നാടിനെ നടുക്കിയ കൂട്ടകൊലപാതകം സിസിടിവി ദൃശ്യങ്ങള്‍ തുമ്പാകുമെന്ന പ്രതീക്ഷയോടെ അന്വേഷണ സംഘം... ആഢംബര വാഹനങ്ങളിൽ എത്തിയ വമ്പന്മാരെയും ബന്ധുക്കളേയും മന്ത്രവാദ അടിമകളെയും പരിചയക്കാരെയും ആരെയും വെറുതെ വിടില്ല; വീടിനു മുന്‍വശത്തെ തറയിലും ഭിത്തിയിലുമുള്ള രക്തക്കറയും കഴുകിക്കളഞ്ഞിരുന്നു... സംഭവസ്ഥലത്ത് തെളിവായി ശേഷിച്ചത് ചുറ്റികയും കത്തിയും മാത്രം

ബുധനാഴ്ച്ച രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. വീട്ടില്‍ നിന്നും രൂക്ഷഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികളില്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടര്‍പരിശോധനയിലാണ് ഒന്നിനു മുകളില്‍ മറ്റൊന്നായി കുഴിക്കുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
കുഴിയില്‍ നാലുപേരെയും ഒരുമിച്ചിട്ടു മൂടുകയായിരുന്നു. മൃതദേഹം കിടന്ന കുഴിക്ക് രണ്ടര അടി മാത്രമേ ആഴമുണ്ടായിരുന്നുള്ളൂ. കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകന്‍ അര്‍ജുന്റെ മൃതദേഹമാണ് പോലീസ് ആദ്യം പുറത്തെടുത്തത്. പിന്നീട് ആര്‍ഷയുടെയും, സുശീലയുടെയും കൃഷ്ണന്റെയും മൃതദേഹങ്ങള്‍ മണ്ണിനടയില്‍നിന്നു കണ്ടെടുത്തു.
കൊല്ലപ്പെട്ട കൃഷ്ണന്‍ മന്ത്രവാദ ക്രിയകള്‍ നടത്തിയിരുന്നെന്നും ആഢംബര വാഹനങ്ങളില്‍ ചിലര്‍ ഇയാളെ കാണാന്‍ വന്നിരുന്നതായും നാട്ടുകാര്‍ പൊലിസിനെ അറിയിച്ചിരുന്നു. ഇതേത്തുടര്‍ന്നു വണ്ണപ്പുറം മുതല്‍ കഞ്ഞിക്കുഴി വരെയുള്ള സ്ഥലങ്ങളിലെ ക്യാമറകള്‍ പൊലിസ് പരിശോധിച്ചു തുടങ്ങി. ബാങ്കുകളുടെയും കടകളുടെയും മുന്‍വശത്തു സ്ഥാപിച്ചിരിക്കുന്ന കാമറകളിലെ ദൃശ്യങ്ങളാണു ശേഖരിക്കുന്നത്.
ഒന്‍പതു സ്ഥാപനങ്ങളിലെ ദൃശ്യങ്ങള്‍ ശേഖരിച്ചതായും രണ്ട് കാമറകളിലെ ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിന് അപേക്ഷ നല്‍കിയതായും പൊലിസ് അറിയിച്ചു. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെങ്കിലും പ്രതികളെ സംബന്ധിച്ച് യാതോരു സൂചനയും പൊലിസിന് ലഭിച്ചിട്ടില്ല. ബന്ധുക്കള്‍, കൊല്ലപ്പെട്ട കൃഷ്ണനുമായി ബന്ധപ്പെട്ട് വീട്ടിലെത്തിയിരുന്നവര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നീങ്ങുന്നതെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞു.
അതേസമയം ,കൊല്ലപ്പെട്ട നാലംഗ കുടുംബത്തിന്റെ അന്ത്യവിശ്രമവും ഒരുമിച്ചായി. കൃഷ്ണന്റെയും ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം മൂന്നരയോടെയാണ് വീട്ടിലെത്തിച്ചത്. തുടര്‍ന്ന് സഹോദരങ്ങള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ അരമണിക്കൂറോളം പൊതുദര്‍ശനത്തിനു വച്ച ശേഷമായിരുന്നു സംസ്‌കാരം.
അതിനിടെ, കൊല്ലപ്പെട്ട ആര്‍ഷ ഞായറാഴ്ച രാത്രി വൈകിയും ഫോണ്‍ ഉപയോഗിച്ചിരുന്നതായി വ്യക്തമായിട്ടുണ്ട്.രാത്രി കൂട്ടുകാരില്‍ ചിലരെ ഫോണില്‍ വിളിക്കുകയും വാട്സാപ്പും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി പോലിസ് ആര്‍ഷ പഠിച്ചിരുന്ന തൊടുപുഴയിലെ എംജി യൂനിവേഴ്സിറ്റി ബിഎഡ് കോളജിലെത്തി.
ആര്‍ഷയുടെ കൂട്ടുകാര്‍, സഹപാഠികള്‍, അധ്യാപകര്‍ ഇവരില്‍ നിന്നെല്ലാം കാര്യങ്ങള്‍ തിരക്കി. അതിനിടെ, കൃഷ്ണന്റെ സഹോദരങ്ങളില്‍ ചിലര്‍ക്കും മന്ത്രവാദവുമായി ബന്ധമുണ്ടെന്നു പൊലിസിന് സൂചന ലഭിച്ചു. മാത്രമല്ല കുടുംബത്തില്‍ സ്വത്തുതര്‍ക്കവും നിലനിന്നിരുന്നു. ഇതൊക്കെ കൂട്ടക്കൊലപാതകത്തിന് കാരണമായോയെന്നും അന്വേഷിക്കുന്നുണ്ട്.
മന്ത്രവാദവുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണോ കൊലപാതകത്തിനു പിന്നിലെന്നും സംശയം ശക്തമാണ്. മന്ത്രവാദം ഫലിക്കാത്തതിനെച്ചൊല്ലി തര്‍ക്കവും ബഹളവും ഉണ്ടായിട്ടുണ്ടെന്നും ഒരു ഇടപാടുകാരന് പണം തിരികെ നല്‍കിയിട്ടുള്ളത് അറിയാമെന്നും ബന്ധുക്കള്‍ പൊലിസിനെ അറിയിച്ചിട്ടുണ്ട്. തൊടുപുഴ ഡിവൈഎസ്പി കെ പി ജോസിന്റെ നേതൃത്വത്തില്‍ മൂന്നു സിഐമാര്‍ ഉള്‍പ്പെടുന്ന 20 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
https://www.facebook.com/Malayalivartha

























