കുട്ടിക്കാലത്ത് മലദൈവങ്ങളുടെ പ്രീതിക്കായി അച്ഛൻ പൂജകള്‍ നടത്തുന്നത് ആരാധനയോടെ കണ്ട് നിന്ന അനീഷ് പത്താം തരത്തിൽ തോറ്റതോടെ അത്ഭുത സിദ്ധികള്‍ സ്വായക്തമാക്കാൻ മരച്ചുവട്ടില്‍ നഗ്നനായിരുന്ന് തപസ്സനുഷ്ഠിക്കുന്നത് കോളനിവാസികളുടെ പതിവ് കാഴ്ച്ചയായിരുന്നു! ദുര്‍മന്ത്രവാദിയായി മാറാൻ കൃഷ്ണന്റെ കൂട്ട് പിടിച്ച അനീഷ് അഘോരശക്തികൾക്ക് വേണ്ടി ഗുരുവിന്റെ ചുടുരക്തമൊരുക്കി...

കമ്പകക്കാനം കൂട്ടകൊലയുടെ മുഖ്യസൂത്രധാരന്‍ അടിമാലി സ്വദേശി അനീഷിന്റെ ഭൂതകാലത്തെക്കുറിച്ച് നാട്ടുകാര്‍ക്കിടയില്‍ പ്രചരിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ആദിവാസികളിലെ ഉള്ളാടര്‍ വിഭാഗത്തില്‍പ്പെട്ട അനീഷ് അടിമാലി കൊരങ്ങാട്ടി നൂറാംകര കോളനിയിലാണ് താമസിച്ചുവന്നിരുന്നത്. കോളനിവാസികള്‍ക്കിടയില്‍ മഹര്‍ഷി എന്നറിയപ്പെട്ടിരുന്ന പിതാവ് കുട്ടി വീട്ടില്‍ വച്ചാരാധന നടത്തുന്ന ആളായിരുന്നു.പ്രത്യേക ദിവസങ്ങളില്‍ പിതാവ് മലദൈവങ്ങളുടെ പ്രീതിക്കായി വീട്ടില്‍ പൂജകള്‍ നടത്തുന്നത് അനീഷ് ശ്രദ്ധയോടെ വീക്ഷിച്ചിരുന്നു.
പൂജയ്ക്കൊടുവില്‍ കോഴിയെയും ആടിനെയും മറ്റും അറുത്ത് മൂര്‍ത്തികളെ ആവാഹിച്ചിട്ടുള്ള ശിലകളില്‍ കൂട്ടി രക്തമൊഴുക്കുന്നത് അനീഷ് പലവട്ടം കണ്ടുനിന്നിട്ടുണ്ട്. വീട്ടില്‍ പൂജകര്‍മ്മങ്ങള്‍ നടത്താറുണ്ടെങ്കിലും ഇതിനായി പുറത്തുപോയതായി നാട്ടുകാര്‍ക്ക് വിവരമില്ല. പത്താംക്ലാസ്സില്‍ തോറ്റപ്പോള്‍ പഠിത്തം നിര്‍ത്തിയ അനീഷ് പിന്നീട് ശ്രദ്ധ കേന്ദ്രീകരിച്ചത് അത്ഭുത സിദ്ധികള്‍ സ്വന്തമാക്കാനായിരുന്നെന്നാണ് കോളനിക്കാരില്‍ ഒരു വിഭാഗത്തിന്റെ വെളിപ്പെടുത്തല്‍. ഈ കാലയളവില്‍ സമീപത്തെ വനത്തില്‍ ഒരു മരച്ചുവട്ടില്‍ നഗ്‌നനായിരുന്ന് മന്ത്രം ജപിക്കുന്ന അനീഷിനെ തങ്ങള്‍ പലവട്ടം കണ്ടിട്ടുണ്ടെന്നും ഇക്കൂട്ടര്‍ വ്യക്തമാക്കുന്നു.
