ട്രാഫിക് പൊലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ റോഡ് അപകടങ്ങളുടെ അന്വേഷണം, കുറ്റപത്രം തയ്യാറാക്കല്‍, എം.എ.സി.ടി നടപടിക്രമങ്ങള്‍ എന്നീ ചുമതലകളില്‍ നിന്ന് ഇന്നലെ മുതല്‍ ഒഴിവാക്കി, ട്രാഫിക് പൊലീസ് ഇനിമുതല്‍ കേസില്ലാ പോലീസ്

ട്രാഫിക് പൊലീസ് സ്‌റ്റേഷനുകളിലെ ഉദ്യോഗസ്ഥരെ റോഡ് അപകടങ്ങളുടെ അന്വേഷണം, കുറ്റപത്രം തയ്യാറാക്കല്‍, എം.എ.സി.ടി നടപടിക്രമങ്ങള്‍ എന്നീ ചുമതലകളില്‍ നിന്ന് ഇന്നലെ മുതല്‍ ഒഴിവാക്കി. ട്രാഫിക് പൊലീസ് സ്‌റ്റേഷനുകളെ ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റിനും ഗതാഗത നിയന്ത്രണത്തിനും മാത്രമാക്കി മാറ്റി. ട്രാഫിക് പൊലീസ് ഇനിമുതല്‍ കേസില്ലാ പൊലീസാണ്. റോഡപകടങ്ങളുടെ അന്വേഷണച്ചുമതല ലോക്കല്‍ പൊലീസ് സ്‌റ്റേഷനുകള്‍ക്ക് കൈമാറി. അപകടങ്ങള്‍ കുറയ്ക്കാനും ഗതാഗതക്കുരുക്ക് ലഘൂകരിക്കാനും ഗതാഗതം സുഗമമാക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തുന്നത്. ട്രാഫിക് യൂണിറ്റുകളും ട്രാഫിക് പൊലീസ് സ്‌റ്റേഷനുകളും ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് യൂണിറ്റുകളാക്കി പുനര്‍നാമകരണം ചെയ്ത് ആഭ്യന്തര സെക്രട്ടറി സുബ്രതാബിശ്വാസ് ഉത്തരവിറക്കിയിട്ടുണ്ട്.
വാഹനാപകടക്കേസുകളുമായി ബന്ധപ്പെട്ട അന്വേഷണച്ചുമതല ട്രാഫിക് പൊലീസില്‍ നിന്ന് ഒഴിവാക്കിയതിനാല്‍ അപകടം നടന്ന സ്ഥലത്തെ ലോക്കല്‍ പൊലീസ് സ്‌റ്റേഷനിലാവും കേസെടുക്കുക. വാഹനാപകടക്കേസുകളുമായി ബന്ധപ്പെട്ട് കോടതിയിലും മറ്റും ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് പോകേണ്ടി വരുമ്പോള്‍ ഗതാഗത നിയന്ത്രണവുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാകുന്നുണ്ട്.
ട്രാഫിക് പൊലീസ് സ്‌റ്റേഷനുകളെ ഗതാഗത നിയന്ത്രണത്തിലും പരിശോധനയിലും പൂര്‍ണമായി കേന്ദ്രീകരിക്കാന്‍ പര്യാപ്തമാക്കുക ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം. നിലവിലുള്ള കേസുകള്‍ ട്രാഫിക് യൂണി?റ്റുകള്‍ തന്നെ കൈകാര്യം ചെയ്യണം. നിലവില്‍ ജില്ലാ ആസ്ഥാനങ്ങളിലും പ്രധാന നഗരങ്ങളിലുമാണു ട്രാഫിക് പൊലീസ് സ്‌റ്റേഷന്‍ സ്ഥാപിച്ചിട്ടുള്ളത്. ചില നഗരങ്ങളില്‍ മേഖല തിരിച്ച് ഒന്നിലേറെ ട്രാഫിക് പൊലീസ് സ്‌റ്റേഷനുകള്‍ ഉണ്ട്. ഇവിടെയുണ്ടാകുന്ന വാഹനാപകടങ്ങളില്‍ ട്രാഫിക് പൊലീസായിരുന്നു കേസെടുത്തിരുന്നത്.
എന്നാല്‍, ട്രാഫിക് പൊലീസ് സ്‌റ്റേഷനുകളില്ലാത്ത ഗ്രാമ പ്രദേശങ്ങളില്‍ വാഹനാപകടക്കേസുകള്‍ ലോക്കല്‍ പൊലീസാണ് അന്വേഷിച്ചിരുന്നത്.
https://www.facebook.com/Malayalivartha




















