സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..

പി എം ശ്രീ കേരളത്തിൽ നടപ്പിലാക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ്.സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ നേരിടേണ്ടിവരുമെന്ന് ധനമന്ത്രിയും നിലപാടെടുത്തു. അടുത്ത ദിവസം ഡൽഹിയിലേക്ക് പോകുന്ന വിദ്യാഭ്യാസ മന്ത്രി കേന്ദ്രത്തിലും ഇതേ നിലപാട് തന്നെ സ്വീകരിച്ചിച്ചേക്കും. സി പി ഐക്കെതിരെ പരോക്ഷ വിമർശനവുമായി മന്ത്രി രംഗത്തെത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ പിന്തുണ മന്ത്രിമാർക്കുണ്ടെന്നാണ് മനസിലാക്കുന്നത്. അതിനിടെ സി പി ഐ മന്ത്രിമാരുടെ വകുപ്പുകളിൽ കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന പദ്ധതികളുടെ വിശദാംശങ്ങൾ കണ്ടെത്താൻ സി പി എം ശ്രമം തുടങ്ങി. സി പി ഐയെ കുരുക്കുക എന്നതാണ് സി പി എമ്മിന്റെ ലക്ഷ്യം.
പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞത്. കത്ത് നൽകുന്നത് ഈ ആഴ്ച കൊണ്ട് പൂർത്തീകരിക്കുമെന്നാണ് മന്ത്രി പറഞ്ഞത്. നിലവിൽ ഫയൽ വന്നിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ അടുത്താണെന്നും വി ശിവൻ കുട്ടി പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. 2025 നവംബർ 11, 12 തീയിതികളിൽ ദില്ലിയിൽ വെച്ച് നടക്കുന്ന തൊഴിൽ, വ്യവസായ മന്ത്രിമാരുടെയും സെക്രട്ടറിമാരുടെയും ദേശീയ സമ്മേളനത്തിൽ മന്ത്രി പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജന, ഇഎസ്‌ഐസി കവറേജ് വിപുലീകരണം, ഇ-ശ്രം പോർട്ടൽ തുടങ്ങിയ പ്രധാനപ്പെട്ട പദ്ധതികളിൽ സഹകരിച്ച് പ്രവർത്തിക്കാൻ സംസ്ഥാനം സന്നദ്ധത അറിയിച്ചിട്ടുണ്ട്. 2025 ഓഗസ്റ്റ് 1 മുതൽ പ്രാബല്യത്തിൽ വന്ന പ്രധാനമന്ത്രി വികസിത ഭാരത് റോസ്ഗാർ യോജനയിൽ കേരളം സഹകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഇത്തരം പദ്ധതികളിൽ സഹകരിക്കുമ്പോൾ പി.എം. ശ്രീക്ക് മാത്രം എന്താണ് കുഴപ്പം എന്നാണ് മന്ത്രി പറയാതെ പറയുന്നത്.സംസ്ഥാനം നിരവധി കേന്ദ്ര പദ്ധതികളുമായി സഹകരിക്കുന്നുണ്ട്. എന്നിട്ടും തന്റെ മാത്രം പദ്ധതിയിൽ സി പി ഐ ഉടക്കിട്ടതിൽ മന്ത്രിക്ക് അതിയായ ഉത്കണ്ഠയുണ്ട്. പിഎം ശ്രീയിൽ സി പി എം വീഴ്ച സമ്മതിച്ചെങ്കിലും മന്ത്രി വി.ശിവൻ കുട്ടിക്കും മുഖ്യമന്ത്രിക്കും മാത്രം വീഴ്ച സമ്മതിക്കാൻ സൗകര്യമില്ല. ചർച്ചയില്ലാതെ ഒപ്പിട്ടതിൽ വീഴ്ച പറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. മന്ത്രിസഭ പൂർണ്ണമായ അർത്ഥത്തിൽ ചർച്ച നടത്താത്തത് വീഴ്ചയാണ്. കേന്ദ്രത്തിന് കത്തയക്കുന്ന കാര്യത്തിൽ മന്ത്രിസഭ മറുപടി പറയട്ടെയെന്നും അദ്ദേഹം പറഞ്ഞു.
