അനീഷിന്റെ വീഴ്ചകളെക്കുറിച്ച് വിവരിച്ചതോടെ പൂജാരിയിലുള്ള വിശ്വാസം അതിരു കടന്നു... പ്രശ്‌നങ്ങളുടെ മൂലകാരണമായ കൃഷ്ണനെ കൊല്ലാന്‍ ഉചിതമായ സമയം കവടി നിരത്തി തൊട്ടടുത്ത ദിവസം തെരഞ്ഞെടുത്തു; കൃത്യത്തിന് ശേഷം കോഴികളെ കുരുതി കൊടുത്തുള്ള ആഭിചാര ക്രിയകള്‍; ഇനി ഒന്നിനെയും ഭയക്കേണ്ട കാര്യമില്ലെന്നും അനീഷ് തന്റെ സിദ്ധികള്‍ ഉടന്‍ തന്നെ കൈവരിക്കുമെന്ന് രണ്ടാനാശാനായ പൂജാരി

തൊടുപുഴ കമ്പകക്കാനം കൂട്ടക്കൊലപാതകം സംബന്ധിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. തന്റെ മന്ത്രശക്തികള്‍ ഫലം കാണാത്തതിന്റെ കാരണം കണ്ടെത്താനാണ് അനീഷ് സുഹൃത്തു വഴി അടിമാലി സ്വദേശിയായ രണ്ടാനാശാനായ പൂജാരിയിലേക്ക് എത്തുന്നത്. വിശ്വസിക്കത്തക്കവണ്ണം അനീഷിന്റെ വീഴ്ചകളെക്കുറിച്ച് വിവരിച്ചതോടെ പൂജാരിയിലുള്ള വിശ്വാസം അതിരു കടന്നു.
പ്രശ്‌നങ്ങളുടെ മൂലകാരണമായ കൃഷ്ണനെ കൊല്ലാന്‍ ഉചിതമായ സമയം കവടി നിരത്തി കണ്ടെത്താന്‍ അനീഷ് പൂജാരിയോടു പറയുകയായിരുന്നു. ഇതോടെയാണ് 29 ന് കൃഷ്ണനെയും കുടുംബത്തെയും വകവരുത്തിയത്. കൊലപാതകത്തിനു ശേഷം അനീഷും കൂട്ടാളിയായ ലിബീഷും രണ്ടാനാശാനായ പൂജാരിയുടെ അടുത്തെത്തി തങ്ങള്‍ പിടിക്കപ്പെടാതിരിക്കാനുള്ള പൂജകള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടതായും പോലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാളുടെ നേതൃത്വത്തില്‍ കോഴികളെ കുരുതി കൊടുത്തുള്ള ആഭിചാര ക്രിയകള്‍ നടത്തി.
ഇനി ഒന്നിനെയും ഭയക്കേണ്ട കാര്യമില്ലെന്നും അനീഷ് തന്റെ സിദ്ധികള്‍ ഉടന്‍ തന്നെ കൈവരിക്കുമെന്നും പറഞ്ഞാണ് ഇവര്‍ അവിടെ നിന്നും പിരിഞ്ഞത്. എന്നാല്‍ പ്രതികളിലേക്കുള്ള നിര്‍ണായക തെളിവുകള്‍ നല്‍കിയതും ഈ പൂജാരി തന്നെയാണ്. കൊലപാതകത്തിനു പ്രേരണ നല്‍കിയ പൂജാരിയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടും. അടിമാലി സ്വദേശിയായ കൃഷ്ണകുമാര്‍ വഴിയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മന്ത്രവാദിയായിരുന്ന കൃഷ്ണനിലേക്ക് അനീഷ് എത്തിയത്. ഒന്നാം പ്രതി അനീഷിന്റെ സുഹൃത്തായിരുന്നു കൃഷ്ണകുമാര്‍.
വിവാഹം നടക്കാത്തതിനും വീടുപണി മുടങ്ങിയതിനും പരിഹാരം കാണാനുള്ള തത്രപ്പാടിലായിരുന്നു അനീഷ്. തടസം നീങ്ങിക്കിട്ടാന്‍ പരിഹാരക്രിയകള്‍ ചെയ്യുന്നതിന് കൃഷ്ണനു കഴിയുമെന്നു സുഹൃത്തായ കൃഷ്ണകുമാര്‍ അനീഷിനോടു പറഞ്ഞു. അനീഷിനെ കൃഷ്ണനുമായി പരിചയപ്പെടുത്തിയതും കൃഷ്ണകുമാറാണ്. മുന്‍പ് സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന കൃഷ്ണകുമാറിനോട് പ്രശ്‌ന പരിഹാരത്തിനായി പൂജ നടത്താന്‍ കൃഷ്ണന്‍ ഒന്നരലക്ഷം രൂപയോളം വാങ്ങിയിരുന്നു.
