മുലയൂട്ടല്‍ വാരാചരണം; ഐ.എ.പി., വിമന്‍സ് കോളേജ് സംയുക്ത പരിപാടി മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: ഇന്ത്യന്‍ അക്കാഡമി ഓഫ് പീഡിയാട്രിക് (ഐ.എ.പി.) തിരുവനന്തപുരവും വിമന്‍സ് കോളേജിലെ വിമന്‍ സെല്‍ യൂണിറ്റും സംയുക്തമായി വഴുതക്കാട് ഗവ. വിമന്‍സ് കോളേജില്‍ സംഘടിപ്പിച്ച മുലയൂട്ടല്‍ വാരാചരണ പരിപാടിയുടെ ഉദ്ഘാടനം ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. ആരോഗ്യ പ്രവര്‍ത്തകരും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളുമൊക്കെ ലോകമെമ്പാടും മുലയൂട്ടല്‍ വാരാചരണം ആചരിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ശിശുവിദഗ്ധരുടെ സംഘടനയായ ഐ.എ.പി.യും പരിപാടി സംഘടിപ്പിച്ചത്. മുലയൂട്ടല്‍ കുട്ടികളുടെ ആരോഗ്യത്തിനായി മാതൃത്വത്തിന്റെ ആരോഗ്യത്തിനായി എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഐ.എ.പി.യും പ്രചാരണ പരിപാടി സംഘടിപ്പിച്ചത്.
മുലയൂട്ടല്‍ ബോധവത്ക്കരണ പരിപാടി വിമന്‍സ് കോളേജില്‍ സംഘടിപ്പിച്ചത് വളരെയധികം പ്രയോജനം ചെയ്യുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ പോലെയുള്ള വിദ്യാഭ്യാസമുള്ളവര്‍ ഇതിന്റെ പ്രചാരകരാകേണ്ടതുണ്ട്. അന്ധവിശ്വാസത്തില്‍ നിന്ന് മറ്റുള്ളവരെ അകറ്റി കുഞ്ഞിന് ആദ്യപാല്‍ നല്‍കുന്നതിന് പ്രേരിപ്പിക്കണം. ശിശുരോഗ വിദഗ്ധരുടെ സംഘടന തന്നെ ഇത്തരം പ്രചാരണത്തിന് മുന്നിട്ടിറങ്ങിയതില്‍ സന്തോഷമുണ്ടെന്നും മന്ത്രി പറഞ്ഞു.
ഐ.എ.പി. കേരള പ്രസിഡന്റ് ഡോ. മുഹമ്മദ് കുഞ്ഞ് അധ്യക്ഷനായ ചടങ്ങില്‍ എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ. എ. സന്തോഷ് കുമാര്‍, ഐ.എ.പി. സെക്രട്ടറി ഡോ. റിയാസ്, ഐ.എ.പി. തിരുവനന്തപുരം പ്രസിഡന്റ് ഡോ. ശങ്കര്‍, സെക്രട്ടറി അഞ്ജു ദീപക്, ഗവ. വിമന്‍സ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. ജി. വിജയലക്ഷ്മി, കെ.എസ്.ഡബ്ലിയു.ഡി.സി. വിമന്‍സെല്‍ കോ-ഓര്‍ഡിനേറ്റര്‍, വിദ്യാര്‍ത്ഥി പ്രതിനിധി ശ്രീജ എ.എസ്. എന്നിവര്‍ പങ്കെടുത്തു.
ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ഡോ. ക്രിസ്റ്റിന്‍ ഇന്ദുമതി, ഡോ. എ. സന്തോഷ് കുമാര്‍, ഡോ. തനൂജ എസ് എന്നിവരുടെ നേതൃത്വത്തില്‍ മുലയൂട്ടലും ശിശു സംരക്ഷണവും എന്ന വിഷയത്തില്‍ പാനല്‍ ചര്‍ച്ചയും സംഘടിപ്പിച്ചു.
https://www.facebook.com/Malayalivartha

