പിഎം ശ്രീയുമായി ബന്ധപ്പെട്ട് എഐവൈഎഫ് ഉൾപ്പെടെയുള്ള ഇടതു സംഘടനകളുടെ പ്രതിഷേധം അതിരുകടന്നോ എന്ന ചോദ്യത്തിന് പൊതുസമൂഹത്തിൽ തെറ്റാണെന്ന് തോന്നിയിട്ടുള്ള എല്ലാ പ്രയോഗങ്ങളും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു.ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്ന നിലയിൽ ഇക്കാര്യങ്ങളെല്ലാം വീണ്ടും ചർച്ച ചെയ്ത് ആവശ്യമായ തീരുമാനമെടുത്ത് ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്നും എംവി ഗോവിന്ദൻ പറഞ്ഞു. എൽഡിഎഫ് യോഗത്തിന് മുമ്പ് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് സംസ്ഥാന സെക്രട്ടറി തന്നെ വീഴ്ച സമ്മതിച്ചത്. പിഎംശ്രീ പിന്മാറ്റത്തിനുള്ള ആദ്യനടപടിയായി കരാർ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിനു കത്തയയ്ക്കുമെന്ന് പറഞ്ഞിട്ട് ഒരാഴ്ചയായെങ്കിലും വിദ്യാഭ്യാസ വകുപ്പ് ഇതിന് തയ്യാറായിട്ടില്ല. പദ്ധതിയിൽ മന്ത്രിസഭാ ഉപസമിതി പുനഃപരിശോധന നടത്തുമെന്നാണ് സിപിഎം-സിപിഐ ഉഭയകക്ഷി ചർച്ചയിലെ ധാരണ. പദ്ധതി മരവിപ്പിക്കുന്നത് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് ചീഫ് സെക്രട്ടറി തയ്യാറാക്കിയിട്ടുണ്ട്. എന്നാല്‍ തയ്യാറാക്കിയ കത്ത് തന്നെ കേന്ദ്രത്തിന് അയക്കണമോ എന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി കത്ത് പരിശോധിച്ചെങ്കിലും തീരുമാനം പറഞ്ഞിട്ടില്ല. ഈ അധ്യയനവർഷം അവസാനിക്കാൻ ഇനി അഞ്ചുമാസംമാത്രമാണ് ബാക്കി. കരാർ മരവിപ്പിക്കാൻ ധാരണയായതോടെ, ഈവർഷം പിഎംശ്രീയിലേക്കുള്ള സ്കൂൾ തിരഞ്ഞെടുക്കില്ലെന്ന് ഉറപ്പായി. പദ്ധതി മരവിപ്പിക്കണമെന്ന കത്ത്, സർക്കാർ നേരിട്ടാണോ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേനയാണോ അയക്കുകയെന്നു വ്യക്തമല്ല.
ഒരുവർഷം ഓരോ പാദത്തിലും (മൂന്നു മാസത്തിലൊരിക്കൽ) സ്കൂളുകൾക്ക് അപേക്ഷിക്കാനുള്ള പോർട്ടൽ തുറക്കുമെന്നാണ് പിഎംശ്രീ മാർഗരേഖ. അതനുസരിച്ച്, നാലാംപാദം തുടങ്ങുന്ന ജനുവരിയിൽ പോർട്ടൽ തുറക്കും. അതിനുള്ളിൽ ഉപസമിതി തീരുമാനമെടുത്തെങ്കിലേ സംസ്ഥാനത്തെ സ്കൂളുകൾക്ക് അപേക്ഷിക്കാനാകൂ. തദ്ദേശതിരഞ്ഞെടുപ്പിനുശേഷം പൊതുതിരഞ്ഞെടുപ്പിലേക്കു പ്രവേശിക്കുന്നതിനാൽ പിഎംശ്രീയിൽ സർക്കാർ തിടുക്കപ്പെട്ടൊരു നടപടിയെടുക്കില്ല.ആദ്യം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ധാരണാപത്രം ഒപ്പിടും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ യുഡൈസ് പ്ലസ് പോർട്ടലിലെ വിവരമനുസരിച്ച് യോഗ്യതയുള്ള സ്കൂളുകളുടെ പട്ടിക തയ്യാറാക്കും. മാനദണ്ഡങ്ങളനുസരിച്ച് മത്സരാടിസ്ഥാനത്തിൽ സ്കൂളുകളെ തിരഞ്ഞെടുക്കും. മാനദണ്ഡം പാലിച്ചെന്ന് സംസ്ഥാനസർക്കാർ നേരിട്ടു പരിശോധിച്ച് ഉറപ്പാക്കും.
പിഎംശ്രീ കേരളം മരവിപ്പിച്ചതായി അറിയില്ലെന്നും ഇക്കാര്യത്തിൽ രേഖാമൂലം കേരളത്തിന്റെ അറിയിപ്പ് കിട്ടിയാൽ നിലപാട് അറിയിക്കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവൃത്തങ്ങൾ പറഞ്ഞു.
