പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതില്‍ നിന്ന് തന്റെ പേര് വെട്ടിയതല്ലെന്ന് മേയര്‍ വിവി രാജേഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്താതിരുന്ന സംഭവത്തില്‍ പ്രതികരണവുമായി മേയര്‍ വി വി രാജേഷ്. തന്റെ പേര് വെട്ടിയതല്ലെന്നും ഇത് അനാവശ്യ വിവാദമാണെന്നും മേയര്‍ വി വി രാജേഷ് പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ രണ്ട് പരിപാടിയിലും മേയറുടെ സാന്നിധ്യം ഉറപ്പാക്കണമായിരുന്നു. അതിനായി പാര്‍ട്ടി തീരുമാനിച്ചപ്രകാരമാണ് മേയര്‍ വിമാനത്താവളത്തില്‍ പോകാതിരുന്നത്. പ്രധാനമന്ത്രിയുടെ വാഹനവ്യൂഹത്തിനൊപ്പം അനുമതി മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും മാത്രമാണെന്നും മേയര്‍ പറഞ്ഞു. ബിജെപിയുടെ കോര്‍പ്പറേഷന്‍ വിജയത്തിന് പിന്നാലെ തിരുവനന്തപുരത്ത് എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ മേയര്‍ ഇല്ലാതിരുന്നത് ചര്‍ച്ചയായിരുന്നു.
ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകര്‍ മുതല്‍ ബിജെപി നേതാക്കള്‍ വരെ വിമാനത്താവളത്തില്‍ മോദിയെ സ്വീകരിക്കാനെത്തിയിരുന്നു. ഇതിലൊന്നും മേയര്‍ വിവി രാജേഷ് ഉണ്ടായിരുന്നില്ല. ഇതോടെയാണ് മേയറുടെ അസാന്നിധ്യം ചര്‍ച്ചയായത്. സുരക്ഷാ കാരണങ്ങളാലാണ് മേയര്‍ വിമാനത്താവളത്തില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കാനെത്താതിരുന്നതെന്നാണ് വിവരം.
സാധാരണ പ്രധാനമന്ത്രി, രാഷ്ട്രപതി പോലുള്ള ഉന്നത സ്ഥാനീയര്‍ തിരുവനന്തപുരത്ത് എത്തുമ്പോള്‍ സ്വീകരിക്കാന്‍ മേയര്‍ പോകുന്നത് പതിവാണ്. തിരുവനന്തപുരത്തെ പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ ബിജെപി മേയര്‍ ഉണ്ടാകുമെന്ന് ഏറെക്കാലമായി ബിജെപി നേതൃത്വം മുഴക്കുന്ന മുദ്രാവാക്യം കൂടിയാണ്. എന്നാല്‍ വന്‍ വിജയം നേടി അധികാരം പിടിച്ച ശേഷം ആദ്യമായി പ്രധാനമന്ത്രി നഗരത്തിലെത്തുമ്പോള്‍ മേയര്‍ ഇല്ലാത്തതിന് കാരണമായി സുരക്ഷാ പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടിയത്.
https://www.facebook.com/Malayalivartha




















