ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 16 ആയി... മരണ സംഖ്യ ഉയരുന്നു; കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ ഇരുപതിലേറെ സ്ഥലങ്ങളില്‍ ഒരേസമയത്താണ് ഉരുള്‍പൊട്ടലുണ്ടായത്... മലപ്പുറത്ത് അഞ്ചിടത്തും കോഴിക്കോട് മൂന്നിടത്തുമാണ് ഉരുള്‍പൊട്ടിയത്

ശക്തമായ മഴയിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണ്ണം 16 ആയി. ഇടുക്കിയില്‍ ഒരു കുടുംബത്തിലെ അഞ്ച് പേരടക്കം പത്തുപേരാണ് മരിച്ചത്. അടിമാലി മൂന്നാര്‍ റൂട്ടിലെ ദേശീയപാതയ്ക്ക് സമീപം പുത്തന്‍കുന്നേല്‍ ഹസന്‍ കോയയുടെ വീട്ടിന്റെ മുകളിലേക്ക് മണ്ണിടിഞ്ഞ് വീണാണ് അഞ്ചുപേര്‍ മരിച്ചത്. കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലകളില്‍ ഇരുപതിലേറെ സ്ഥലങ്ങളില്‍ ഒരേസമയത്താണ് ഉരുള്‍പൊട്ടലുണ്ടായത്. മലപ്പുറത്ത് അഞ്ചിടത്തും കോഴിക്കോട് മൂന്നിടത്തുമാണ് ഉരുള്‍പൊട്ടിയത്. താമരശേരിയില്‍ ഒരാളെ കാണാതായി.
ഹസന്‍ കോയയുടെ ഭാര്യ ഫാത്തിമ, മകന്‍ മുജീബ്, ഭാര്യ ഷെമീന, മക്കളായ ദിയ, നിയ എന്നിവരാണ് മരിച്ചത്. ഹസന്‍ കോയയെയും ബന്ധുവിനെയും മാത്രമാണ് രക്ഷപ്പെടുത്താന്‍ സാധിച്ചത്. കഞ്ഞിക്കുഴിയില്‍ അഗസ്തി, ഏലിയാമ്മ എന്നിവരും അടമാലിയില്‍ മോഹനന്‍, ശോഭന എന്നിവരും മരിച്ചു. മരിച്ച ഒരാളുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. മലപ്പുറം ജില്ലയിലെ നിലമ്ബൂര്‍ ചെട്ടിയം പാറയില്‍ ഒഴുക്കില്‍പ്പെട്ട് അഞ്ച് പേര്‍ മരിച്ചു. വയനാടും ഒരു മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് പുതുപ്പാടി പഞ്ചായത്തിലെ കണ്ണപ്പന്‍കുണ്ടിയില്‍ ഉരുള്‍പൊട്ടി ഒരാളെ കാണാതായി.
മട്ടിക്കുന്ന് സ്വദേശി റിജിത്തിനെയാണ് കാണാതായത്. ഉരുള്‍പൊട്ടലില്‍ നിരവധിപ്പേരെയാണ് കാണാതായിട്ടുള്ളത്. അതിനാല്‍ മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. വയനാട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ഉരുള്‍പൊട്ടിയത്. വയനാട്ടില്‍ വൈത്തിരി പൊലീസ് സ്‌റ്റേഷന് സമീപമാണ് ഉരുള്‍പൊട്ടിയത്. താമരശേരി ചുരത്തിലെ റോഡ് ഗതാഗതം പൂര്‍ണമായും തടപ്പെട്ടു. ഇതോടെ വയനാട് ഒറ്റപ്പെട്ട നിലയിലാണ്.
https://www.facebook.com/Malayalivartha