തത്‌കാലം ധാരണാപത്രപ്രകാരം പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകും. അതിന് എന്തെങ്കിലും തടസ്സം നിലവിലില്ല. വ്യവസ്ഥകളിൽ ഒരു സംസ്ഥാനത്തിനുമാത്രമായി ഇളവുനൽകാനാകുമെന്ന് കരുതുന്നില്ല. പദ്ധതി ഏതുവിധത്തിൽ നടപ്പാക്കണമെന്നത് സംസ്ഥാനങ്ങളാണ് തീരുമാനിക്കേണ്ടതെന്നും ഔദ്യോഗികവൃത്തങ്ങൾ പ്രതികരിച്ചു. അതേസമയം, പിഎംശ്രീയിൽനിന്ന് കേരളം പിന്നോട്ടുനീങ്ങുന്നുവെന്ന വാർത്തകളോട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാൻ പ്രതികരിച്ചില്ല. ഏതാനും ദിവസങ്ങൾക്ക് മുമ്പ് പട്നയിൽ നടന്ന യോഗത്തിൽ മന്ത്രി പ്രധാൻ മുഖ്യമന്ത്രിയെ അഭിനന്ദിച്ചിരുന്നു, പി എം ശ്രീയിൽ ഫണ്ട് വാങ്ങി ഇഷ്ടംപോലെ ചെയ്യാൻ സർക്കാരിനാകില്ല. കരാർ പാലിക്കാതിരുന്നാൽ പണം തിരികെ ഈടാക്കാൻ കേന്ദ്ര സർക്കാരിനുമുന്നിൽ നിരവധി വഴികളുണ്ട് . പിഎം ശ്രീയിൽ ഒപ്പിടാത്തതിനാൽ സർവശിക്ഷ കേരളയുടെ ഫണ്ട് തടഞ്ഞതുപോലെ, കരാർ പാലിക്കാതിരുന്നാൽ മറ്റു പദ്ധതികളിലെ പണം തടഞ്ഞുവയ്ക്കാൻ കേന്ദ്രത്തിനു കഴിയും.പ്രതിപക്ഷവും കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലും പലവട്ടം മുന്നറിയിപ്പു നൽകിയിട്ടും കിഫ്ബി വഴി സംസ്ഥാന സർക്കാർ കടമെടുത്തത് പിന്നീടു വലിയ തിരിച്ചടിയായി. കിഫ്ബി എടുക്കുന്ന വായ്പകൾ സംസ്ഥാന സർക്കാരിന്റെ ബാധ്യതയാണെന്ന സിഎജി റിപ്പോർട്ട് തള്ളിക്കളയുകയാണ് ഒന്നാം പിണറായി സർക്കാർ ചെയ്തത്. എന്നാൽ, രണ്ടാം പിണറായി സർക്കാർ വന്നതിനു പിന്നാലെ സിഎജിയുടെ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ വായ്പത്തുക സംസ്ഥാനത്തിന്റെ കടമെടുപ്പുതുകയിൽനിന്നു വെട്ടിക്കുറച്ചു.