ഇതിനുപുറമേ നാല് ഏലസുകള്‍ തയാറാക്കിയതിനും നാലുപേരെ ഏലസ് അണിയിച്ചതിനും 20,000 രൂപ ഈടാക്കുകയും ചെയ്തു. സ്വന്തം ഭാര്യയെയും മക്കളെയുമാണ് കൃഷ്ണന്‍ ഇത് അണിയിച്ചത്. സ്വന്തമായി ജെ.സി.ബി വാങ്ങിയാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുമെന്നും കൃഷ്ണന്‍ പറഞ്ഞതിനെ തുടര്‍ന്ന് കൃഷ്ണകുമാര്‍ ജെ.സി.ബി വാങ്ങുകയും ചെയ്തു. എന്നാല്‍ ഇതിലൂടെ ആദ്യം ലഭിച്ച ലാഭം പിന്നീട് കിട്ടാതെ വന്നപ്പോള്‍ കൃഷണകുമാര്‍ വീണ്ടും കൃഷ്ണനെ സമീപിച്ചു. അടുത്ത നടപടിയെന്നോണം മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന ജോലികള്‍ കൂടെ കൃഷ്ണകുമാറിന് കിട്ടുന്നതിനായുള്ള കര്‍മങ്ങളും ചെയ്തു നല്‍കി.
ഈ കാലയളവിലാണ് ഒന്നാം പ്രതി അനീഷ് കൃ്ഷണകുമാര്‍ വഴി കൃഷ്ണനിലേക്കെത്തുന്നത്. പിന്നീട് വിവിധ ഘട്ടങ്ങളിലായി അനീഷ് കൃഷ്ണന്റെ വീട്ടിലെത്തി. ഇതിനിടെയാണ് കൃഷ്ണനില്‍ നിന്നും മന്ത്രവാദം പഠിക്കാനാരംഭിച്ചത്. ധനസമ്പാദനത്തിന് മികച്ച മാര്‍ഗമാണ് മന്ത്രവാദമെന്ന തിരിച്ചറിവ് അനീഷിന് ലഭിച്ചത് മന്ത്രവാദത്തിലൂടെ കൃഷ്ണന്‍ സ്വരൂപിച്ച സ്വര്‍ണവും പണവും കണ്ടിട്ടായിരുന്നു. കൊലപാതകശേഷം പ്രതികള്‍ നടത്തിയ രക്ഷാപൂജയിലും പൂജാരി പങ്കെടുത്തിരുന്നു. ഇയാളും പ്രതിയാകും.
മൃതദേഹങ്ങള്‍ കുഴിച്ചിട്ടശേഷം കുഴിയില്‍ കന്നാസില്‍ ആസിഡ് ഒഴിച്ചു. മണം വരാതിരിക്കുന്നതിനും മൃതദേഹങ്ങള്‍ പെട്ടെന്ന് അഴുകിപ്പോകുന്നതിനുമായിരുന്നു ഇത്. കൃഷ്‌ണന്റെ വീട്ടില്‍നിന്ന് അപഹരിച്ച സ്വര്‍ണാഭരണം നാല്‍പ്പതിനായിരം രൂപയ്‌ക്ക് തൊടുപുഴയിലെ സ്വര്‍ണ ഇടപാടു സ്‌ഥാപനത്തില്‍ പണയം വച്ചു.
ഇതിന് സഹായിച്ച ലിബീഷിന്റെ സുഹൃത്തും പോലീസ് പിടിയിലാകും. പ്രതികളെ ഇന്നു കോടതിയില്‍ ഹാജരാക്കും. കൊല്ലപ്പെട്ടവരില്‍ അമ്മയെയും മകളെയും കൊലപ്പെടുത്തിയതിന് ശേഷം കൂട്ടമാനഭംഗത്തിനിരയാക്കിയെന്ന് പിടിയിലായ പ്രതി ലിബീഷ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് കൊലപാതകത്തിന് പുറമെ മാനഭംഗത്തിനും കേസ് എടുത്തു.
https://www.facebook.com/Malayalivartha























