രാജ്യം ഒറ്റക്കെട്ടായി കേരളത്തിനൊപ്പമുണ്ട് ; വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി

കേരളത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യം ഒറ്റക്കെട്ടായി കേരളത്തിനൊപ്പമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി ടെലിഫോണില്‍ സംസാരിച്ചിരുന്നു. കേരളത്തിലെ സ്ഥിതി ആശങ്കാജനകമാണ്. ഇതിന്റെ ഗൗരവം ഉള്‍ക്കൊണ്ടുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ സഹായം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിലെ പ്രളയ ദുരിതത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവും ആശങ്ക രേഖപ്പെടുത്തി. കേരളത്തിലെ ജനങ്ങളുടെ വേദനയില്‍ പങ്കുചേരുന്നതായി ഇരുവരും അറിയിച്ചു. പ്രളയദുരന്തത്തിന്റെ തീവ്രത സംബന്ധിച്ച് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗുമായി സംസാരിച്ചതായും രാഷ്ട്രപതി പറഞ്ഞു.
നാവികസേനയുടെ കൊച്ചിയിലേയും വ്യോമസേനയുടെ തിരുവനന്തപുരത്തെയും വിമാനത്താവളങ്ങള്‍ തുറന്നു നല്കാന് നിര്‍ദേശം നല്‍കിയതായി പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന് പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ സഹായങ്ങളും നല്കാന് കര, നാവിക, വ്യോമ സേനകള്‍ക്ക് നിര്‍ദേശം നല്‍കിയതായും പ്രതിരോധമന്ത്രി അറിയിച്ചു.
https://www.facebook.com/Malayalivartha
