അത്ഭുത സിദ്ധികളെക്കുറിച്ചുള്ള കേട്ടറിവുകളില്‍ ഏറെ ആകൃഷ്ടനായിരുന്ന അനീഷ് ഇക്കാര്യത്തില്‍ സ്ഥിരീകരണത്തിനായി സുഹൃത്തായ ലിബീഷ് വഴി കൃഷ്ണനെ സമീപിച്ചെന്നും താമസിയാതെ ഇയാള്‍ കൃഷ്ണന്റെ ശിഷ്യനായി മാറിയെന്നുമാണ് നാട്ടുകാരുടെ അനുമാനം. വീട്ടില്‍ നിന്നും യമഹ ആര്‍ എക്സ് 100 ബൈക്കുമായി ഇറങ്ങുന്ന അനീഷ് കമ്പക്കാനത്തെത്തി കൃഷ്ണനെ നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് എത്തിക്കുകയും പൂജകളില്‍ പരികര്‍മ്മിയായി പങ്കെടുക്കുകയും ചെയ്തിരുന്നു.
നാല് വര്‍ഷത്തോളം ഇരുവരും സൗഹൃദത്തിലായിരുന്നെന്നും സ്വന്തം നിലയില്‍ ചെയ്യുന്ന പൂജകള്‍ക്ക് ഫലസിദ്ധി ലഭിക്കുന്നില്ലന്ന് കണ്ട അനീഷ് ജോത്സ്യന്മാരെക്കണ്ട് കാരണം തിരക്കിയെന്നും കൃഷ്ണനാണ് ഇതിന് കാരണം എന്ന് തിരിച്ചറിഞ്ഞതോടെ ഇവര്‍ ശത്രുക്കളായി എന്നുമാണ് പൊലീസ് ഭാഷ്യം. ഇന്നലെ രാത്രി നേര്യമംഗത്ത് ആളില്ലാത്ത വീട്ടില്‍ നിന്നും നാട്ടുകാര്‍ കണ്ടെത്തി പൊലീസിന് കൈമാറിയ അനീഷിനെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ രഹസ്യകേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്തുവരികയാണ്.
കഴിഞ്ഞയാഴ്ചയായിരുന്നു തൊടുപുഴയ്ക്കു സമീപം വണ്ണപ്പുറം കമ്ബകക്കാനത്ത് ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ നാലംഗ കുടുംബത്തെ അതിദാരുണമായി കൊലപ്പെടുത്തിയത്.കൃഷ്ണന്‍, സുശീല, മക്കളായ ആര്‍ഷ, അര്‍ജൂന്‍ എന്നിവരെയാണ് അനീഷും ലിബീഷും ചേര്‍ന്ന് കൊലപ്പെടുത്തിയത്. അനീഷ് കൂടി പിടിയിലായതോടെ കൊലപാതകക്കേസിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരും.
ഞായറാഴ്ച കൊല ചെയ്ത ശേഷം തിങ്കളാഴ്ചയാണ് മൃതദേഹങ്ങള്‍ കുഴിച്ചുമൂടിയത്. ഞായറാഴ്ച രാത്രിയോടെ വീട്ടിലെത്തിയ സംഘം വീട്ടിലെ ആടിനെ ഉപദ്രവിച്ചു. ആടിന്റെ കരച്ചില്‍ കേട്ട് പുറത്തിറങ്ങിയ കൃഷ്ണനെ ആദ്യം ചുറ്റികയ്ക്ക് തലയ്ക്കടിച്ചു വീഴ്‌ത്തി. അതിന് ശേഷം പിന്നാലെയെത്തിയ മറ്റുള്ളവരെയും തലയ്ക്കടിച്ചു വീഴ്‌ത്തുകയായിരുന്നു. കൊരങ്ങാട്ടിക്കു സമീപം നൂറാംകരയിലേക്കുള്ള വഴിയില്‍ പിതാവ് കോളംകുടിയില്‍ കുട്ടിയോടും മാതാവിനോടുമൊപ്പമാണ് അനീഷ് താമസിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























