പ്രളയക്കെടുതിയില്‍ വിവിധയിടങ്ങളില്‍ നിരവധിപേർ കുടുങ്ങി കിടക്കുന്നു... അടിയന്തര സഹായത്തിനായി 1077ലേക്ക് വിളിക്കൂ; അതിന് ശേഷം ഫോണ്‍ ഓഫ് ആയാലും പ്രശ്‌നമില്ല; ട്രാക്ക് ചെയ്ത് രക്ഷാപ്രവർത്തകർ നിങ്ങളുടെ അരികിലെത്തും

സംസ്ഥാനത്തെ പ്രളയക്കെടുതിയില്‍ വിവിധയിടങ്ങളില്‍ നിരവധിപേർ കുടുങ്ങി കിടക്കുന്നു. കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ പമ്പാതീരത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പ്രളയക്കെടുതിയില്‍ പെട്ടിരിക്കുന്നത് പത്തനംതിട്ടയിലാണെന്നാണ് വിലയിരുത്തല്‍.
സംസ്ഥാനത്ത് പ്രളയത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ അതാതു സ്ഥലങ്ങളിലെ കോഡ് ചേർത്ത് 1077ലേക്ക് വിളിക്കുക. പിന്നീട് ഫോണ്‍ ഓഫ് ആയാലും പ്രശ്‌നമില്ല. മഴക്കെടുതികളില്‍ ഇന്ന് മാത്രം 18 മരണമാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം ഊര്‍ങ്ങാട്ടേരിയില്‍ ഉരുള്‍പൊട്ടലില്‍ രണ്ട് പേര്‍ കൂടി മരിച്ചു. വടക്കാഞ്ചേരിയില്‍ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. നാല് വീടുകള്‍ മണ്ണിനടിയിലായി.
ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പാലക്കാട് ആലത്തൂര്‍ വീഴുമലയില്‍ ഉരുള്‍പൊട്ടി. കല്‍പിനിയില്‍ വീടുതകര്‍ന്ന് ഒരു കുട്ടി മരിച്ചു . കോഴിക്കോട് തിരുവമ്ബാടിയിലും മുക്കത്തും ഉരുള്‍പൊട്ടലുണ്ടായി. തൃശ്ശൂര്‍ പൂമലയില്‍ മണ്ണിടിച്ചിലില്‍ വീടുതകര്‍ന്ന് രണ്ടു പേര്‍ മരിച്ചു.
തൃശ്ശൂര്‍ വെറ്റിലപ്പാറയില്‍ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. തീക്കോയി വെള്ളികുളം ടൗണില്‍ ഉരുള്‍പൊട്ടലില്‍ നാലുപേര്‍ മരിച്ചു . അതീവ ഗുരുതര സാഹചര്യമാണെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കേരളത്തില്‍ മഴക്കെടുതി ആതീവ ഗുരുതരമായ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ വീണ്ടും ഫോണില്‍ വിളിച്ച് സംസാരിച്ചു.
രക്ഷാപ്രവര്‍ത്തനത്തിന് കൂടുതല്‍ കേന്ദ്ര സേനയെയും കൂടുതല്‍ ഹെലികോപ്റ്ററുകളും ആവശ്യപ്പെട്ടു. ആശങ്ക വേണ്ടെന്നും അവസാനത്തെയാളെയും രക്ഷപ്പെടുത്തുമെന്നും സർക്കാർ ഉറപ്പ് നൽകി. സഹായത്തിനായി കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്. ഏത് സഹായത്തിനും കൺട്രോൾ റൂമിൽ ബന്ധപ്പെടാം.
https://www.facebook.com/Malayalivartha
























