പെറ്റിയടിച്ച തുക ഉദ്യോഗസ്ഥര്‍ പോക്കറ്റിലാക്കുന്നെന്ന് ആക്ഷേപം. തുക കൃത്യമായി സര്‍ക്കാരിലെത്തുന്നുണ്ടോ എന്ന് അന്വേഷിക്കണമെന്ന്

പെറ്റി കേസുകളില്‍ പൊതുജനങ്ങളില്‍ നിന്ന് ഈടാക്കുന്ന പിഴ ക്യത്യമായി സര്‍ക്കാരിലെത്തുന്നുണ്ടോ എന്ന കാര്യം ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ യഥാസമയം പരിശോധിച്ച് ഉറപ്പു വരുത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പിഴ ഈടാക്കുന്നതിനെ കുറിച്ച് പരാതി ലഭിച്ചാല്‍ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് സംസ്ഥാന പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി.
പെറ്റികേസുകളില്‍ പൊതുജനങ്ങളില്‍ നിന്നും ഈടാക്കുന്ന തുക സര്‍ക്കാരിലേക്ക് അടയ്ക്കാതെ തിരിമറി നടത്തുകയാണെന്നാരോപിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകനായ പി കെ രാജു നല്‍കിയ പരാതിയിലാണ് ഉത്തരവ്. കമ്മീഷന്‍ ജില്ലാ പോലീസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ട് വാങ്ങിയിരുന്നു.
സംസ്ഥാന പോലീസ് ആസ്ഥാനത്ത് നിന്നുള്ള നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് വാഹന പരിശോധന നടത്തുന്നതെന്നും ട്രാഫിക് പോലീസ് സ്‌റ്റേഷനില്‍ നിന്നും എസ് ഐ മാര്‍ക്ക് നല്‍കുന്ന ടി ആര്‍ 5 ബുക്കുകളിലെ രസീതുകള്‍ അതാത് ദിവസം തന്നെ പരിശോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തിരിമറികള്‍ നടന്നിട്ടില്ലെന്ന് ഉറപ്പു വരുത്താറുണ്ട്. ക്രമക്കേടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ നടപടി സ്വീകരിക്കും. വാഹന പരിശോധന നടത്തേണ്ട രീതിയെ കുറിച്ചും ടി ആര്‍ 5 ബുക്ക് കൈകാര്യം ചെയ്യേണ്ട രീതിയെ കുറിച്ചും പോലീസ് ഓഫീസര്‍മാര്‍ക്ക് ക്ലാസുകള്‍ നല്‍കാറുണ്ട്. പെറ്റി തുക തിരിമറി സംബന്ധിച്ച് പരാതി ലഭിച്ചാല്‍ നടപടിയെടുക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വാഹന പരിശോധന നടത്തുന്ന രീതി ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പരിശോധിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. ഇത് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ ചുമതലയാണെന്നും അവര്‍ ആവശ്യമായ ശുഷ്‌കാന്തി കാണിക്കണമെന്നും ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha

























