കനത്ത മഴയെതുടര്‍ന്ന് ഉരുള്‍ പൊട്ടല്‍; രാത്രി 10 മണിയോടെ മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ തുറന്നുവിട്ടു; തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

ഉരുള്‍ പൊട്ടലിനെ തുടര്‍ന്ന് മലമ്പുഴ അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ നാല് അടി വീതം തുറന്നുവിട്ടു. മലമ്പുഴ ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിള്‍ ഉള്‍പ്പെടുന്ന പറച്ചാണിയില്‍ ഉരുള്‍പൊട്ടി ജലനിരപ്പുയര്‍ന്നതിനെ തുടര്‍ന്നാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. രാത്രി 10 മണിയോടെയാണ് ഷട്ടറുകള്‍ തുറന്നത്. നദികളില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പുയര്‍ന്ന സാഹചര്യത്തില്‍ ആളിയാര്‍ അണക്കെട്ടിന്റെ ഒമ്പത് ഷട്ടറുകള്‍ 0.7 അടി വീതം തുറന്നു. സെക്കന്‍ഡില്‍ 4000 ഘനയടി വെള്ളമാണ് ഡാമില്‍നിന്ന് പുറത്തേക്ക് പ്രവഹിക്കുന്നത്. ഇതോടെ ചിറ്റൂര്‍ പുഴയില്‍ ജലനിരപ്പുയര്‍ന്നിട്ടുണ്ട്. പുലര്‍ച്ചയോടെ വെള്ളം ചിറ്റൂര്‍, പാലക്കാട് മേഖലയില്‍ എത്തും. ഉച്ചയോടെ ഭാരതപ്പുഴയില്‍ അടക്കം ജലനിരപ്പ് ഉയരുമെന്ന് മുന്നറിയിപ്പുണ്ട്. തീരങ്ങളിലുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഞ്ചിക്കോട് കൊട്ടാമുട്ടി മലയില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്ന് ജലനിരപ്പുയര്‍ന്ന് പാലക്കാട് കോയമ്പത്തൂര്‍ റൂട്ടില്‍ ട്രയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ബി ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്നാണ് തീവണ്ടി ഗതാഗതം തടസ്സപ്പെട്ടത്. കേരളത്തിന് അകത്തേക്കും പുറത്തേക്കുമുള്ള ദീര്‍ഘദൂര ട്രയിന്‍ സര്‍വീസുകള്‍ ഉള്‍പ്പെടെ വൈകും. ജലനിരപ്പുയര്‍ന്ന ഇടമലയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഡാമിന്റെ ഷട്ടറുകള്‍ വ്യാഴാഴ്ച രാവിലെ അഞ്ചുമണിക്ക് തുറക്കും. പെരിയാറില്‍ ഒന്നരമീറ്റര്‍വരെ ജലനിരപ്പുയര്‍ന്നേക്കാമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha
























