സോഷ്യല്‍ മീഡിയയെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് കല്യാണ്‍ ജ്വല്ലേഴ്‌സ് ഹൈക്കോടതിയില്‍; മെഴുക് നിറച്ച ആഭരണ വാര്‍ത്ത മൂലം 500 കോടിയുടെ നഷ്ടം

എല്ലാം പകപോക്കല്‍ സോഷ്യല്‍ മീഡിയായെ കരുവാക്കുന്നു. നിയന്ത്രിച്ചില്ലെങ്കില്‍ വലിയ അപകടം തന്നെ. കല്യാണ്‍ പിന്നോട്ടില്ല. വടി കൊടുത്ത് അടി വാങ്ങരുതെന്ന് സോഷ്യല്‍ മീഡിയ. സ്വര്‍ണത്തില്‍ മെഴുക് നിറച്ചിട്ടുണ്ടെന്ന വാര്‍ത്തകള്‍ മൂലം സ്ഥാപനത്തിന് 500 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി കല്യാണ്‍ ജ്വല്ലറി ഹൈക്കോടതിയില്‍. യൂട്യൂബ്, ഫെയ്‌സ്ബുക്ക് ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കാതിരിക്കാന്‍ നിയന്ത്രണങ്ങള്‍ ഒരുക്കണമെന്ന് കല്യാണ്‍ ജ്വല്ലറി ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. കല്യാണ്‍ ജ്വല്ലറിക്കെതിരെയുള്ള ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചത് എതിര്‍ചേരിയിലുള്ള മറ്റ് സ്ഥാപനങ്ങളാണെന്നും ഹര്‍ജിയില്‍ സ്ഥാപനം ആരോപിക്കുന്നു.
തിരുവനന്തപുരം സ്വദേശിയായ വീട്ടമ്മ വാങ്ങിയ സ്വര്‍ണമാലയില്‍ 70 ശതമാനവും മെഴുകാണ് എന്നായിരുന്നു കല്യാണ്‍ ജ്വലറിക്കെതിരെ ഉയര്‍ന്ന ആക്ഷേപം. സ്വര്‍ണം വാങ്ങിയ മുഴുവന്‍ പണവും മടക്കി നല്‍കി കല്യാണ്‍ കേസ് ഒത്തു തീര്‍ത്തതായും പിന്നീട് വാര്‍ത്തകള്‍ വന്നിരുന്നു. കുവൈത്തിലെ ഷോറൂമില്‍ നടന്ന പതിവ് പരിശോധന റെയ്ഡാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വീഡിയോ പ്രചരിപ്പിച്ചു. വ്യാജ സ്വര്‍ണമാണ് കല്യാണില്‍ വില്‍ക്കുന്നതെന്നും ഇത് പിടിച്ചെടുക്കാനുള്ള റെയ്ഡാണ് നടന്നതെന്നും വീഡിയോയിലൂടെ പ്രചരിപ്പിച്ചതായും കല്യാണ്‍ കുറ്റപ്പെടുത്തുന്നു. മെഴുക് നിറച്ച സ്വര്‍ണം വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച അഞ്ച് പേരെ അറസ്റ്റ് ചെയ്തതായി കല്യാണ്‍ ജ്വല്ലേഴ്‌സ് നേരത്തെ പത്രക്കുറിപ്പ് ഇറക്കിയിരുന്നു. ദുബായ് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തുവെന്നാണ് കല്യാണ്‍ പറഞ്ഞിരുന്നത്. എന്നാല്‍, ഇത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. അത്തരത്തിലൊരു അറസ്റ്റ് നടന്നിട്ടില്ലെന്നാണ് ദുബായ് പൊലീസ് പിന്നീട് പറഞ്ഞത്.
https://www.facebook.com/Malayalivartha


























