ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി

നവംബർ 12 ബുധനാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ . മണ്ണാറശ്ശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ ആയില്യം മഹോത്സവത്തോടനുബന്ധിച്ചാണ് അവധി എന്നാൽ പൊതുപരീക്ഷകൾ മുൻ നിശ്ചയിച്ച പ്രകാരമാവും നടക്കുക.
ആയില്യം ഉത്സവം 10, 11, 12 തീയതികളിലായി നടക്കും. 12നാണ് ആയില്യ നാൾ, അതിനാൽ ഈ ദിവസം കൂടുതൽ ഭക്തജനസാന്നിധ്യമാണ് പ്രതീക്ഷിക്കപ്പെടുന്നത്. നവംബർ 4 മുതൽ കാവിൽ പൂജകൾ ആരംഭിക്കുകയും പുണർതം നാളിൽ പൂജകൾ പൂർത്തിയാകുന്നതോടെ ഉത്സവ പരിപാടികൾക്ക് തിരശീല ഉയരും.
പത്താം തീയതി വൈകുന്നേരം മഹാദീപക്കാഴ്‌ചയും രാത്രി നടനാഞ്ജലിയും അരങ്ങേറും. പതിനൊന്നിന് പുലർകാല പൂജകൾക്ക് ശേഷം തിരുവാഭരണം ചാർത്തുന്ന ചടങ്ങുകളും ഉച്ചപൂജയും നടക്കുന്നതാണ്.
തുടർന്ന് പ്രസാദമൂട്ട്, കഥാപ്രസംഗം, സംഗീതക്കച്ചേരി, പഞ്ചാരിമേളം, വയലിൻ ഡ്യുയറ്റ്, പൂയം തൊഴിലിന്റെ ഭാഗമായ ആചാരപരമായ അമ്മ ദർശനം, ഓട്ടൻതുള്ളൽ, കഥകളി തുടങ്ങിയ കലാരൂപങ്ങളും പരിപാടികളും ഭക്തജനങ്ങൾക്ക് ആസ്വദിക്കാൻ കഴിയും. ഈ ദിവസം വൈകുന്നേരം മുതൽ ക്ഷേത്രപരിസരം കലാ-ആത്മീയ നിറങ്ങളാൽ പൊതിഞ്ഞ മഹോത്സവാന്തരീക്ഷമായിരിക്കും.
അതേസമയം ആയില്യം നാളായ 12ന് പുലർച്ചെ നാലിന് നടതുറക്കും. നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി വിശേഷാൽ പൂജ നടത്തും. രാവിലെ മുതൽ സംഗീതവും പ്രഭാഷണങ്ങളുമടക്കമുള്ള ആത്മീയ പരിപാടികൾ അരങ്ങേറും. ഉച്ചപൂജയ്ക്ക് ശേഷം നാഗപത്മക്കളം വരച്ച് പൂജകൾക്കും, അമ്മയുടെ തീർഥക്കുളത്തിൽ കുളിക്കുന്ന ചടങ്ങിനും, തുടർന്ന് ആയില്യം എഴുന്നള്ളത്തിനും പ്രത്യേക പ്രാധാന്യമുണ്ട്. ഇല്ലത്ത് എത്തി പൂജകൾ ആരംഭിച്ചാൽ അർദ്ധരാത്രിവരെ പൂജകൾ നീളും. തുടർന്ന് തട്ടിൽ നൂറുംപാലും വിതരണം ചെയ്യും. പകൽ പരിപാടികളിൽ അക്ഷരശ്ലോകസദസ്, പാഠകം, ചാക്യാർകൂത്ത്, ഭജന്സ്, തിരുവാതിര, നൃത്തനൃത്യങ്ങൾ, മോഹിനിയാട്ടം, പുരാണ നൃത്തനാടകം ‘നാഗദിഗംബരി’ എന്നിവയും അരങ്ങേറും.
ഇതിനോടനുബന്ധിച്ച് നാഗരാജ പുരസ്‌കാര സമർപ്പണവും നവംബർ 10ന് വൈകുന്നേരം 3.30ന് ക്ഷേത്രത്തിൽ വച്ച് നടക്കുന്നതാണ്.
https://www.facebook.com/Malayalivartha


























