കേരളം വീണ്ടും പ്രളയ ഭീതിയില്‍

കേരളം അതിശക്തമായ വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന അവസ്ഥയില്‍ ലോകത്തെമ്പാടു നിന്നും സഹായ ഹസ്തങ്ങള്‍ ഉയരുകയാണ്. അതേസമയം സുരക്ഷിതരെന്ന് കരുതിയിരുന്ന പല സ്ഥലങ്ങളിലേയും വീട്ടുകാര്‍ വെള്ളത്തില്‍ കുടുങ്ങിയതോടെ എല്ലാപേരേയും രക്ഷിക്കുക എന്ന വലിയൊരു പ്രയത്‌നത്തിലാണ് രക്ഷാപ്രവര്‍ത്തകര്‍. പലരും ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും തങ്ങള്‍ അകപ്പെട്ടുപോയ സ്ഥാനം വിളിച്ചു പറയുന്നുണ്ട്. എന്നാല്‍ വെള്ളത്താല്‍ മുങ്ങിയ സ്ഥലത്ത് എത്താനും ആ സ്ഥലം കണ്ടെത്താനും രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കാത്ത വെറും സാധാരണക്കാര്‍ എന്തു ചെയ്യണമെന്നറിയാതെ ഒറ്റപ്പെട്ടു കഴിയുകയാണ്.
ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ കേരളം വീണ്ടും പ്രളയ ഭീതിയില്‍. കിഴക്കന്‍മല നിരകളില്‍ തിമിര്‍ത്തു പെയ്യുന്ന മഴയും മലയോര ജില്ലകളില്‍ വ്യാപകമായി ഉണ്ടായ ഉരുള്‍പൊട്ടലും വലിയ നാശനഷ്ടങ്ങളുണ്ടാക്കി. സംസ്ഥാനത്തെ 27 മേജര്‍ ഡാമുകള്‍ തുറന്നു വിടേണ്ടിവന്നു. ഇടുക്കി പദ്ധതിയുടെ ചെറുതോണി ഡാമിന്റെ അഞ്ചു ഷട്ടറും വീണ്ടും തുറന്നു. ഇടമലയാര്‍ ഡാം നിറഞ്ഞതോടെ അവിടെനിന്നുള്ള വെള്ളമൊഴുക്കും വര്‍ധിച്ചു. ഇതു പെരിയാറിലെ ജലനിരപ്പ് കഴിഞ്ഞ ദിവസത്തേതുപോലെ ഉയര്‍ത്തുമെന്ന ആശങ്കയുണ്ട്.
ചെങ്ങന്നൂര്‍ ഇടനാട്ടിലും, മങ്കലം മാര്‍ത്തോമാ പള്ളിക്കടുത്തും നിരവധിപേര്‍ പുറംലോകവുമായി ബന്ധപ്പെടാനാകാതെ കുടുങ്ങിക്കിടക്കുന്നു. വെള്ളം താഴുമെന്ന പ്രതീക്ഷയില്‍ വീടിനുള്ളില്‍ തങ്ങിയവരാണ് കുടുങ്ങിക്കിടക്കുന്നത്. പക്ഷെ പ്രതീക്ഷകള്‍ ആസ്ഥാനത്താക്കി വീടുകളുടെ ഒന്നാം നിലവരെ വെള്ളം ഉയര്‍ന്നിരിക്കുകയാണ്.
കണ്‍ഡ്രോള്‍ റൂമില്‍ വിളിക്കാന്‍ ശ്രമിച്ചിട്ടും കിട്ടാത്ത അവസ്ഥയാണ്.വനിതാ സെല്ലില്‍ വിളിച്ചിട്ടും കണ്‍ഡ്രോള്‍ റൂമില്‍ ബന്ധപ്പെടണമെന്ന അറിയിപ്പാണ് കിട്ടുന്നത്. രാവിലെ മുതല്‍ ഭക്ഷണം പോലുമില്ലാതെ കെട്ടിടങ്ങളില്‍ നിരവധിപേര്‍ കുടുങ്ങിക്കിടക്കുകയാണ്. തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വാട്‌സാപ്പുകളില്‍ സന്ദേശമയക്കുകയാണ് ഇവര്‍. ശബരിഗിരി പദ്ധതിയുടെ ഷട്ടറുകള്‍ തുറന്നതിനാല്‍ പന്പാനദിയില്‍ വെള്ളം അനുനിമിഷം ഉയരുന്നതു കുട്ടനാടിനും ഭീഷണിയായി. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും മഴ കനത്തു. നെയ്യാര്‍ ഡാം മുതല്‍ വയനാട്ടിലെ ബാണാസുര സാഗര്‍ വരെ തുറന്നു വിട്ടു. വയനാടും മൂന്നാറും ഒറ്റപ്പെട്ട നിലയിലായി.
