അഞ്ചലില്‍ മര്‍ദ്ദനമേറ്റ് മരിച്ച മണിക് റോയിയുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ധനസഹായം കൈമാറി

കനിവ് കാണിച്ച് സര്‍ക്കാര്‍. അഞ്ചലില്‍ മര്‍ദ്ദനമേറ്റ് മരിച്ച ബംഗാള്‍ സ്വദേശിയുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം തൊഴില്‍ നൈപുണ്യ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണന്‍ കൈമാറി. നിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിയില്‍നിന്ന് അനുവദിച്ച രണ്ടു ലക്ഷം രൂപ മരണമടഞ്ഞ മണിക് റോയിയുടെ ഭാര്യയുടെ ബംഗാളിലെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രഷറി മുഖേന അയച്ചതിന്റെ രേഖയാണ് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസില്‍ വച്ച് മന്ത്രി നല്‍കിയത്. മണികിന്റെ ജ്യേഷ്ഠസഹോദര പുത്രന്‍ സൂര്യകുമാര്‍ റോയി, ഭാര്യ നീലിമ, മകള്‍ മൊണാലിസ എന്നിവര്‍ ചേര്‍ന്ന് ഇത് ഏറ്റുവാങ്ങി.
മണിക് റോയിയുടെ മരണത്തിലേക്ക് നയിച്ച സംഭവങ്ങള്‍ സംസ്ഥാനത്തിനുതന്നെ അപമാനകരമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം പ്രവണതകള്‍ അംഗീകരിക്കാനാവില്ല. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന നിലപാടിലാണ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിച്ചത്. അഞ്ചലില്‍ താമസിക്കുന്ന സഹോദരപുത്രന്റെയും കുടുംബത്തിന്റെയും സുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളി ക്ഷേമ പദ്ധതിപ്രകാരം മുന്‍പും ചില കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കിയിട്ടുണ്ട്. വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ കേരളത്തിലെ തൊഴിലാളി സമൂഹത്തിന്റെ ഭാഗമായിത്തന്നെയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇവിടുത്തെ തൊഴിലാളികള്‍ക്കായുള്ള എല്ലാ സംരക്ഷണ നിയമങ്ങളും അതിഥി തൊഴിലാളികള്‍ക്കും ബാധകമാണ്, മന്ത്രി പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുവേണ്ടി സര്‍ക്കാര്‍ ചെലവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഇന്‍ഷുറന്‍സ് പദ്ധതിയായ ആവാസില്‍ കഴിഞ്ഞ വര്‍ഷം നവംബര്‍ മുതല്‍ ഇതുവരെ മൂന്ന് ലക്ഷം പേര്‍ക്ക് അംഗത്വം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