സംസ്ഥാന സർക്കാരിനു കീഴിലെ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾക്ക് ഗാരന്റി നിൽക്കുന്നതിലും സർക്കാരിനു വലിയ വില കൊടുക്കേണ്ടി വരുന്നുണ്ട്. സ്ഥാപനങ്ങൾ വായ്പ തിരിച്ചടച്ചില്ലെങ്കിൽ ആ തുക സർക്കാരാണു നൽകേണ്ടത്. ഇതിനായി ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാൻ കേന്ദ്രം ആവശ്യപ്പെട്ടു. മടിച്ചു നിന്നതോടെ കടമെടുപ്പിൽ പിടിത്തമിട്ടു. ഇപ്പോൾ വർഷം 600 കോടിയോളം രൂപ മാറ്റിവച്ചു ഗാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാൻ സമ്മതിച്ചു കേന്ദ്രാനുമതി കാക്കുകയാണ്. ഇതേ അവസ്ഥ പി എം ശ്രീക്കും നേരിടേണ്ടി വരും.കേന്ദ്ര- സംസ്ഥാന സെക്രട്ടറിമാർ തമ്മിലാണ് പി എം ശ്രീയിൽ ഒപ്പിട്ടത്. പദ്ധതി മരവിപ്പിക്കാനുള്ള നിർദ്ദേശം കേന്ദ്ര- സംസ്ഥാന സെക്രട്ടറിമാർക്ക് ലഭിക്കാത്ത കാലത്തോളം അവർ പദ്ധതിയുമായി മുന്നോട്ടുപോകും.പദ്ധതി മരവിപ്പിക്കാനുള്ള തീരുമാനം സംസ്ഥാന വിദ്യാഭ്യാസ സെക്രട്ടറിക്ക് ലഭിച്ചിട്ടില്ല
സിപിഐ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പ് അവഗണിച്ചുകൊണ്ടാണ് ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി) ഭാഗമായുള്ള പിഎംശ്രീ പദ്ധതിയില്‍ പങ്കാളിയാകാന്‍ സംസ്ഥാനസർക്കാർ തീരുമാനിച്ചത്. മന്ത്രിസഭയിലും എല്‍ഡിഎഫിലും സിപിഐ ഈ വിഷയത്തില്‍ കേരളത്തില്‍ കടുത്ത നിലപാട് അറിയിച്ചതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്. ഇതിനു പിന്നാലെ സിപിഎം-സിപിഐ ബന്ധത്തിൽ വിള്ളൽ രൂക്ഷമായിരുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണി പോകേണ്ട വഴി ഇതല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. മുന്നണി മര്യാദയുടെ ലംഘനം എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു. മന്ത്രിസഭയിലും എല്‍ഡിഎഫിലും സിപിഐ ഉയര്‍ത്തിയ കടുത്ത എതിര്‍പ്പ് വകവെക്കാതെയാണ് സര്‍ക്കാര്‍ പദ്ധതിയില്‍ ഒപ്പിട്ടത്. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് ഡല്‍ഹിയില്‍ കേന്ദ്രസര്‍ക്കാരുമായി ധാരണാപത്രം ഒപ്പിട്ടത്.
മൂന്നുതവണ മന്ത്രിസഭയിലും മാധ്യമങ്ങളിലൂടെ പരസ്യമായും ഈ പദ്ധതിയുടെ ഭാഗമാകരുതെന്ന് സിപിഐ ആവശ്യപ്പെട്ടതാണ്. ഭാഗമാകണമെന്ന് വിദ്യാഭ്യാസമന്ത്രി നിലപാടെടുത്തപ്പോള്‍ എതിര്‍പ്പ് കടുപ്പിച്ച് പരസ്യമായി ഇറങ്ങിയതുമാണ്. എന്നാല്‍, ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയുടെ എതിര്‍പ്പിന് ഒരുവിലയും കല്‍പിക്കാതെ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത് സിപിഐക്ക് തിരിച്ചടിയായി. ഇതെല്ലാം മന്ത്രി ശിവൻ കുട്ടിയുടെ തലയിൽ കെട്ടാനാണ് സി പി ഐയിലെ ചില നേതാക്കളുടെ ശ്രമം. സി പി ഐ മന്ത്രിമാർ എതിർപ്പ് തുടരുന്നതിനിടയിൽ ഇക്കഴിഞ്ഞ 16 നാണ് സംസ്ഥാന സർക്കാർ കരാറിൽ ഒപ്പിട്ടത്.