അതേസമയം ഇടമലയാര്‍ ഡാമിന്റെ നാലു ഷട്ടറുകളില്‍ ഒരെണ്ണം രണ്ടു മീറ്ററോളം ഉയര്‍ത്തി. മൂന്നു ഷട്ടറുകള്‍ ഓരോ മീറ്റര്‍ വീതമാണ് ഉയര്‍ത്തിയിട്ടുള്ളത്. ഇന്നലെ രാത്രിയോടെ ജലനിരപ്പ് പരമാവധി സംഭരണശേഷിയായ 169 മീറ്ററില്‍ എത്തിയപ്പോഴാണ് ഷട്ടര്‍ ഉയര്‍ത്താന്‍ തീരുമാനിച്ചത്. ദുരിതാശ്വാസ ക്യാന്പുകളില്‍നിന്നു വീടുകളിലേക്കു മടങ്ങിയവരോട് പെരിയാറില്‍ വെള്ളം ഉയര്‍ന്ന അടിയന്തര സാഹചര്യം കണക്കിലെടുത്തു തിരികെയെത്താന്‍ എറണാ കുളം ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു.
മാട്ടുപ്പെട്ടി ഡാമിലെ രണ്ടു ഷട്ടറുകള്‍ തുറന്നതോടെ മൂന്നാറില്‍ ദേശീയപാതയിലൂടെയുള്ള ഗതാഗതം നിര്‍ത്തിവച്ചു. പഴയ മൂന്നാര്‍, മൂലക്കട എന്നിവിടങ്ങളില്‍ ഇരുപതോളം വീടുകള്‍ മുങ്ങി. ചൊവ്വാഴ്ച ഉച്ചയോടെ മൂന്നാര്‍ ടൗണില്‍ വെള്ളം കയറിയിത്തുടങ്ങിയിരുന്നു.മൂന്നാര്‍ ടൗണിലെ ഇരു കരകളിലുമുള്ള മുപ്പതോളം വ്യാപാര സ്ഥാപനങ്ങള്‍ വെള്ളത്തിലായി. അന്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. പഴയ മൂന്നാറിലെ സര്‍ക്കാര്‍ സ്‌കൂളിനു സമീപമുള്ള തൂക്കുപാലം ഒലിച്ചു പോയി.
പാലക്കാട് ജില്ലയില്‍ മഴ ശക്തമായതോടെ മലമ്പുഴ, പോത്തുണ്ടി, മംഗലം ഡാമുകളുടെ ഷട്ടറുകള്‍ കൂടുതല്‍ തുറന്നു. വാളയാര്‍ ഡാമിന്റെ ഷട്ടര്‍ തുറന്നു. ചുള്ളിയാര്‍ ഡാം ഏതു നിമിഷവും തുറക്കും. കല്പാത്തി പുഴയോരത്തെ വീടുകളും പാലക്കാട് നഗരത്തിലെ ചില പ്രദേശങ്ങളും വീണ്ടും വെള്ളത്തിലായി. വീടുകളുടെ ഒരു നില വെള്ളത്തിനടിയിലാണ്. ഇടുക്കി കുഞ്ചിത്തണ്ണി എല്ലക്കല്‍ പള്ളിക്കു സമീപം ഉരുള്‍പൊട്ടി ആര്യനാക്കല്‍ ത്രേസ്യാമ്മ (70) യെ കാണാതായി. ഇന്നലെ രാത്രി ഏഴരയോടെയാണു സംഭവം. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. വീടു പൂര്‍ണമായും തകര്‍ന്നു. പോലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തുകയാണ്.
മലപ്പുറം ജില്ലയിലും കോഴിക്കോട് മലയോര പ്രദേശത്തും ഇന്നലെ വീണ്ടും ഉരുള്‍പൊട്ടി. ആളപായമില്ല. നിരവധി വീടുകളില്‍ വെള്ളം കയറി. കക്കയം ഡാം സൈറ്റ് മേഖല ഒറ്റപ്പെട്ടു. തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാനെത്തിയ തൊഴിലാളികള്‍ കക്കയത്ത് കുടുങ്ങി. വയനാട്ടില്‍ മഴ ശക്തമായതോടെ ജനങ്ങള്‍ പ്രതിസന്ധിയിലായി. ചുരം റോഡു കളില്‍ മണ്ണിടിച്ചില്‍ മൂലം ജില്ല ഒറ്റപ്പെട്ടു. ബാണാസുര സാഗര്‍, കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി.
അതീവ ജാഗ്രത (റെഡ് അലര്‍ട്ട്) ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന്
അതി ജാഗ്രത (ഓറഞ്ച് അലര്‍ട്ട്)
കോട്ടയം, എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ ഇന്ന്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ വ്യാഴം വരെ.
കാലാവസ്ഥാ മുന്നറിയിപ്പ്
എല്ലാ ജില്ലകളിലും 60 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള കാറ്റോടുകൂടിയ കനത്ത മഴ ഉണ്ടാകും. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറന്‍ കാറ്റിന്റെ വേഗം ചില അവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ആകാന്‍ സാധ്യതയുള്ളതിനാല്‍ മീന്‍പിടിത്തക്കാര്‍ ജാഗ്രത പാലിക്കണം.
https://www.facebook.com/Malayalivartha
























