മഴക്കെടുതി: നോര്‍ക്ക റൂട്‌സുമായി സഹകരിക്കുന്നവരും ലോകകേരളസഭയുടെ ഭാഗമായി നില്‍ക്കുന്നവരും സഹായിക്കണമെന്ന് മുഖ്യമന്ത്രി

പ്രളയദുരന്തം നേരിടുന്ന കേരളത്തെ അകമഴിഞ്ഞ് സഹായിക്കാന്‍ എല്ലാ പ്രവാസികളോടും മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. നോര്‍ക്ക റൂട്‌സുമായി സഹകരിക്കുന്നവരും ലോകകേരളസഭയുടെ ഭാഗമായി നില്‍ക്കുന്നവരും മുന്നിട്ടിറങ്ങേണ്ട സന്ദര്‍ഭമാണിത്. വിദേശമലയാളികള്‍ക്ക് വലിയ സഹായം ചെയ്യാന്‍ കഴിയും. മുമ്പൊരിക്കലുമില്ലാത്ത ദുരിതമാണ് പ്രകൃതിക്ഷോഭം മൂലം കേരളം നേരിടുന്നത്. മൂന്നുദിവസത്തിനകം 29 പേര്‍ വെള്ളപ്പൊക്ക കെടുതിയില്‍ മരിച്ചു. കോടിക്കണക്കിനു രൂപയുടെ കൃഷിനാശമുണ്ടായി. നൂറുകണക്കിന് വീടുകള്‍ തകര്‍ന്നു. പാലങ്ങളും റോഡുകളും തകര്‍ന്നു.
ജനജീവിതം സാധാരണ നിലയിലാകാന്‍ മാസങ്ങള്‍ വേണ്ടിവരും. എല്ലാ ഭാഗത്തുനിന്നും സഹായമുണ്ടായേ മതിയാവൂ. മനുഷ്യസ്‌നേഹികള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.അക്കൗണ്ട് നം. 67319948232, എസ്.ബി.ഐ. സിറ്റി ബ്രാഞ്ച്, തിരുവനന്തപുരം, IFSC: SBIN0070028. CMDRF ലേക്കുളള സംഭാവന പൂര്‍ണ്ണമായും ആദായനികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കല്‍പ്പറ്റ മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വെള്ളപ്പൊക്ക ദുരിതാശ്വസ ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. എത്രയും വേഗം ഭവനങ്ങളിലേക്ക് മടങ്ങുന്നതിന് സാധ്യമായ എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി നിവേദനവുമായെത്തിയവര്‍ക്ക് ഉറപ്പ് നല്‍കി. 230 കുടുംബങ്ങളില്‍ നിന്നായി മുണ്ടേരിയിലെ 849 പേരും, വേങ്ങപ്പള്ളിയിലെ 116 പേരുമുള്‍പ്പെടെ 965 പേരാണ് മുണ്ടേരി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്യാമ്പിലുള്ളത്. മുണ്ടേരി ക്യാമ്പില്‍ ഭക്ഷണമൊരുക്കിയിരിക്കുന്നതിനെയും വൈദ്യസഹായ സൗകര്യങ്ങളും മുഖ്യമന്ത്രി അഭിനന്ദിച്ചു.
മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.ഐ.ഷാനവാസ് എം.പി, എം.എല്‍.എ മാരായ സി.കെ.ശശീന്ദ്രന്‍, ഐ.സി. ബാലകൃഷ്ണന്‍, ഒ.ആര്‍.കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്.കുര്യന്‍, സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ജില്ലാ കളക്ടര്‍ എ.ആര്‍.അജയകുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.രാവിലെ 7.30 ന് പ്രത്യേക ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും ഇടുക്കിയില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അവിടെയിറങ്ങാതെ ആദ്യം വയനാട്ടിലെത്തിയത്.
https://www.facebook.com/Malayalivartha

























