വിദഗ്ദ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് തിരിച്ചു; ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടന്ന് കൊണ്ടിരിക്കേ ഇന്ന് മുതൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കാനുള്ള ചുമതല ഇ.പി.ജയരാജന്

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ദ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് തിരിച്ചതോടെ അദ്ദേഹത്തിന്റെ അഭാവത്തിൽ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ ഇന്നുമുതല്‍ വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജന്‍ സ്വീകരിക്കും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇന്ന് രാവിലെ 10 മുതലായിരിക്കും ഇ.പി ജയരാജന്‍ സംഭാവന സ്വീകരിക്കുക. മുഖ്യമന്ത്രി മടങ്ങിയെത്തുന്നതുവരെ ദുരിതാശ്വാസനിധിയുടെ ചുമതല ഇ.പി ജയരാജനായിരിക്കും. മുഖ്യമന്ത്രിയുടെ വകുപ്പുകളുടെ ചുമതല ഔദ്യോഗികമായി ആര്‍ക്കും നല്‍കിയിട്ടില്ലെങ്കിലും മന്ത്രിസഭാ യോഗങ്ങളില്‍ ഇ.പി.ജയരാജന്‍ അധ്യക്ഷത വഹിക്കും.
ഇന്ന് പുലര്‍ച്ചെ 4.40നുള്ള വിമാനത്തിലാണ് തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് മുഖ്യമന്ത്രി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. ആഗസ്റ്റ് 19ന് പുലര്‍ച്ചെ നിശ്ചയിച്ച യാത്രയാണ് പ്രളയ ദുരന്തം മൂലം മാറ്റിയത്. യാത്ര അയപ്പും മാധ്യമ ബഹളവും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പുറത്താരെയും അറിയിക്കാതെയാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്. മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല വിജയനുമുണ്ട്. ഈ മാസം പകുതിയോടെ മുഖ്യമന്ത്രി തിരിച്ചെത്തും. അതു വരെ അടിയന്തര സാഹചര്യം വന്നാല്‍ മന്ത്രി സഭാ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ചുമതല വ്യവസായ മന്ത്രി ഇ.പി. ജയരാജനായിരിക്കും.
യാത്രയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ശനിയാഴ്ച ഗവര്‍ണറെ കണ്ടിരുന്നു. യാത്രസംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിക്കാനായിരുന്നു ഇത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പ്രളയബാധിതരുടെ പുനരധിവാസത്തിനുമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.
അമേരിക്കയിലേക്ക് തിങ്കളാഴ്ച പോകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ പെട്ടെന്ന് തീരുമാനം മാറ്റി ഇന്ന് പുറപ്പെടുകയായിരുന്നു. അതീവ രഹസ്യമായിട്ടായിരുന്നു ഇന്നത്തെ യാത്രക്കുള്ള തീരുമാനം എടുത്തത്. പൊതുഭരണ വകുപ്പ് സെക്രട്ടറി അടക്കം മൂന്ന് പേര്‍ക്ക് മാത്രമാണ് ഈ കാര്യം അറിയാമായിരുന്നത്.
ചികിത്സയിലാണെങ്കിലും ഇ-ഫയല്‍ സംവിധാനം ഉപയോഗിച്ച് അമേരിക്കയിലിരുന്ന് മുഖ്യമന്ത്രി പിണറായി ഔദ്യോഗിക ഫയലുകള്‍ ഒപ്പിടും.
https://www.facebook.com/Malayalivartha




















