്ഷിണ ചൈനാ കടലിലേക്ക് നീങ്ങുന്നതിനിടെ പലാവാൻ ദ്വീപിലും ആഞ്ഞടിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്.
മരിച്ചവരിൽ ആറ് സൈനികരും ഉൾപ്പെടുന്നു. ദുരിതബാധിത പ്രവിശ്യകളിൽ മാനുഷിക സഹായം നൽകുന്നതിനായി പോകുന്നതിനിടെ, തെക്കൻ അഗുസാൻ ഡെൽ സുർ പ്രവിശ്യയിലാണ് അഞ്ച് ഉദ്യോഗസ്ഥരുമായി പോയിരുന്ന ഫിലിപ്പൈൻ വ്യോമസേന ഹെലികോപ്റ്റർ തകർന്നുവീണത്. വിമാനത്തിലുണ്ടായിരുന്ന ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും മരിച്ചു.
ഫിലിപ്പിൻസിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് സെബു. വടക്കൻ സെബുവിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 79 പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തതിന് ഒരു മാസത്തിന് ശേഷമാണ് പ്രാദേശികമായി ടിനോ എന്നറിയപ്പെടുന്ന കൽമേഗിയിൽ നിന്നുള്ള നാശം ഉണ്ടായത്.
ചുഴലിക്കാറ്റ് മൂലമുണ്ടായ പേമാരിയിൽ നദികൾ കരകവിഞ്ഞൊഴുകിയതും ദുരന്തത്തിന് കാരണമായി. 2.4 ദശലക്ഷത്തിലധികമാണ് സെബുവിലെ ജനസംഖ്യ. ഭൂകമ്പത്തിൽ വീടുകൾ തകർന്നതോടെ ഭൂരിഭാഗവും താൽക്കാലിക ഷെൽട്ടറുകളിലാണ് കഴിഞ്ഞിരുന്നത്. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വ്യക്തമാക്കി അധികൃതർ .
"
https://www.facebook.com/Malayalivartha


























