ആ നോക്കിനെന്തൊരു തുടിതുടിപ്പ് ; ജാലിയൻ വാലാബാഗിന്റെ പ്രൊമോ ഗാനത്തിൽ നിറഞ്ഞാടി മഹാരാജാസിന്റെ പ്രിയ സഖാവ്

കൊച്ചി മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകം കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു . കോളേജിലെ കലാസാംസ്കാരിക രംഗങ്ങളിൽ സജീവപ്രവർത്തകനായിരുന്ന അഭിമന്യുവിന്റെ ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു . പ്രിയ സഖാവിന്റെ ഓർമ്മകൾ തുടിക്കുന്ന മറ്റൊരു ശേഷിപ്പ്കൂടി ബാക്കി വെച്ചിട്ടാണ് അഭിമന്യു യാത്രയായത് .പുറത്തിറങ്ങാനിരിക്കുന്ന ജാലിയൻ വാലാബാഗ് എന്ന ചിത്രത്തിലാണ് അവിചാരിതമായിട്ടെങ്കിലും ദൈവം ആ ഓർമ്മകളെ കോറിയിട്ടത് . ജാലിയൻ വാലാബാഗ് ചിത്രത്തിന്റെ ഭാഗമായി പുറത്തിറക്കിയ വാക്കിനൊരു പെടപെടപ്പ് ,നോക്കിനൊരു തുടിതുടിപ്പ് എന്ന പ്രെമോഗാനത്തിലാണ് അഭിമന്യുവിന്റെ നൃത്തച്ചുവടുകളുള്ളത് .
കോളേജ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിൽ ഹോസ്റ്റൽ ഡേയുടെ ഭാഗമായി ചിത്രീകരിച്ച ഗാനം ഇതിനോടകം സാമൂഹിക മാധ്യമങ്ങളിൽ വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു . ഒറ്റഷോട്ടിൽ മാത്രമാണ് മഹാരാജാസിന്റെ പ്രിയ സഖാവിനെ കാണാനാകുന്നതെങ്കിലും ഗാനത്തിന്റെ ആവേശമുൾക്കൊണ്ടുള്ള അഭിമന്യുവിന്റെ ചുവടുകൾ ഏവരുടെയും കണ്ണുകളെ ഈറനണിയിക്കുന്നതാണ് .ആപ്രിൽ 21ന് യൂട്യൂബിൽ അപ്‌ലോഡ് ചെയ്ത ഗാനം ഇതിനോടകം ഒരു മില്യണിലധികം പേർ കണ്ടുകഴിഞ്ഞു .മഹാരാജാസിലും പരിസരങ്ങളിലും ചിത്രീകരിച്ച ജാലിയൻവാലാബാഗ് സംവിധാനം ചെയ്യുന്നത് നവാഗതനായ അഭിനേഷ് അപ്പുകുട്ടനാണ്
.ഒരു ഗവൺമെന്റ് ഹോസ്റ്റലിന്റെ പശ്ചാത്തലത്തിലാണ് സിനിമയുടെ കഥ പറയുന്നത്.ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരതയുടെ സഹ സംവിധായകനായ അഭിനേഷ് അപ്പുക്കുട്ടന്റെ ആദ്യ സംവിധാന ചിത്രമാണിത്.മെക്സിക്കൻ അപാരതയുടെ കോ പ്രൊഡ്യൂസർമാരായ ലിന്റോ തോമസും പ്രിൻസ് ഹുസൈനുമാണ് ചിത്രം നിർമ്മിക്കുന്നത്.
https://www.facebook.com/Malayalivartha


























