ലൗകിക മോഹങ്ങള്‍ ഉപേക്ഷിച്ച സ്വാമിമാര്‍ ഇതുകണ്ട് ഞെട്ടി

ഗോള്‍ഡന്‍ ബാബയുടെ ലൗകിക മോഹങ്ങള്‍ക്ക് അതിരില്ല. സുധീര്‍കുമാര്‍ മക്കാഡ് എന്ന ഗോള്‍ഡന്‍ ബാബയാണ് താരം. ഇക്കുറി കന്‍വാര്‍ യാത്രയ്‌ക്കെത്തിയത് 20 കിലോ സ്വര്‍ണം അണിഞ്ഞാണ്. സ്വര്‍ണ ജാക്കറ്റ് ഉള്‍പ്പെടെ അണിഞ്ഞ് നേരത്തെയും വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുള്ള ബാബ, 25ാം തവണയാമ് തീര്‍ത്ഥാടന യാത്രയില്‍ പങ്കെടുക്കുന്നത്. ഹരിദ്വാര്‍, ഗോമുഖ്, ഗംഗോത്രി എന്നിവിടങ്ങളില്‍ സ്വര്‍ണാഭരണ വിഭൂഷിതനായി അദ്ദേഹമെത്തും.
2016 ല്‍ 12 കിലോയും കഴിഞ്ഞവര്‍ഷം 14.5 കിലോയും ധരിച്ചാണ് ബാബ തീര്‍ത്ഥാടനത്തിനെത്തിയത്. സ്വര്‍ണമാണ് ബാബയുടെ ഏക ദൗര്‍ബല്യം. അതില്ലാതെ ജീവിക്കാനാവില്ലെന്ന് അദ്ദേഹം പറയുന്നു. സ്വര്‍ണം മാത്രമല്ല ആഡംബര കാറുകളോടും വല്ലാത്ത ഭ്രമമാണ്. 21 അത്യാഡംബര കാറുകളാണ് അദ്ദേഹത്തെ അനുഗമിക്കുന്നത്. ആറുകോടിയോളം രൂപ വിലവരുന്ന ആഭരണങ്ങള്‍ അണിഞ്ഞുള്ള സഞ്ചാരത്തിന് അംഗരക്ഷകരും ഏറെയാണ്.
കഴിഞ്ഞ വര്‍ഷത്തോടെ കന്‍വാര്‍ യാത്ര അവസാനിപ്പിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിരുന്നത്. എന്നാല്‍, ഇക്കുറിയും യാത്രയ്‌ക്കെത്തിയ അദ്ദേഹം ആരോഗ്യം അനുവദിക്കുമെങ്കില്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളിലും എത്തുമെന്നും പറഞ്ഞു. 200 കിലോമീറ്ററാണ് കന്‍വാര്‍ യാത്ര. ഇക്കുറി സുവര്‍ണജൂബിലി വര്‍ഷമായതിനാല്‍ ആര്‍ഭാടം അല്‍പംപോലും കുറച്ചിട്ടില്ല. അകമ്ബടി വാഹനങ്ങളൊരുക്കുന്നതിന് മാത്രം ഒന്നേകാല്‍ കോടി രൂപയാണ് അദ്ദേഹം ചെലവിട്ടത്.
ഓരോ വര്‍ഷവും യാത്രയ്ക്ക് ചെലവേറുന്നതില്‍ അദ്ദേഹത്തിന് നിരാശയുമുണ്ട്. ആദ്യയാത്രയ്ക്ക് 250 രൂപ മാത്രമാണ് മുടക്കിയതെന്ന് അദ്ദേഹം പറയുന്നു. കൂടാരങ്ങളിലുറങ്ങിയും ഭക്തര്‍ ദക്ഷിണയായി നല്‍കുന്ന ഭക്ഷണം കഴിച്ചുമായിരുന്നു അന്ന് യാത്ര ചെയ്തത്. ഇപ്പോള്‍, എല്ലാത്തിനും ചെലവേറിയെന്ന് അദ്ദേഹം പറഞ്ഞു. സ്വര്‍ണമാലകളില്‍ 21ഓളം ലോക്കറ്റുകളാണ് അദ്ദേഹം ധരിച്ചിട്ടുള്ളത്. ഇതിന് പുറമെ 27 ലക്ഷം രൂപയുടെ റോളക്‌സ് വാച്ചും ധരിച്ചിട്ടുണ്ട്.
സ്വര്‍ണത്തോടും കാറുകളോടുമുള്ള തന്റെ ഭ്രമം മരിച്ചാലും അവസാനിക്കില്ലെന്ന് ഗോള്‍ഡന്‍ ബാബ പറയുന്നു. താന്‍ മരിക്കുമ്പോള്‍ ഈ സ്വര്‍ണവും സ്വത്തുക്കളും തന്റെ പ്രിയപ്പെട്ട ശിഷ്യന് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ ഗാന്ധിനഗര്‍ മാര്‍ക്കറ്റില്‍ തുണിവ്യാപാരവും റിയല്‍ എസ്‌റ്റേറ്റ് ബിസിനസും നടത്തിയിരുന്ന മക്കാഡ് പിന്നീട് ആത്മീയ പാതയിലേക്ക് തിരിയുകയായിരുന്നു. ഗസിയാബാദില്‍ ഇന്ദിരാപുരത്ത് ആഡംബര ഫഌറ്റും സ്വന്തമായുണ്ട്. ഗോള്‍ഡന്‍ പുരി ബാബാജിയെന്നും അറിയപ്പെടുന്ന അദ്ദേഹത്തിന് 150 കോടിയുടെ സ്വത്തുണ്ടെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha


