സി പി ഐ മന്ത്രിമാർ എതിർക്കുമ്പോൾ തന്നെ ഒപ്പിടൽ നടന്നു എന്നതാണ് രസകരമായ കാര്യം. സി പി ഐ കാണാത്ത കേന്ദ്ര- സംസ്ഥാന കരാർ മാധ്യമങ്ങൾ പുറത്തുവിട്ടതും പാർട്ടിക്ക് വലിയ തിരിച്ചടിയായി. സി പി ഐയുടെ മന്ത്രിമാർ രാജിക്ക് തയ്യാറായി . മന്ത്രിമാർ സംസ്ഥാന സെക്രട്ടറിയെ ഇക്കാര്യം അറിയിക്കുകയും ചെയ്തു. സി പി ഐ നേതാക്കൾ ഇക്കാര്യത്തിൽ എല്ലാ നീക്കങ്ങളും നടത്തുന്നത് എം.എ. ബേബിയുമായി കൂടിയാലോചിച്ചാണ്.ഇക്കാര്യം പിണറായിക്കറിയാം.അതുകൊണ്ടാണ് പിണറായി പ്രതികരിക്കാത്തത്. കള്ളൻ കപ്പലിൽ തന്നെയുണ്ടെന്ന് പിണറായി തന്റെ വിശ്വസ്തരോട് ആവർത്തിക്കുന്നുണ്ട്. ബിനോയ് വിശ്വവും ബ്രബിയും തമ്മിലുള്ള ബന്ധം അറിയുന്നവർക്ക് ഇതിൽ അത്ഭുതം ലവലേശമില്ല. പിന്നീട് ബേബി തന്നെ ഇടപെട്ടു കലഹം പരിഹരിച്ചു. പിണറായിക്ക് ബി ജെ പിയുമായി ഉള്ള ബന്ധം പൊളിക്കുക എന്ന ലക്ഷ്യമാണ് ബേബിയുടെ മനസിലുള്ളത്. പിണറായിയെ എതിർക്കാനുള്ള ധൈര്യം പക്ഷേ ബേബിക്കില്ല. എന്നാൽ പിണറായി സ്ഥാന ഭ്രഷ്ടനാവാൻ ബേബി ആഗ്രഹിക്കുന്നുണ്ട്. പിണറായി രംഗം വിട്ടാൽ ബാക്കിയെല്ലാം തന്റെ കൈപ്പിടിയിൽ ഒരുങ്ങുമെന്ന് ബേബി കരുതുന്നു. അതിന് ബേബി കണ്ടെത്തിയ ഇരയാണ് ബിനോയ് വിശ്വം. ബേബിക്ക് പിണറായിയെ തുടർന്നും വാഴിക്കാൻ ഒരു താൽപ്പര്യവുമില്ല. കാരണം എൻ.കെ. പ്രേമചന്ദ്രനെ പരനാറി എന്ന് വിളിച്ച് കൊല്ലത്ത് നിന്ന് പിണറായി ബോധപൂർവം നാടു കടത്തിയതാണ് തന്നെയെന്ന് എം.എ ബേബിക്ക് നന്നായി അറിയാം. ബേബി സി.പി എം ജനറൽ സെക്രട്ടറിയായത് വിധി വൈപരീത്യമാണ്. എന്നാൽ പിണറായി കരുതുന്നത് പോലെ നിസാരമായിരിക്കുകയില്ല ഇനി കാര്യങ്ങൾ. കോടിയേരിയുടെ മകനെതിരെ ആരോപണം ഉയർന്നപ്പോൾ അദ്ദേഹം സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നിന്നു. കോടിയേരിക്ക് മകന്റെ കുറ്റകൃത്യത്തിൽ ഒരു പങ്കും ഉണ്ടായിരുന്നില്ല. എന്നിട്ടും കോടിയേരി മാറി നിന്നു. മകൾ കേസിൽ പ്രതിയായിട്ടും പിണറായിക്ക് കുലുക്കമില്ല. എന്നാൽ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയായ ബേബി പിണറായിയെ വെറുതെ വിടുമെന്ന് കരുതാനാവില്ല. എന്നാൽ ഇതേ ബേബിയെ കൊണ്ടു തന്നെ സി പി ഐയുടെ പിണക്കം പിണറായി അവസാനിപ്പിച്ചു. എന്നാൽ ശിവൻ കുട്ടിക്ക് ഇത് ദഹിക്കാനാവുന്നില്ല. അതാണ് സി പി ഐക്കെതിരെ ശിവൻ കുട്ടി രംഗത്തെത്തിയത്. ശിവൻ കുട്ടിക്ക് മറുപടി നൽകാൻ ബിനോയ് വിശ്വം തയ്യാറുമല്ല. സി പി ഐക്ക് പണി കൊടുക്കാൻ ശിവൻ കുട്ടി തന്നാലാവും വിധം ശ്രമിക്കുന്നുണ്ട്. തന്റെ വകുപ്പിൽ സി പി ഐ ഇടപെട്ടത് ശിവൻ കുട്ടിക്ക് ദഹിക്കാൻ കഴിയുന്നില്ല. ഇക്കാര്യം മന്ത്രി പിണറായിയെ അറിയിക്കുകയും ചെയ്തു. പിണറായിക്കും ഇതേ അഭിപ്രായമാണെങ്കിലും മുന്നണി മര്യാദ കരുതി അദ്ദേഹം ഒന്നും മിണ്ടുന്നില്ല. ഡൽഹിയിലെത്തുന്ന ശിവൻ കുട്ടി സി പി എമ്മിനും സി പി ഐക്കും എതിരെ നിലപാട് എടുത്താൽ മുന്നണി വീണ്ടും പ്രതിസന്ധിയിലാവും.
https://www.facebook.com/Malayalivartha


























